പ്രസവാനന്തരവിഷാദം എന്ന വിഷയം ചർച്ചകളിൽ വന്നുതുടങ്ങിയിട്ട് അധികകാലമായില്ല. പ്രസവാനന്തരം സ്ത്രീകൾ നേരിടുന്ന മാനസികപ്രശ്നങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ട കാലമാണിത്. പ്രസവശേഷം കടന്നുപോയ മാനസികാവസ്ഥയേക്കുറിച്ച് പങ്കുവെക്കുകയാണ് ഹിന്ദി ടെലിവിഷൻ താരമായ നടി റുബിന ദിലൈക്. ഹോർമോണുകൾ വികാരങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്ന കാലമാണതെന്നും അതിലൂടെ കടന്നുപോകുന്ന ആളുകൾക്ക് മാത്രമേ യഥാർഥ അവസ്ഥ മനസ്സിലാവൂ എന്നും റുബിന പറയുന്നു.

To advertise here,

ബോളിവുഡ് ബബിളിന് നൽകിയ അഭിമുഖത്തിനിടെയാണ് റുബിന ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഫെബ്രുവരി വരെ താൻ വളരെ വിഷാദത്തിലായിരുന്നു. തന്റെ വ്യക്തിത്വത്തെക്കുറിച്ചുപോലും സംശയങ്ങളുണ്ടായിരുന്നു. നവംബർ, ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങൾ തന്റെ പ്രസവശേഷമുള്ള ഏറ്റവും ദുഷ്കരമായ ഘട്ടങ്ങളായിരുന്നുവെന്നും റുബിന പറയുന്നുണ്ട്. ഈ അവസ്ഥയുമായി താരതമ്യപ്പെടുത്തുമ്പോൾ വിഷാദരോഗം നിസ്സാരമായി തോന്നുമെന്നും റുബിന പറയുന്നു.

താൻ വിഷാദവും പ്രസവശേഷമുള്ള മാനസികപ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ട്. രണ്ടാമത്തേതിനേക്കുറിച്ച് ആളുകൾ അധികം സംസാരിക്കാറില്ല. പ്രസവശേഷമുള്ള അവസ്ഥയെക്കുറിച്ച് സംസാരിക്കുന്ന ഒരു സ്ത്രീയെ നിസ്സാരമായി കാണുന്നവർ അത്തരം അനുഭവങ്ങളിലൂടെ കടന്നുപോവാത്തവർ ആകുമെന്നും റുബിന പറയുന്നു.

അവനവനെത്തനെന ഇഷ്ടപ്പെടാതിരിക്കുക, പുറത്ത് പോകാനും സാമൂഹികമായി ഇടപഴകാനും താല്പര്യമില്ലാതിരിക്കുക എന്നിവയൊക്കെ അനുഭവപ്പെടുന്ന കാലമാണത്. ഹോർമോണുകൾ ഏറ്റവും മോശം അവസ്ഥയിലും ഏറ്റവും താഴ്ന്ന നിലയിലുമായിരിക്കും. രാവിലെ ഉണരാൻ പോലും താൽപര്യമുണ്ടാവില്ല.- റുബിന പറയുന്നു.

ഈ ഘട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളെ ഭ്രാന്തിയെന്നും അമിതമായി കാണിക്കുന്നുവെന്നുമൊക്കെ മുദ്രകുത്തുന്നുവരുണ്ടെന്നും റുബിന പറയുന്നുണ്ട്. ഈ യാത്രയിലുടനീളം ഭർത്താവ് അവിനാഷ് പിന്തുണച്ചില്ലായിരുന്നെങ്കിൽ കാര്യങ്ങൾ വ്യത്യസ്തമായിരുന്നേനെയെന്നും നടി കൂട്ടിച്ചേർത്തു.

2018 ജൂണിൽ ഷിംലയിൽ വെച്ചാണ് റൂബിനയും അവിനാഷും വിവാഹിതരായത്. 2023 നവംബറിൽ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നു.

എന്താണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ

പ്രസവശേഷം അമ്മമാരിൽ കാണപ്പെടുന്ന വിഷാദാവസ്ഥയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷൻ. ആദ്യ പ്രസവത്തിന് ശേഷമാണ് സാധാരണയായി ഈ അസുഖം കാണപ്പെടുന്നത്. സാധാരണ വിഷാദരോഗത്തിൽ കാണുന്ന സങ്കടം, ഉറക്കമില്ലായ്മ, ക്ഷോഭം തുടങ്ങിയ പ്രശ്നങ്ങൾ തന്നെയാണ് പോസ്റ്റ്പാർട്ടം ഡിപ്രഷന്‍റെ കാര്യത്തിലും ഉണ്ടാകുന്ന ലക്ഷണങ്ങൾ. കൂടാതെ, കുഞ്ഞിനെയും അമ്മയെയും സംബന്ധിക്കുന്ന ആശങ്കകളും സങ്കടങ്ങളുമെല്ലാം ഈ അവസ്ഥയിൽ കാണാറുണ്ട്. കുഞ്ഞിന്റെ കാര്യങ്ങളിൽ കടുത്ത ഉത്കണ്ഠയുമുണ്ടാകും.

വിഷാദത്തിന്റെ തോത് അനുസരിച്ചാണ് വിഷയത്തിൽ ഏത് രീതിയിലുള്ള ചികിത്സയാണ് നൽകേണ്ടത് എന്ന് തീരുമാനിക്കേണ്ടത്. കൃത്യസമയത്ത് വിഷാദം കണ്ടെത്തേണ്ടത് അനിവാര്യമാണ്. അത്ര കഠിനമല്ലെങ്കിൽ കൗൺസിലിംഗ്‌, സൈക്കോതെറാപ്പി എന്നിവ മതിയാകും. എന്നാൽ, പല കേസുകളിലും ഒരു മനോരോഗ വിദഗ്ധന്‍റെ ചികിത്സ തന്നെ ഇവർക്ക് ആവശ്യമായി വരാം. പങ്കാളിയും വീട്ടിലുള്ള മറ്റുള്ളവരും ഈ ഘട്ടത്തിൽ രോഗിയെ നന്നായി പരിചരിക്കേണ്ടതുമുണ്ട്.

ആവശ്യമായ മുൻകരുതലുകൾ

പ്രസവശേഷം അമ്മമാരിൽ ഏത് രീതിയിലുള്ള മാനസിക പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാലും ഒരു വിദഗ്ധ ഡോക്ടറുടെ സഹായം തേടേണ്ടത് അത്യാവശ്യമാണ്. ഒരു കാരണവശാലും ഇത്തരം പ്രശ്നങ്ങളെ അവഗണിക്കുകയോ ചികിത്സ വൈകിപ്പിക്കുകയോ ചെയ്യരുത്. പ്രസവാനന്തരം അമ്മമാരുടെ മാനസികാരോഗ്യത്തിന് കൂടുതൽ പ്രധാന്യവും നൽകേണ്ടതുണ്ട്.

തെറാപ്പി- വിഷാദമുണ്ടെന്ന് തോന്നുന്നപക്ഷം മനഃശാസ്ത്ര വിദഗ്ധനെ കണ്ട് പരിശോധന നടത്തണം. അവരുടെ നിർദേശപ്രകാരം തെറാപ്പി ചെയ്യാം.

വ്യായാമം- പതിവായി വ്യായാമം ചെയ്യുന്നത് മനസിനും ശരീരത്തിനും നല്ലതാണ്. സന്തോഷത്തിന് കാരണമാകുന്ന സെറോടോണിൻ, ഡോപമിൻ പോലെയുള്ള ഹോർമോണുകളെ ഉത്പാദിപ്പിക്കാനും ഇതിലൂടെ സാധിക്കും.

ആശയവിനിമയം- സംസാരിക്കുകയും ആശയങ്ങൾ കൈമാറുകയും ചെയ്യുന്നത് നല്ലതാണ്. നല്ല പുസ്തകങ്ങൾ വായിക്കുക, ഒരു വ്യക്തി അയാളുമായിതന്നെ ആശയവിനിമയം നടത്തുക.

നല്ല ഭക്ഷണരീതി- നല്ല ഭക്ഷണരീതിയുണ്ടാക്കുക. സമീകൃതാഹാരം കഴിക്കുക. ആരോഗ്യസ്ഥിതിക്ക് അനുസരിച്ചുള്ള ഭക്ഷണ ക്രമീകരണം നടത്തുക. ഡോക്ടറുടെ നിർദേശാനുസരണമുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കുക.