തന്റെ ആദ്യത്തെ ​ഗർഭകാലത്ത് നേരിടേണ്ടിവന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികളെക്കുറിച്ച് തുറന്നുസംസാരിച്ച നടിയാണ് ഇല്യാന ഡി ക്രൂസ്. പ്രസവാനന്തര വിഷാദം, ഉറക്കമില്ലാത്ത രാത്രികൾ, ആത്മവിശ്വാസക്കുറവ് എന്നിവയെല്ലാം ബാധിച്ചിരുന്നതായി അവർ പറഞ്ഞിരുന്നു. ഇപ്പോഴിതാ, രണ്ടാമത്തെ കുഞ്ഞിനെ വരവേറ്റപ്പോൾ കാര്യങ്ങൾ എത്രത്തോളം വ്യത്യസ്തമായിരുന്നുവെന്ന് പറയുകയാണ് ഇല്യാന. എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം തുറന്നുപറഞ്ഞത്. 

To advertise here,

'ആദ്യത്തെ തവണ നിങ്ങൾ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയായിരിക്കും. എന്നാൽ, രണ്ടാമത്തെ തവണ കുഞ്ഞിന്റെ കാര്യം മാത്രം നോക്കിയാൽ പോര. മുതിർന്ന കുട്ടിയേയും പരിപാലിക്കണം. അവിശ്വസനീയമാംവിധം കഠിനമായിരുന്നു കാര്യങ്ങൾ. എന്ത് സംഭവിക്കുമെന്ന് ധാരണയുണ്ടായിരുന്നെങ്കിലും മാനസികമായി വളരെ ബുദ്ധിമുട്ടി. ഒരു കുഞ്ഞിനെ വളർത്താൻ ഒരു നാട് മുഴുവൻ വേണമെന്ന് പറയുന്നത് ശരിയാണ്', ഇല്യാന പറഞ്ഞു. 

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ
പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന  സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻറെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും. 

വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കാൺസിലിംഗ്‌, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധൻറെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോ​ഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്. 

ആവശ്യമായ മുൻകരുതലുകൾ
പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദ​ഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവ​ഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോ​ഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്. 

  1. തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം. 
  2. വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും. 
  3. ആശയവിനിമയം -  സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.
  4. നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.