ക്ടോബര്‍ സ്തനാര്‍ബുദ ബോധവത്ക്കരണ മാസമായി ആചരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സ്തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടോയെന്ന് കണ്ടെത്തുന്നതിന് ഒരു റിസ്‌ക്ക് കാല്‍ക്കുലേറ്റര്‍ വികസിപ്പിച്ചിരിക്കുകയാണ് മലയാളി ഡോക്ടര്‍ ദമ്പതിമാര്‍.

തിരുവനന്തപുരം ശ്രീ ഗോകുലം മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസര്‍ ഡോ. റെജി ജോസും ഭര്‍ത്താവ് റീജണല്‍ കാന്‍സര്‍ സെന്ററിലെ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം മേധാവിയായ ഡോ. പോള്‍ അഗസ്റ്റിനുമാണ് ഇത് വികസിപ്പിച്ചത്.

സ്തനാര്‍ബുദ സാധ്യത കണ്ടെത്തുന്നതില്‍ ഗെയില്‍ മോഡലിന്റെ പ്രവര്‍ത്തനശേഷിയെ സംബന്ധിച്ചുള്ള പഠനം നടത്തിയതാണ് ഈ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്. ഡോ. റെജി ജോസ് 2003-2005 കാലത്ത് നടത്തിയ ഗവേഷണത്തിന്റെ ഭാഗമായാണ് ഗെയില്‍ മോഡലിന്റെ പ്രവര്‍ത്തനശേഷിയെക്കുറിച്ച് പഠിച്ചത്. ഗെയില്‍ മോഡലിന്റെ സംവേദനക്ഷമത 14.2 ശതമാനമായിരുന്നു. അതിനാല്‍ മുന്‍കൂട്ടി രോഗസാധ്യത നിര്‍ണയിക്കുന്നതില്‍ അത് പോരാ എന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു.

ഏഴു ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് തയ്യാറാക്കുന്നത്. സ്ത്രീകളുടെ പ്രായം, ആര്‍ത്തവം ആരംഭിച്ച പ്രായം, ആദ്യ പ്രസവത്തിന്റെ പ്രായം, പ്രസവത്തിന്റെ എണ്ണം, മുലയൂട്ടല്‍ വിശദാംശങ്ങള്‍, അടുത്ത ബന്ധുക്കളില്‍ സ്തനാര്‍ബുദമുള്ളവര്‍ എത്ര പേര്‍, ഇതുവരെ സ്തനങ്ങളില്‍ എത്ര ബയോപ്സി ചെയ്തു എന്നിവയാണ് ചോദ്യങ്ങള്‍.

ഇതിന് നല്‍കുന്ന ഉത്തരങ്ങളുടെ അടിസ്ഥാനത്തില്‍ റിസ്‌ക്ക് കാല്‍ക്കുലേറ്റര്‍ ഓരോരുത്തര്‍ക്കും ഓരോ സ്‌കോര്‍ നല്‍കും. സ്തനാര്‍ബുദം നേരത്തെ കണ്ടെത്താന്‍ ഏത് തരം പരിശോധന എത്ര തവണ ചെയ്യണമെന്ന് ഈ സ്‌കോര്‍ വഴി അറിയാനാകും.

മുപ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളിലാണ് ഇത് കൃത്യമായ ഫലം നല്‍കുക.

റിസ്‌ക്ക് കാല്‍ക്കുലേറ്ററില്‍ ഉയര്‍ന്ന സ്‌കോര്‍ ലഭിക്കുന്നവര്‍ കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിങ്ങുകള്‍, മെഡിക്കല്‍ പരിശോധനകള്‍ എന്നിവ നടത്തണം.

സ്തനങ്ങളുടെ സ്വയം പരിശോധനയും സ്തനാര്‍ബുദ സ്‌ക്രീനിങ്ങും ഈ സ്‌കോര്‍ കുറഞ്ഞവരും ചെയ്യണം.

മുപ്പത് വയസ്സ് മുതല്‍ സ്തനാര്‍ബുദ രോഗനിര്‍ണയത്തിനുള്ള പരിശോധനകള്‍ നടത്തണമെന്ന് ഈ ഡോക്ടര്‍മാര്‍ പറയുന്നു. ചെറിയ രോഗസാധ്യതയുള്ളവര്‍ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെയുള്ള സമയത്ത് പരിശോധന നടത്തണം. കൃത്യമായ ഇടവേളകളില്‍ മാമോഗ്രാം നടത്തുന്നതും നല്ലതാണ്. കേരളത്തില്‍ സ്തനാര്‍ബുദം ബാധിക്കുന്ന സ്ത്രീകളില്‍ അമ്പത് ശതമാനം പേരും അമ്പത് വയസ്സിന് താഴെയുള്ളവരാണെന്ന് ഡോ. റെജി പറയുന്നു. എന്നാല്‍ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ നല്‍കിയാല്‍ സ്തനാര്‍ബുദം 90 ശതമാനവും ഭേദമാകും.

Content Highlights: Is it possible to get breast cancer Malayalee doctor couple developed risk calculator, Health