തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്. ചൂടുകൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ നേരിടാൻ എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകൾ ആരംഭിച്ചതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. രാവിലെ 11 മുതൽ വൈകീട്ട് മൂന്നുവരെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം.

To advertise here,

പൊള്ളൽ, ക്ഷീണം, തലകറക്കം, തലവേദന, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് കുറയുക, മൂത്രം കടുംനിറത്തിലാവുക, വേഗത്തിലുള്ള ഹൃദയമിടിപ്പ്, ബോധക്ഷയം എന്നിവയുണ്ടായാൽ ശ്രദ്ധിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നവർ തണലിൽ മാറി വിശ്രമിച്ച് ധാരാളം വെള്ളം കുടിക്കണം. തണുത്ത വെള്ളംകൊണ്ട് ദേഹം തുടയ്ക്കുകയും ഉടൻ ചികിത്സതേടുകയും വേണം.

ജാഗ്രതവേണം

  • പകൽ പുറത്തിറങ്ങുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ്, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുക
  • ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
  • യാത്രകൾക്കിടെ തണലിൽ വിശ്രമിക്കാൻ ശ്രമിക്കുക.
  • ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് വെള്ളം നൽകണം.
  • കുഞ്ഞുങ്ങൾ, പ്രായമായവർ, രോഗികൾ എന്നിവർ ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കുന്നത് നല്ലതാണ്
  • പകൽവീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
  • അമിതമായി മധുരം ചേർത്തതും കാർബണേറ്റഡ് പാനീയങ്ങളും സൂക്ഷിച്ചുമാത്രം ഉപയോഗിക്കുക
  • തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്. വെയിലത്ത് പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ കുട്ടികളെയും പ്രായമായവരെയും ഇരുത്തി പോകരുത്
  • കടകളിലും ഹോട്ടലുകളിലും ഉപയോഗിക്കുന്ന ഐസ് ശുദ്ധജലം കൊണ്ടുണ്ടാക്കുന്നതാണെന്ന് ഉറപ്പാക്കുക