ഇന്നത്തെ കാലത്ത് ആളുകളുടെ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് സ്മാർട്ട്‌ഫോണുകൾ. ഇപ്പോൾ, ടോയ്‌ലെറ്റിൽ പോകുമ്പോഴും ഫോൺ കൈയിൽ എടുത്ത് അത് നോക്കുന്നവർ അനേകരാണ്. എന്നാൽ ഈ ശീലം തുടർന്നാൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചെറിയ അപകടങ്ങൾ മാത്രമല്ല, വലിയ ആരോഗ്യപ്രശ്നങ്ങൾക്കും ടോയ്‌ലെറ്റിലെ ഫോൺ ഉപയോഗം കാരണമാകാമെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു. ഈ ശീലം പൈൽസ് വരാനുള്ള സാധ്യത 46% വരെ വർധിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

To advertise here,

പഠനം പറയുന്നത്
Beth Israel Deaconess Medical Center 45 വയസ്സിനും അതിനുമുകളിലും പ്രായമുള്ള 125 മുതിർന്നവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇവരിൽ, ടോയ്‌ലെറ്റിൽ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർക്കു ഹെമറോയ്ഡ് ഉണ്ടാകാനുള്ള സാധ്യത 46% കൂടുതലാണെന്ന് പഠനം പറയുന്നു.

ടോയ്‌ലെറ്റിൽ പോകുമ്പോൾ ഫോൺ ഉപയോഗിക്കുന്നത്, ആവശ്യമുള്ളതിലും കൂടുതൽ നേരം അവിടെ ഇരിക്കാൻ കാരണമാകാം. ഇതുവഴി മലദ്വാരത്തിലെ രക്തക്കുഴലുകളിൽ സമ്മർദ്ദം കൂടുന്നു. ഈ സമ്മർദ്ദം രക്തക്കുഴലുകളിൽ വീക്കമുണ്ടാക്കി പൈൽസിന് കാരണമാകുന്നു. സാധാരണ കസേരയിലോ സോഫയിലോ ഇരിക്കുമ്പോൾ pelvic floor പേശികൾക്കും ചുറ്റുമുള്ള ടിഷ്യൂകൾക്കും ആവശ്യമായ പിന്തുണ ലഭിക്കും. എന്നാൽ, ടോയ്‌ലെറ്റ് സീറ്റിന് അത് ഇല്ലാത്തതിനാലാണ് രക്തക്കുഴലുകളെ അത് പ്രതികൂലമായി ബാധിക്കുന്നത്. 

എന്താണ് പൈൽസ്?
മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മൂലക്കുരുവെന്നാണ് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക്‌ കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.

ആർക്കൊക്കെ പൈൽസ് വരാം ?

ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതൽ കാണുന്നു. ഗർഭിണികളിൽ രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈൽസ് മൂലമുള്ള അസ്വസ്ഥതകൾ കൂടുന്നത്.

  • സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
  • മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
  • മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
  • അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
  • കൂടുതൽ സമയം ഇരിക്കുന്നത്.
  • വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം.
  • ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം.

ആശ്വാസം നേടാൻ

  • ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം.
  • മലം അയഞ്ഞുപോകാൻ സഹായിക്കുന്ന ഫൈബർ സപ്ലിമെന്റുകൾ കഴിക്കാം.
  • ധാരാളം വെള്ളം കുടിക്കണം.
  • മലം പോകാൻ ബലം പിടിക്കേണ്ട അവസ്ഥയുണ്ടാകരുത്.
  • മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കരുത്.
  • പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്.
  • പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്‌മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.

ഭക്ഷണം ശ്രദ്ധിക്കാം

ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പൈൽസ് വർധിക്കാനിടയാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ. മലം കട്ടിയായി വിസർജനം ബുദ്ധിമുട്ടിലാവുന്ന അവസ്ഥയാണ് പൈൽസ് രോഗികളിൽ പൊതുവേ കാണാറുള്ളത്. പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ഈ രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കും.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)