ആരോഗ്യമേഖലയിൽ അത്യാവശ്യവും പലപ്പോഴും അവഗണിക്കപ്പെടുന്നതുമായ വിഷയമാണ് മാതൃകാല മാനസികാരോഗ്യ സംരക്ഷണമെന്ന് രാജ്യസഭാ എം.പി. സുധ മൂർത്തി. പ്രസവത്തിനു ശേഷമുള്ള മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകളെ കണ്ടെത്തുന്നതിനും അവരെ സഹായിക്കുന്നതിനുമായി ദേശീയനയവും പരിശോധനാ സംവിധാനവും കൊണ്ടുവരുന്ന കാര്യം കേന്ദ്ര സർക്കാർ പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
രാജ്യസഭയിൽ പ്രത്യേക പരാമർശവേളയിൽ സംസാരിക്കവെയാണ് സുധ മൂർത്തി ഇക്കാര്യങ്ങൾ പറഞ്ഞത്. ഇന്ത്യയിലെ പുതിയ അമ്മമാരിൽ അഞ്ചിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നുണ്ടെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നതായും സുധ മൂർത്തി പറഞ്ഞു. പ്രസവത്തിനു ശേഷമുള്ള കടുത്ത വിഷാദം, ഉത്കണ്ഠ, അത്യധികം ക്ഷീണം എന്നിവ ഇതിൽ ഉൾപ്പെടാം.
എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ ?
പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.
വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കൗൺസിലിംഗ്, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.
ആവശ്യമായ മുൻകരുതലുകൾ
പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.
തെറാപ്പി - വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.
വ്യായാമം - പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.
ആശയവിനിമയം - സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.
നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.
Content Highlights: 1 in 5 new mothers in India experiences postpartum depression., Rajya Sabha MP Sudha Murty called for a national policy and screening system., Postpartum depression symptoms include severe sadness, anxiety, and extreme fatigue.
Published: 12 Aug 2026, 05:35 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented