അടുത്തിടെയാണ് ഹിന്ദി ടെലിവിഷൻ താരം ഹിന ഖാൻ കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ച് പങ്കുവെച്ചത്. സ്തനാർബുദമാണെന്നും മൂന്നാംഘട്ടമാണെന്നും താരം കുറിച്ചിരുന്നു. പുരസ്കാരനിശയിൽ നിന്ന് നേരെ കീമോതെറാപ്പിക്ക് പോകുന്നതിന്റെ വീഡിയോയും താരംപങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഹിന. കീമോതെറാപ്പിക്ക് മുമ്പായി തന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഒരു കണ്ണാടിക്ക് മുന്നിലിരുന്ന് ഹിന ഹെയർകട്ടിനായി തയ്യാറെടുക്കുന്നതിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പശ്ചാത്തലത്തിൽ ഹിനയുടെ അമ്മ കരയുന്നതിന്റെ ശബ്ദവും കേൾക്കാം. ശേഷം ആദ്യം താരത്തിനേക്കൊണ്ടുതന്നെ മുടി മുറിക്കാൻ അനുവദിക്കുന്നത് വീഡിയോയിൽ കാണാം. മനോഹരമായ കുറിപ്പോടെയാണ് താരം ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇതുവരെ സങ്കൽപിച്ചിട്ടുപോലുമില്ലാത്ത ഒന്നിന് സാക്ഷ്യം വഹിക്കുന്നതിന്റെ സങ്കടത്തിലാണ് തന്റെ അമ്മയെന്ന് ഹിന കുറിക്കുന്നു. ഇതേ പോരാട്ടം നടത്തുന്ന സ്ത്രീകളോട്, ഇത് കഠിനമാണെന്ന് തനിക്കറിയാമെന്നും ഹിന പറയുന്നു. നമുക്കെല്ലാവർക്കും നമ്മുടെ മുടിയാണ് ഒരിക്കലും അഴിക്കാത്ത കിരീടം എന്നറിയാം. പക്ഷേ നിങ്ങളുടെ മുടി കൊഴിഞ്ഞുപോകും വിധത്തിൽ കഠിനമായ പോരാട്ടത്തെ നേരിടേണ്ടി വരുമ്പോൾ മറ്റെന്തു ചെയ്യാനാണ് കഴിയുകയെന്നും വിജയിക്കണമെങ്കിൽ ചില കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ഹിന കുറിക്കുന്നു.
ഈ പോരാട്ടം വിജയിക്കാൻ തന്നേക്കൊണ്ടാവും വിധം എല്ലാം ചെയ്യും. തന്റെ മനോഹരമായ മുടികൊഴിയുംമുമ്പു തന്നെ അവ മുറിച്ചുമാറ്റാനാണ് തീരുമാനിച്ചത്. ആഴ്ചകളോളം ഈ മാനസികസമ്മർദം സഹിക്കാനാവില്ല. അതുകൊണ്ടാണ് മുടി നീക്കം ചെയ്യാൻ ശ്രമിച്ചതെന്നും യഥാർഥ കിരീടം ധൈര്യവും കരുത്തും അവനവനോടുള്ള സ്നേഹവുമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും ഹിന പറയുന്നു.
മുടി വീണ്ടും വളരും, പുരികങ്ങൾ തിരിച്ചുവരും, മുറിപ്പാടുകൾമായും, പക്ഷേ ഊർജം പൂർണമായും നിലനിൽക്കുമെന്നും താരം കുറിച്ചു. ആർക്കെങ്കിലും തന്റെ അനുഭവം പ്രചോദനമാകാൻ കഴിയുമെങ്കിൽ എന്നോർത്താണ് ഈ യാത്രയേക്കുറിച്ച് പങ്കുവെക്കുന്നതെന്നും താരം കുറിക്കുന്നുണ്ട്.
അവാർഡ് ഷോയിൽ നിന്നു നേരെ ആദ്യത്തെ കീമോതെറാപ്പി സെഷനുവേണ്ടി ആശുപത്രിയിലേക്ക് പോയതിനേക്കുറിച്ച് കഴിഞ്ഞദിവസമാണ് ഹിന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കാൻസർ സ്ഥിരീകരിച്ചതിനേക്കുറിച്ച് അറിഞ്ഞതിനുശേഷമുള്ള പുരസ്കാരരാത്രിയാണ് ഇതെന്നും എന്നാൽ അതിനെ മനപ്പൂർവം സാധാരണവൽക്കരിക്കാനാണ് തീരുമാനിച്ചതെന്നും ഹിന കുറിച്ചു. ഈ ദിവസമാണ് എല്ലാം മാറ്റിമറിച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളികൾ നിറഞ്ഞ ഘട്ടത്തിന്റെ തുടക്കം കുറിച്ച ദിനമാണിത്. നമ്മൾ വിശ്വസിക്കുന്നതാണ് നാം ആയിത്തീരുക, ഇത് സ്വയം അവനവനെ കണ്ടുപിടിക്കാനുള്ള വെല്ലുവിളിയായി കാണാനാണ് താൻ തീരുമാനിച്ചത്. പോസിറ്റീവായി നേരിടാനും ഈ അനുഭവത്തെ സാധാരണവൽക്കരിക്കാനുമാണ് തീരുമാനിച്ചത്. തന്നെ സംബന്ധിച്ചിടത്തോളം ജോലിയോടുള്ള പ്രതിബദ്ധതയും കലയും അഭിനിവേശവും പ്രചോദനവുമൊക്കെ പ്രധാനമാണ്. രോഗത്തിനുമുന്നിൽ മുട്ടുകുത്താൻ തനിക്ക് കഴിയില്ല എന്നും ഹിന കുറിച്ചു.
ആരോഗ്യ സംബന്ധമായ വാര്‍ത്തകളും ആര്‍ട്ടിക്കിളുകളും വായിക്കാന്‍ വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യൂ
സ്തനാർബുദം- സ്വയം പരിശോധന എപ്പോൾ?
കൃത്യമായ മാസമുറ ഉള്ള സ്ത്രീകൾ, മാസമുറ കഴിഞ്ഞാൽ ഉടനെയും അതില്ലാത്തവർ ഒരുമാസത്തോളം വരുന്ന കൃത്യമായ ഇടവേളയിലും സ്വയം പരിശോധന നടത്തണം.
എങ്ങനെ പരിശോധിക്കണം?
കണ്ണാടിയുടെ മുന്നിൽ നിന്ന് മാറിടങ്ങൾ നിരീക്ഷിക്കുക, വലിപ്പത്തിലുള്ള വ്യത്യാസം, മുലക്കണ്ണുകളിൽ വരുന്ന വ്യത്യാസം, പ്രകടമായ മുഴകൾ, കക്ഷ ഭാഗത്തെ മുഴകൾ, മാറിടത്തിലെ നിറവ്യത്യാസം എന്നിവ കാൻസർകൊണ്ട് ഉള്ളതല്ലെന്ന് തീർച്ചപ്പെടുത്തേണ്ടതുണ്ട്.
കക്ഷ ഭാഗങ്ങളും കൈയുടെ പ്രതലം ഉപയോഗിച്ച് രണ്ടു മാറിടങ്ങളും പരിശോധിക്കണം. മുഴകൾ വളരെ ചെറിയ ദിശയിൽ തന്നെ ഇങ്ങനെ കണ്ടുപിടിക്കാൻ കഴിയും. മുലക്കണ്ണുകൾ അമർത്തി പരിശോധിച്ചാൽ സ്രവം ഉണ്ടെങ്കിൽ അതും കണ്ടുപിടിക്കാം.
ആരംഭദശയിൽതന്നെ സ്വയം പരിശോധനയിലൂടെ കണ്ടുപിടിക്കാം എന്നതാണ് സ്തനാർബുദത്തിനെ മറ്റു കാൻസറിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ആരംഭദശയിലേ കണ്ടുപിടിച്ചാൽ 100 ശതമാനവും ചികിത്സിച്ചു ഭേദമാക്കാം. സ്റ്റേജ് ഒന്നിലും രണ്ടിലും കണ്ടുപിടിക്കപ്പെടുന്ന കാൻസർ മരണകാരണമാകുന്നില്ല. എന്നാൽ 4, 5 സ്റ്റേജിൽ കണ്ടുപിടിക്കപ്പെടുന്ന സ്തനാർബുദം, അഞ്ച് മുതൽ 10 വർഷം കഴിയുമ്പോൾ മരണ കാരണമായേക്കാം. ഇത്തരക്കാരിൽ ഓപ്പറേഷനോടൊപ്പം കീമോതെറാപ്പിയും റേഡിയേഷൻ ചികിത്സയും തുടർചികിത്സയും കൃത്യമായ ഇടവേളകളിലെ മറ്റു ചികിത്സയും വേണ്ടിവന്നേക്കാം.
തുടക്കത്തിൽ തിരിച്ചറിഞ്ഞാലുള്ള പ്രയോജനങ്ങൾ
- സ്തനം മുഴുവനായി നീക്കുന്ന ശസ്ത്രക്രിയ വേണ്ടിവരില്ല. അങ്ങനെ അംഗവൈകല്യത്തെ ചെറുക്കാൻ കഴിയും.
- റേഡിയേഷൻ ചികിത്സയും കീമോതെറാപ്പിയും ഒഴിവാക്കാനും ചിലപ്പോൾ ഇതിൽ ഒന്നു മാത്രമായി ചുരുക്കാനും കഴിയും.
- കീമോയുടെയും റേഡിയേഷന്റെയും ഡോസിൽ കുറവ് വരുത്താൻ സാധിക്കും.
- മാറിടങ്ങളിലും കക്ഷ ഭാഗത്തും കാണുന്ന മേൽപ്പറഞ്ഞ വ്യത്യാസങ്ങൾ എല്ലാം തന്നെ കാൻസർ ആകണമെന്നില്ല. 80 ശതമാനം വരുന്ന മാറിടങ്ങളിലെ മുഴകളും കാൻസർ അല്ലാത്ത മറ്റു അസുഖങ്ങളാണ്. അതുകൊണ്ടു തന്നെ സർജനെ കാണിച്ച് കാൻസർ അല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.
- വേദനരഹിതമായ വ്യത്യാസങ്ങളും മുഴകളും ആണ് സാധാരണ കാൻസറിന്റെ ലക്ഷണം. വേദനയും ബുദ്ധിമുട്ടുകളും ഇല്ലെന്ന കാരണത്താൽ ചികിത്സാ വിധേയമാക്കാതിരിക്കുന്ന പ്രവണത ധാരാളമായി കണ്ടുവരുന്നു. അങ്ങനെ കാൻസറിന്റെ സ്റ്റേജ് മുന്നോട്ടുപോകുമ്പോൾ ചികിത്സ സങ്കീർണമാകുന്നു. ഇതിൽ ഒരു മാറ്റം വരുത്താൻ ബോധവത്ക്കരണ പ്രചാരണങ്ങൾ വഴി സാധിക്കും.
രോഗനിർണയം സങ്കീർണമല്ല
ക്ലിനിക്കൽ എക്‌സാമിനേഷൻ അഥവാ ഡോക്ടറുടെ കൈ കൊണ്ടുള്ള പരിശോധന, റേഡിയോളജിക്കൽ എക്സാമിനേഷൻ അഥവാ മാമോഗ്രാം, അൾട്രാസൗണ്ട് സ്റ്റഡി, എം.ആർ.ഐ. സ്റ്റഡി അല്ലെങ്കിൽ സി.ടി. ബ്രെസ്റ്റ് എന്നിവയിൽ ഏതു വേണമെന്ന് രോഗിയുടെ പ്രായവും മറ്റു കാര്യങ്ങളും പരിഗണിച്ച് ഡോക്ടർ തീരുമാനിക്കുന്നു.
മുഴയില്‍ നിന്നുള്ള ഭാഗം എടുത്തുള്ള പരിശോധന (Tissue diagnosis). ഇതിന് ഫൈൻ നീഡിൽ ആസ്പിരേഷൻ സൈറ്റോളജി(FNAC) കോർ ബയോപ്‌സി, ഇൻസിഷൻ ബയോപ്‌സി, എക്‌സിഷൻ ബയോപ്‌സി എന്നീ പരിശോധനകളുണ്ട്.
ചികിത്സ
കാൻസർ ഉള്ള ഭാഗം സ്റ്റേജ് അനുസരിച്ച് ഓപ്പറേഷന് വിധേയമാക്കുക ഓപ്പറേഷന് ശേഷം റേഡിയേഷൻ പിന്നെ ആവശ്യാനുസരണം കീമോതെറാപ്പിയും നൽകുക. സ്തനാർബുദത്തിന്റെ ചികിത്സ ഒരു ടീംവർക്ക് ആണ്. ജനറൽ സർജൻ, ഓങ്കോളജിസ്റ്റ്, പാത്തോളജിസ്റ്റ്, റേഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് എന്നിവർ ഉൾപ്പെടുന്ന ടീംവർക്കിലൂടെയാണ് ഒരു കാൻസർ രോഗിയെ ചികിത്സിക്കേണ്ടത്. മൂന്നാഴ്ചയിലധികം നീണ്ടുനിൽക്കുന്ന വിഷാദവും മാനസിക സംഘർഷങ്ങളും അനുഭവപ്പെടുന്നവർക്ക് സൈക്യാട്രിസ്റ്റിന്റെ സേവനവും ഉറപ്പുവരുത്തേണ്ടതാണ്.
Content Highlights: hina khans mother cries as she cuts her hair amid cancer treatment
Published: 04 Jul 2024, 03:31 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented