കാപ്പിയുടെ ആരോഗ്യഗുണങ്ങളേക്കുറിച്ച് അടുത്തിടെ ഒരു കാൻസർരോഗവിദഗ്ധ പങ്കുവെച്ചിരുന്നു. കരൾ രോഗങ്ങളെ പ്രതിരോധിക്കുന്നതിലും അർബുദ പ്രതിരോധത്തിനുമൊക്കെ കാപ്പി മികച്ചതാണെന്ന് പഠനം പറഞ്ഞിരുന്നു. ഇപ്പോഴിതാ സ്തനാർബുദം മൂലമുള്ള മരണത്തെ പ്രതിരോധിക്കുന്നതിൽ കാപ്പിയുടെ പങ്ക് വ്യക്തമാക്കുകയാണ് പുതിയൊരു പഠനം.
ബ്രിട്ടീഷ് ജേർണൽ ഓഫ് ന്യൂട്രീഷനിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കാപ്പിയിടെ പോളിഫിനോൾ എന്ന ഘടകം സ്തനാർബുദമരണങ്ങൾക്കുള്ള സാധ്യതയും വീണ്ടും സ്തനാർബുദം വരാനുള്ള സാധ്യതയും കുറയ്ക്കുമെന്ന് ഗവേഷകർ പറയുന്നു. സ്തനാർബുദം സ്ഥിരീകരിച്ച 95 സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. പതിനഞ്ചുവർഷത്തോളം നീണ്ട പഠനകാലയളവിൽ കാപ്പികുടിക്കുന്നതിലൂടെ പോളിഫിനോൾ ശരീരത്തിലെത്തുന്നതും വിലയിരുത്തി. തുടർന്നാണ് പോളിഫിനോൾ സ്തനാർബുദമരണ സാധ്യതയും വീണ്ടും രോഗംവരാനുള്ള സാധ്യതയും കുറയ്ക്കുന്നുവെന്ന് ഗവേഷകർ കണ്ടെത്തിയത്.
ഓക്സിഡേറ്റീവ് സ്ട്രെസ്, വിട്ടുമാറാത്ത വീക്കം , ഇൻസുലിൻ സംവേദനക്ഷമത, പ്രതിരോധ സംവിധാനത്തിലെ സിഗ്നലിങ്, കോശങ്ങൾ തമ്മിലുള്ള ആശയവിനിമയം എന്നിവയുൾപ്പെടെ കാൻസർ അതിജീവനവുമായി ബന്ധപ്പെട്ട നിരവധി പ്രക്രിയകളെ പോളിഫിനോളുകൾ സ്വാധീനിക്കുന്നുണ്ടെന്നും ഇതുവഴി സ്തനാർബുദമരണസാധ്യത കുറയ്ക്കുമെന്നുമാണ് ഗവേഷകർ പറയുന്നത്.
അതേസമയം പോളിഫിനോളുകളുടെ ഉപഭോഗം വർധിപ്പിക്കുന്നതിലൂടെ രോഗം വീണ്ടും വരുന്നത് തടയുമെന്നോ ആയുസ്സ് നീട്ടിക്കിട്ടാൻ സഹായിക്കുമെന്നോ ഉറപ്പിച്ചു പറയാനാവില്ലെന്ന മറുവാദവും ഉയരുന്നുണ്ട്. സ്തനാർബുദത്തിന്റെ ഉപവിഭാഗം, രോഗാവസ്ഥയുടെ ഘട്ടം, നിലവിലുള്ള ചികിത്സാ രീതികൾ, ചികിത്സാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കൽ, ശരീരഭാരം, ശാരീരിക പ്രവർത്തനങ്ങൾ, മറ്റ് അനുബന്ധ രോഗങ്ങൾ, സാമൂഹിക-സാമ്പത്തിക ഘടകങ്ങൾ എന്നിവയെല്ലാം പഠനങ്ങളിൽ കൃത്യമായി പരിഗണിക്കണമെന്നും എന്നാൽ മാത്രമേ കാപ്പിയുടെ ഉപയോഗവും സ്തനാർബുദ അതിജീവനവും തമ്മിലുള്ള യഥാർഥബന്ധം വ്യക്തമാക്കാനാവൂ എന്നും വിമർശകർ പറയുന്നു.
മിതമായ അളവിൽ കാപ്പി കുടിക്കുന്ന, ആരോഗ്യമുള്ള മുതിർന്നവരിൽ കൊറോണറി ഹൃദ്രോഗം, പക്ഷാഘാതം, ഹൃദയസ്തംഭനം, ഏട്രിയൽ ഫൈബ്രിലേഷൻ, രക്താതിസമ്മർദം, ടൈപ്പ്-2 പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത താരതമ്യേന കുറവാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എ.എച്ച്.എ.). സർക്കുലേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറഞ്ഞിരുന്നു. ഏകദേശം 400 മില്ലിഗ്രാംവരെ കഫീൻ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത വർധിപ്പിക്കില്ലെന്നാണ് വിവിധ പഠനങ്ങളുടെ അവലോകനത്തിൽ കണ്ടെത്തിയത്.കഫീനോടുള്ള ശരീരത്തിന്റെ പ്രതികരണം ആളുകൾക്കനുസരിച്ച് വ്യത്യാസപ്പെടുന്നതിനാൽ ഗർഭിണികൾ, ഹൃദ്രോഗം നേരത്തേയുള്ളവർ തുടങ്ങിയവരൊക്കെ ഡോക്ടറുടെ നിർദേശപ്രകാരമേ കാപ്പിയുടെ അളവ് നിശ്ചയിക്കാവൂ എന്നും എ.എച്ച്.എ. പറഞ്ഞിരുന്നു.
Content Highlights: Coffee consumption helps reduce the risk of breast cancer mortality and recurrence., Polyphenols found in coffee positively influence cancer survival processes.
Published: 17 Aug 2026, 03:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented