ദിവസവും കഴിക്കുന്ന ഓരോ ഭക്ഷണവും കുടലിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. മൊബൈൽ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുന്നതും പ്രധാന ഭക്ഷണങ്ങൾക്കിടെ ഇടയ്ക്കിടെ മറ്റെന്തെങ്കിലും കൊറിക്കുന്നതുമൊക്കെ കുടലിനെ ബാധിക്കാറുണ്ട്. ഇത്തരത്തിൽ ഉടനടി മാറ്റേണ്ട ചില ശീലങ്ങളേക്കുറിച്ചു പങ്കുവെക്കുകയാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേഥി.
ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് സൗരഭ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. അതിലൊന്ന് മൊബൈൽ സ്ക്രോൾ ചെയ്തുകൊണ്ട് ഭക്ഷണം കഴിക്കുന്ന രീതിയാണ്. ഭക്ഷണം കഴിക്കുന്നയിടത്തുനിന്ന് മൊബൈൽ ഫോൺ മാറ്റിവെക്കുന്നത് തീൻമേശയിലെ മര്യാദ മാത്രമല്ല കുടലിനും ആരോഗ്യകരമാണെന്ന് ഡോ.സൗരഭ് പറയുന്നു. ഫോൺ നോക്കിക്കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ വയറു നിറഞ്ഞുവെന്ന സിഗ്നൽ നൽകാൻ മസ്തിഷ്കം വൈകും. ഇതുമൂലം സാധാരണത്തേക്കാൾ 30% കൂടുതൽ കഴിക്കാനുമിടയാക്കും.
മറ്റൊന്ന് പ്രാതൽ ഒഴിവാക്കുന്ന ശീലമാണ്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് പോലുള്ളവ നല്ലതാണെങ്കിലും അവ ആരോഗ്യംകൂടി പരിഗണിച്ച് വിദഗ്ധ മേൽനോട്ടത്തിലാണ് ചെയ്യേണ്ടതെന്ന് പറയുകയാണ് ഡോ. സൗരഭ്. പ്രാതൽ ഒഴിവാക്കുന്നത് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിനു സമാനമല്ല. അത്തരത്തിൽ രാവിലത്തെ ഭക്ഷണം ഒഴിവാക്കുന്നത് കോർട്ടിസോൾ നില കൂടാനും കുടലിന്റെ ആരോഗ്യം തകരാറിലാവാനും കാരണമാകും.
ഓരോ ഭക്ഷണത്തിനും ശേഷം മധുരം കഴിക്കുന്ന ശീലവും നന്നല്ലെന്ന് ഡോ. സൗരഭ് പറയുന്നു. ഇതിലൂടെ കുടലിലെ സൂക്ഷ്മാണുക്കളുടെ പ്രവർത്തനം താളം തെറ്റും. മധുരം കഴിക്കുന്നതിന്റെ അളവ് പതിയെ കൂടുമെന്നും അദ്ദേഹം പറയുന്നു. കൂടാതെ വേദനാസാംഹാരികളുടെ അനിയന്ത്രിതമായ ഉപയോഗത്തെയും അദ്ദേഹം നിരുത്സാഹപ്പെടുത്തുന്നുണ്ട്. ഇവയും കുടലിലെ ആന്തരിക പാളികളെ നശിപ്പിക്കും.
മലവിസർജനത്തിന് തോന്നലുണ്ടാകുമ്പോൾ വൈകിക്കുന്നതും പ്രശ്നമാണെന്ന് ഡോക്ടർ ഓർമിപ്പിക്കുന്നു. ഓരോസമയവും വൈകിക്കുന്നതിനനുസരിച്ച് കുടൽ ടോയ്ലറ്റിൽ പോകണമെന്ന സിഗ്നൽ നിർത്തും. ഇത് ക്രമേണ മലബന്ധത്തിനും കാരണമാകും. ഇതുകൂടാതെ ഓരോ ഭക്ഷണത്തിന്റെയും ഇടനേരങ്ങളിൽ തുടർച്ചയായി എന്തെങ്കിലും കൊറിച്ചുകൊണ്ടിരിക്കുന്നതും കുടലിന് നന്നല്ല. സ്വയം വൃത്തിയാക്കുന്ന ഭാഗമാണ് കുടൽ. ഭക്ഷണം കഴിക്കാതിരിക്കുന്ന സമയത്താണ് ഈ പ്രവർത്തനം നടക്കുന്നത്. തുടർച്ചയായി കഴിച്ചുകൊണ്ടിരിക്കുന്നതിലൂടെ ഈ പ്രവർത്തനവും തടസ്സപ്പെടും.
ഭക്ഷണം കഴിച്ച് അരമണിക്കൂറിനുള്ളിൽ കിടന്നുറങ്ങുന്നതും കുടലിനെ തകരാറിലാക്കും. ഉറങ്ങുമ്പോഴാണ് കുടൽ സ്വയം വൃത്തിയാക്കുക. ഭക്ഷണം കഴിച്ചയുടൻ ഉറങ്ങുന്നതിലൂടെ ദഹനം തകരാറിലാവും.
Content Highlights: Bad Habits That Damage Gut Health & How to Fix Them. Eating while scrolling on mobile leads to overeating and delays brain signals of fullness., Skipping breakfast can increase cortisol levels and harm gut health.
Published: 09 Aug 2026, 03:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented