സ്തനാർബുദത്തോടുള്ള പോരാട്ടത്തേക്കുറിച്ച് നിരന്തരം പങ്കുവെക്കാറുള്ളയാളാണ് ഹിന്ദി സിനിമാ-ടെലിവിഷൻ താരമായ ഹിന ഖാൻ. അർബുദം സ്ഥിരീകരിച്ചതിനേക്കുറിച്ചും ചികിത്സാകാലയളവിലെ ഓരോ വിവരങ്ങളുമൊക്കെ ഹിന ആരാധകരുമായി പങ്കുവെക്കാറുണ്ട്. ചികിത്സയ്ക്ക് മുമ്പേ ഹിന മുടി പാടേ മുറിച്ചുനീക്കുകയും ചെയ്തിരുന്നു. സ്വന്തം മുടികൊണ്ടു തയ്യാറാക്കിയ വിഗ് ആണ് പൊതുവേദികളിൽ ഹിന ധരിച്ചിരുന്നത്. ഇതിനുപിന്നാലെ നിരവധിപേർ മുണ്ഡനം ചെയ്ത തല പ്രദർശിപ്പിക്കാത്ത ഹിനയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കാൻസർരോഗികൾ മുടിയില്ലാത്ത തല പ്രദർശിപ്പിക്കുമ്പോൾ ഹിന അങ്ങനെ ചെയ്യാത്തതിനെയാണ് പലരും വിമർശിച്ചിരുന്നത്. എന്നാൽ താൻ തല മറച്ച് മാത്രം പുറത്തിറങ്ങുന്നതിന് പിന്നിൽ മൈഗ്രേൻ ആണ് കാരണമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഹിന.
കാൻസർ ചികിത്സായാത്രയിലുടനീളം താൻ തലമറച്ച് പുറത്തുവന്നതിനുപിന്നിൽ മടിയല്ല മറിച്ച് മൈഗ്രേനാണ് കാരണമെന്ന് ഹിന പറയുന്നു. എപ്പോഴൊക്കെ സ്കാർഫോ, തൊപ്പിയോ, വിഗോ മാറ്റാൻ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ ഇരുപത് മുപ്പത് മിനിറ്റിനുള്ളിൽ മൈഗ്രേൻ ആരംഭിക്കും. ദിവസങ്ങളോളം അത് നീണ്ടുനിൽക്കുകയും ചെയ്യും. ഇതുകൊണ്ടാണ് എല്ലായ്പ്പോഴും തലമറച്ചുതന്നെ പുറത്തുവരുന്നത്. - ഹിന പറഞ്ഞു.
മുടി മുഴുവനായി വടിച്ചുമാറ്റിയ സമയത്ത് എന്റെ തല ആ രൂപത്തിൽതന്നെ അഭിമാനത്തോടെ പുറംലോകത്തെ കാണിക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷേ എന്റെ അവസ്ഥ കാരണം അതിനുകഴിഞ്ഞില്ല. കഴിയുമായിരുന്നെങ്കിൽ ഞാനത് ചെയ്തേനെ.- ഹിന കൂട്ടിച്ചേർത്തു.
മൈഗ്രേൻ തലവേദന പൂർണമായി മാറ്റാൻ കഴിയുമോ ?
മൈഗ്രേൻ വളരെ സാധാരണയായി കാണുന്ന തലവേദനയാണ്. മൈഗ്രേൻ പൂർണമായി മാറ്റാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. ന്യൂറോവാസ്കുലാർ തലവേദനയുടെ വിഭാഗത്തിൽപ്പെടുന്ന തലവേദനയാണിത്. അത് പൂർണമായും മാറ്റാൻ കഴിയില്ല. ചികിത്സയുടെ ഉദ്ദേശം അത് നിയന്ത്രിച്ചുപോവുക എന്നതാണ്. എപ്പോഴും ട്രിഗർ ചെയ്യാനുള്ള കാരണമുണ്ടാകും. ഉറക്കമില്ലായ്മ, സമ്മർദം, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, കഠിനമായ ജോലി, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ഫ്ലാഷ് കണ്ണിലേക്കടിക്കുക തുടങ്ങിയവയൊക്കെ കാരണമാകാം. അവ തടയുകയാണ് രോഗനിയന്ത്രണത്തിൽ പ്രധാനം.
മറ്റൊന്ന് രോഗം എത്ര ഇടവേളയിലാണ് വരുന്നതെന്ന് പരിശോധിക്കലാണ്. അതികഠിനമായ വേദനയായിരിക്കും മൈഗ്രേന്റേത്. അത് എപ്പോഴൊക്കെയാണ് വരുന്നതെന്ന് പരിശോധിക്കണം. ആഴ്ച്ചയിൽ എത്രതവണ വരുന്നുവെന്ന് പരിശോധിച്ചാൽ മൈഗ്രേൻ വരാതിരിക്കാനുള്ള മരുന്ന് മൂന്നുമുതൽ ആറുമാസത്തോളം തുടർച്ചയായി കഴിക്കേണ്ടിവരും. ചിലരിൽ മാസത്തിൽ ഒന്നോരണ്ടോ തവണയായിരിക്കും വരിക. സ്ത്രീകളിലാണ് മൈഗ്രേൻ വേദന കൂടുതലായി കാണപ്പെടുന്നത്. മാസത്തിൽ ഒന്നോരണ്ടോതവണ മാത്രം വരുന്നതാണെങ്കിൽ ആ സമയത്തുമാത്രം കഴിക്കുന്ന മറ്റൊരു വിഭാഗം മരുന്നുണ്ട്. ഈ മൂന്നുരീതിയിലൂടെയാണ് രോഗം നിയന്ത്രിക്കുന്നത്.
ഏതാണ് ട്രിഗർ ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ എന്തുചെയ്യണം?
മൈഗ്രേൻ അനുഭവിക്കുന്നയാൾ തന്നെ അതു കണ്ടുപിടിച്ചിരിക്കണം. വെയിലത്തു നിന്ന് ജോലി ചെയ്യുന്നവരിലും ഉറങ്ങിയില്ലെങ്കിലും വിശപ്പ് അനുഭവിക്കുമ്പോഴുമൊക്കെ വരാം. ചിലരിൽ കാപ്പികുടിച്ചാൽ മൈഗ്രേൻ വരുമെങ്കിൽ ചിലർക്ക് അത് കഴിച്ചാൽ കുറയും. അതുപോലെ തന്നെയാണ് ചോക്ലേറ്റ് കഴിക്കുമ്പോഴും.
തലവേദനകളിൽ ഏറ്റവും സാധാരണം മൈഗ്രേയ്നാണോ?
തലവേദനകളിൽ ഏറ്റവും സാധാരണമായിട്ടുള്ളത് ടെൻഷൻ ഹെഡ്എയ്ക്കാണ്. എന്തെങ്കിലും സമ്മർദം പെട്ടെന്നുണ്ടാകുമ്പോൾ വരുന്നതാണിത്. തലയിൽ ഇറുകിപ്പിടിക്കുന്നതു പോലെ തോന്നുന്ന അവസ്ഥയാണിത്. എന്നാൽ മൈഗ്രേയ്ന്റേത് ഒരുവശത്തുമാത്രം വിങ്ങുന്നതുപോലെയുള്ള കഠിനമായ വേദനയാണ്. പതുക്കെതുടങ്ങി കൂടിവരുന്ന വേദനയാണിത്. ഉറങ്ങിയാലും വേദനാസംഹാരി കഴിച്ചാലുമൊക്കെ പോകുന്നവയാണ് ടെൻഷൻ തലവേദന. എന്നാൽ മൈഗ്രേൻ തലവേദന അതിനുള്ള മരുന്നുകൾ കഴിച്ചാൽ മാത്രമേ പോകൂ. തലവേദനകളിൽ എൺപതു ശതമാനവും ടെൻഷൻ തലവേദനയും ബാക്കി പതിനഞ്ചു ശതമാനം മൈഗ്രേൻ തലവേദനയുമായിരിക്കും.
Content Highlights: TV actress Hina Khan reveals migraine as reason behind covering head post-cancer treatment
Published: 28 Mar 2025, 08:14 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented