പ്രശസ്ത കൊറിയൻ പോപ് ​​ഗ്രൂപ്പായ ഇറ്റിസിയിലെ അം​ഗം ലിയയ്ക്ക് ഉത്കണ്ഠാരോ​ഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെ.വൈ.പി. ആണ് ഇക്കാര്യം പുറത്തുവിട്ടത്. സാമൂഹികമാധ്യമത്തിലൂടെ ലിയയും തന്റെ ഉത്കണ്ഠാരോ​ഗത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. 

To advertise here,

ലിയ കടുത്ത സമ്മർദവും ഉത്കണ്ഠയും അനുഭവിക്കുകയായിരുന്നുവെന്നും ഉത്കണ്ഠാരോ​ഗം സ്ഥിരീകരിച്ചുവെന്നും ഏജൻസി വ്യക്തമാക്കി. ഇറ്റ്സിയുടെ പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. ആരോ​ഗ്യത്തിന് മുൻതൂക്കം നൽകുന്നത് മുൻനിർത്തി വരാനിരിക്കുന്ന ലോകപര്യടനത്തിൽ നിന്നും ലിയ വിട്ടുനിൽക്കുകയാണ്. 

ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോ​ഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും വ്യക്തമാക്കി. 

ആങ്സൈറ്റി അറ്റാക്ക്

ജീവിതത്തിൽ വല്ലപ്പോഴുമൊക്കെ ഉത്കണ്ഠ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ കൂടെക്കൂടെ സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ ഭയവും ആശങ്കയുമൊക്കെ തോന്നുന്ന സ്ഥിതിവിശേഷമാണിത്. ദൈനംദിനപ്രവർത്തികൾ ചെയ്തുതീർക്കാൻ ബുദ്ധിമുട്ടു നേരിടുന്നവിധത്തിൽ ഉത്കണ്ഠ ജീവിതത്തെ ബാധിച്ചാൽ വിദ​ഗ്ധചികിത്സ നേടണം. 

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോ​ഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണവ. 

പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോ​ഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ്നേരം നീണ്ടുനിൽക്കാം. 

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അ​ഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിം​ഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോ​ഗങ്ങളാണ്. 

പ്രിയപ്പെട്ടവരുമായി അകന്നു നിൽക്കുമ്പോൾ അനുഭവപ്പെടുന്ന ഭയവും ആശങ്കയുമാണ് സെപ്പറേഷൻ ആങ്സൈറ്റി എന്ന ഉത്കണ്ഠാരോ​ഗം. ഇതും തക്കസമയത്ത് തിരിച്ചറിഞ്ഞ് മതിയായ ചികിത്സ തേടേണ്ടതാണ്. 

കൃത്യമായ രോ​ഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോ​ഗങ്ങളെ മറികടക്കാം. മരുന്നുപയോ​ഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രദമാണ്. 

ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ

  • കടുത്ത മാനസികപിരിമുറുക്കവും ഭയവും
  • അപകടകരമായ എന്തോ വരാൻ പോകുന്നുവെന്ന തോന്നൽ
  • ഹൃദയമിടിപ്പും ശ്വസനനിരക്കും കൂടുന്നത്
  • വിയർപ്പ്
  • വിറയ്ക്കുക
  • വളരെയധികം ക്ഷീണം അനുഭവപ്പെടുക
  • ഉറക്കക്കുറവ്
  • ​ഗ്യാസ്ട്രിക് സംബന്ധമായ പ്രശ്നങ്ങൾ
  • ഭയവും ആശങ്കയും നിയന്ത്രിക്കാൻ കഴിയാതാവുക
  • ഉത്കണ്ഠയുണ്ടാക്കിയേക്കാവുന്ന കാര്യങ്ങൾ ഒഴിവാക്കാനുള്ള തോന്നൽ

ഡോക്ടറെ കാണേണ്ടതെപ്പോൾ? 

  • നിയന്ത്രിക്കാനാവുന്നതിലപ്പുറം ഭയം അനുഭവപ്പെടുകയും ജോലിയേയും ബന്ധങ്ങളേയും ജീവിതത്തിലെ മറ്റുകാര്യങ്ങളേയും ബാധിക്കുന്നുവെന്ന് തോന്നുമ്പോൾ.
  • നിയന്ത്രണാതീതമായ രീതിയിൽ ഭയവും ആശങ്കയും ഉത്കണ്ഠയും അനുഭവപ്പെടുമ്പോൾ.
  • കടുത്ത നിരാശ അനുഭവപ്പെടുകയും ലഹരിയോട് ആസക്തി തോന്നുകയും ചെയ്യുമ്പോൾ
  • ആത്മഹത്യാചിന്തകൾ തോന്നുമ്പോൾ