ഇന്ന് ലോക പൈൽസ് ദിനം

Representative Image| Photo: Canva.com
കൊല്ലം: ആധുനിക ജീവിതരീതികളും തെറ്റായ ആഹാരക്രമവുംകൊണ്ട് വ്യാപകമായിക്കൊണ്ടിരിക്കുന്ന രോഗങ്ങളിലൊന്നാണ് പൈൽസ് അഥവാ അർശസ്സ്. ഇതിൽനിന്നുള്ള മുക്തിക്ക് പ്രാചീന ശസ്ത്രക്രിയാരീതിയായ ക്ഷാരസൂത്രചികിത്സയ്ക്ക് പ്രചാരമേറുന്നു.
2018-ൽ കൊല്ലം ജില്ലാ ആയുർവേദ ആശുപത്രിയിലും തുടങ്ങിയ ഈ ചികിത്സാരീതിക്കായി ദിവസവും ശരാശരി 50 പേരെങ്കിലും എത്തുന്നുണ്ട്. 95 ശതമാനം വിജയസാധ്യതയും കാണുന്നുണ്ടെന്ന് നാഷണൽ ആയുഷ് മിഷൻ സ്പെഷലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. പ്രശാന്ത് പറഞ്ഞു.
ആയുർവേദത്തിൽ അർശസ്സിനെ ഗുദപ്രദേശത്ത് കാണുന്ന മാംസാങ്കുരങ്ങളായാണ് കണക്കാക്കുന്നത്. രോഗലക്ഷണം നോക്കി ഔഷധസേവനം, ക്ഷാരകർമം, അഗ്നികർമം, ശസ്ത്രകർമങ്ങൾ എന്നിവ യുക്തിപൂർവം തിരഞ്ഞെടുത്താണ് ചികിത്സ നൽകുന്നത്. ക്ഷാരസൂത്രം ആയുർവേദത്തിലെ ഫലപ്രദമായ അനുശസ്ത്രക്രിയാവിധിയാണ്. ഇത് പ്രധാനമായും ഭഗന്ദരം, അർശസ്സ്, നാഡീവ്രണം എന്നിവയ്ക്ക് ഉത്തമമാണ്. ആധുനിക ശസ്ത്രക്രിയമയ്ക്കു സമാനമായതും എന്നാൽ രക്തസ്രാവം കുറവുള്ളതും രോഗത്തിന്റെ പുനരാവർത്തനസാധ്യത കുറയ്ക്കുന്നതുമായ ചികിത്സാരീതിയാണെന്നും ഡോക്ടർ പറഞ്ഞു.
രോഗനിർണയം നടത്തി, രോഗിയുടെ അവസ്ഥ മനസ്സിലാക്കി, രോഗബാധിതമായ ഭാഗം ശുചീകരിച്ച് പ്രത്യേകമായി തയ്യാറാക്കിയ ക്ഷാരസൂത്രം ഉപയോഗിച്ചാണ് ചികിത്സ നടത്തിവരുന്നത്. ഇന്ന് ആയുർവേദരംഗത്ത് വിവിധ ആശുപത്രികളിലായി ഈ രോഗത്തിന് ചികിത്സ നടത്തിവരുന്നു.
ജില്ലാ ആയുർവേദ ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ് എന്നിവ ചേർന്ന് ക്ഷാരസൂത്ര ക്ലിനിക്ക് ഫലപ്രദമായി 2018 മുതൽ പ്രവർത്തിപ്പിച്ചുവരുന്നു. സർക്കാർ മേഖലയിലായതുകൊണ്ട് ചെലവും കുറവാണ്. സ്വകാര്യമേഖലയിൽ ചെലവ് കൂടും. ഇവിടെ 500 രൂപയും അതിൽ കുറവുമേ വരാറുള്ളൂ. കിടത്തിച്ചികിത്സ വേണമെന്നില്ല. വീട്ടിൽ പോയിവരാം.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി ധാരാളം പൈൽസ്, ഫിസ്റ്റുല, ഫിഷർ രോഗമുള്ളവർ ഈ ക്ലിനിക്കിന്റെ സേവനം പ്രയോജനപ്പെടുത്തുന്നു. ക്ഷാരസൂത്രചികിത്സ ചെയ്യുന്നതിനായി എല്ലാ സജീകരണങ്ങളോടുംകൂടിയ മിനി ഓപ്പറേഷൻ തിയേറ്റർ ഇവിടെ പ്രവർത്തിക്കുന്നു.
ശ്രദ്ധിക്കേണ്ടവ
രോഗത്തിന്റെ പ്രാരംഭഘട്ടത്തിൽ തിരിച്ചറിവും ശരിയായ ചികിത്സയും ലഭ്യമായാൽ പൂർണമായും രോഗമുക്തി ലഭിക്കും. കൂടുതൽ പഴങ്ങളും പച്ചക്കറികളും കഴിക്കാൻ ശ്രമിക്കുക. വെള്ളം കുടിക്കുക. ഉയർന്ന നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. അമിതമായ എരിവ്, പുളി, മസാല ചേർന്ന ആഹാരങ്ങൾ കുറയ്ക്കുക. മദ്യപാനവും പുകവലിയും ഒഴിവാക്കുക.
Content Highlights: Kshara Sutra an ancient Ayurvedic treatment for piles and fissures, gaining popularity in Kollam.
Published: 20 Nov 2025, 10:51 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented