മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. ഹെമറോയ്ഡുകൾ എന്നും പറയാറുണ്ട്. മൂലക്കുരുവെന്നാണ് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നത്. മലദ്വാരത്തിലെ ഏറ്റവും താഴെയുള്ള ഭാഗത്തെ രക്തക്കുഴലുകളുടെ ഭിത്തിക്ക് കൂടുതൽ വലിച്ചിലുണ്ടാകുമ്പോഴും കനംകുറയുമ്പോഴും പൈൽസുണ്ടാകാം. ഇത്തരത്തിൽ വീക്കം വന്ന രക്തക്കുഴലുകളുടെ മുകളിൽ മർദം കൂടുമ്പോൾ അവ പൊട്ടി രക്തസ്രാവവുമുണ്ടാകും.
മനുഷ്യർ രണ്ടുകാലിൽ നിവർന്നുനിൽക്കുന്നതിനാൽ അതുമൂലമുള്ള അമിതമർദം മലാശയത്തിലെ രക്തക്കുഴലുകളെ ബാധിച്ച് അവയ്ക്ക് വീക്കമുണ്ടാകുന്നതാണ് കാരണമെന്ന് കരുതപ്പെടുന്നു. ചിലരിൽ പാരമ്പര്യമായും കണ്ടുവരാറുണ്ട്. പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും.
ഇന്റേണൽ പൈൽസ്
മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ് എന്നുപറയുന്നത്. അകത്തുള്ള പൈൽസിനെ കാണാനോ സ്പർശിച്ച് മനസ്സിലാക്കാനോ സാധിക്കില്ല. പലപ്പോഴും വേദനയും ഉണ്ടാകാറില്ല. രക്തസ്രാവമുണ്ടാകുന്നതാണ് ഇന്റേണൽ പൈൽസിന്റെ ലക്ഷണം. ചിലപ്പോൾ ഈ പൈൽസ് വലുതായി മലദ്വാരത്തിൽനിന്ന് പുറത്തേക്കിറങ്ങുകയും വീണ്ടും സ്വയം ഉള്ളിലേക്ക് കയറിപ്പോവുകയും ചെയ്യും. ഈഘട്ടത്തിൽ വേദനയും അസ്വസ്ഥതയും ഉണ്ടാകും.
എക്സ്റ്റേണൽ പൈൽസ്
മലദ്വാരത്തിനുപുറത്ത്, മലദ്വാരത്തിനു ചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുന്നതാണിത്. ഇവ കാണാനും തൊട്ടുനോക്കാനും സാധിക്കും. രക്തസ്രാവവുമുണ്ടാകാം.
വേദനയില്ലാത്ത രക്തസ്രാവം
മലവിസർജനസമയത്ത് മലദ്വാരത്തിൽനിന്ന് വേദനയില്ലാതെ രക്തസ്രാവം ഉണ്ടാകുന്നതാണ് പൈൽസിന്റെ പ്രധാന ലക്ഷണം. കൂടാതെ മറ്റ് ചില ലക്ഷണങ്ങൾ കൂടിയുണ്ട്.
- മലദ്വാരത്തിൽനിന്ന് മാംസം വളർന്നിറങ്ങുക.
- മലദ്വാരത്തിനുചുറ്റും ചൊറിച്ചിലും പുകച്ചിലും അസ്വസ്ഥതയും.
- മലവിസർജനസമയത്തും അതിനുശേഷവും അസ്വസ്ഥത.
രോഗനിർണയം
മലാശയപരിശോധന: മലദ്വാരത്തിലൂടെ വിരൽ കടത്തി വീർത്ത രക്തക്കുഴലുകളെ തിരിച്ചറിയുന്ന രീതിയാണിത്.
അനോസ്‌കോപ്പി: അനോസ്‌കോപ്പ് (Anoscope) ഉപയോഗിച്ച് മലാശയവും മലദ്വാരവും പരിശോധിക്കുന്ന രീതിയാണിത്.
സിഗ്മോയിഡോസ്‌കോപ്പി: ലൈറ്റും ക്യാമറയും ഘടിപ്പിച്ച ട്യൂബ് പോലെയുള്ള ഒരു ഉപകരണമാണ് സിഗ്മോയിഡോസ്‌കോപ്പ്. വൻകുടലിന്റെ കീഴ്ഭാഗവും മലാശയവും പരിശോധിക്കാൻ ഇത് സഹായിക്കും.
ആർക്കൊക്കെ പൈൽസ് വരാം ?
ഏതുപ്രായക്കാർക്കും സ്ത്രീപുരുഷഭേദമെന്യേ പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും ഇത് കൂടുതൽ കാണുന്നു. ഗർഭിണികളിൽ രക്തക്കുഴലുകൾ വികസിക്കുന്നതാണ് കാരണം. ഗർഭകാലത്തിന്റെ അവസാനത്തെ ആറുമാസമാണ് പൈൽസ് മൂലമുള്ള അസ്വസ്ഥതകൾ കൂടുന്നത്.
- സ്ഥിരമായി മലബന്ധവും വയറിളക്കവും ഉള്ളവർക്ക്.
- മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കുന്നവർക്ക്.
- മലബന്ധം മൂലം മലവിസർജനത്തിന് അമിതമായി മുക്കുന്നവർക്ക്.
- അമിതവണ്ണവും അമിതഭാരവും ഉള്ളവരിൽ പൈൽസ് സാധ്യത കൂടുതലാണ്.
- കൂടുതൽ സമയം ഇരിക്കുന്നത്.
- വെയ്റ്റ് ലിഫ്റ്റിങ് പോലുള്ള കഠിനവ്യായാമങ്ങൾ ചെയ്യുന്നത് ശീലമാക്കിയവർക്ക് രോഗസാധ്യതയുണ്ട്. ഇത്തരം വ്യായാമങ്ങൾ കുടലിനും ശരീരത്തിന്റെ കീഴ്ഭാഗത്തിനും ക്ഷതമേൽപ്പിക്കാനിടയാക്കാം.
- ശക്തമായ ചുമ, ഛർദി, തുമ്മൽ, ശ്വാസംപിടിച്ചുള്ള വ്യായാമങ്ങൾ എന്നിവയും പൈൽസിന് കാരണമാകാം.
ചികിത്സ
ആദ്യഘട്ടത്തിൽ ജീവിതശൈലിയിലെ മാറ്റം, ഭക്ഷണക്രമീകരണം എന്നിവ നിർദേശിക്കാറുണ്ട്.
മരുന്നുകൾകൊണ്ടും ജീവിതശൈലികളിൽ വരുത്തുന്ന മാറ്റങ്ങൾകൊണ്ടും സുഖപ്പെടാത്ത പൈൽസിന് ശസ്ത്രക്രിയ മാത്രമല്ല, മറ്റ് ചില ചികിത്സാരീതികളുമുണ്ട്.
സ്‌ക്ലീറോതെറാപ്പി
വീർത്തുനിൽക്കുന്ന രക്തക്കുഴലിലേക്ക് പ്രത്യേക രാസവസ്തു കുത്തിവെച്ച് പൈൽസ് കോശങ്ങളെ നശിപ്പിക്കുന്ന ചികിത്സാരീതിയാണ് സ്‌ക്ലീറോതെറാപ്പി. ഗ്രേഡ് 1, 2 എന്നിവയ്ക്ക് ഇത് ഫലപ്രദമാണ്.
റബ്ബർ ബാൻഡ് ലൈഗേഷൻ
പൈൽസിനെ മൂലസ്ഥാനത്ത് ചെറിയ റബ്ബർ ബാൻഡ് ഇട്ട് രക്തക്കുഴലിലേക്ക് രക്തപ്രവാഹം ഇല്ലാതാക്കുന്ന രീതിയാണ് റബ്ബർ ബാൻഡ് ലൈഗേഷൻ (Rubber Band Ligation). ഇതോടെ രക്തപ്രവാഹം നിലച്ച് പൈൽസ് ചുരുങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊഴിഞ്ഞുപോകും. പൈൽസിന്റെ ഒന്ന്, രണ്ട് ഗ്രേഡുകളിൽ ഇവ ഫലപ്രദമാണ്.
ഹെമറോയിഡൽ ആർട്ടറി ലൈഗേഷൻ
ഗ്രേഡ് രണ്ട്, ഗ്രേഡ് മൂന്നിന്റെ തുടക്കം എന്നീ ഘട്ടങ്ങളിലുള്ള പൈൽസിനെ സുഖപ്പെടുത്താൻ ഏറ്റവും ഫലപ്രദമാണ് ഹെമറോയിഡൽ ആർട്ടറി ലിഗേഷൻ (Hemorrhoidal Artery Ligation). ആർട്ടീരിയൽ ഡോപ്ലർ ഉപയോഗിച്ച് ഹെമറോയ്ഡിലേക്ക് രക്തം നൽകുന്ന രക്തക്കുഴൽ ഏതാണെന്ന് കണ്ടെത്തി അതിലേക്കുള്ള രക്തപ്രവാഹം തടയുന്ന രീതിയാണിത്. ഇതോടെ രക്തപ്രവാഹം നിലച്ച് പൈൽസ് ചുരുങ്ങി ഏതാനും ദിവസങ്ങൾക്കുള്ളിൽ കൊഴിഞ്ഞുപോകും.
ലേസർ തെറാപ്പി
ഗ്രേഡ് രണ്ട്, ഗ്രേഡ് മൂന്നിന്റെ തുടക്കം എന്നീ ഘട്ടങ്ങളിലുള്ള പൈൽസിനെ സുഖപ്പെടുത്താൻ ഏറ്റവും ഫലപ്രദമാണ് ലേസർ തെറാപ്പി. ലേസർ ഉപയോഗിച്ച് പൈൽസിലെ രക്തക്കുഴലുകളിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുത്തുന്നു. ഈസമയത്ത് രക്തക്കുഴലുകൾ പൂർണമായും ചുരുങ്ങിപ്പോയി രക്തയോട്ടം നിലയ്ക്കും. ഈ ചികിത്സ ചെയ്യുമ്പോൾ മലദ്വാരത്തിൽ മറ്റ് പരിക്കുകളുണ്ടാകില്ല. ലേസർ തെറാപ്പി ചെയ്യുമ്പോൾ രക്തം നഷ്ടപ്പെടുന്നില്ല. മുറിവുണ്ടാക്കാത്തതിനാൽ വേദനയും ഇല്ല.
സ്റ്റേപ്ലർ ഹെമറോയ്‌ഡെക്ടമി
ഇന്റേണൽ പൈൽസിനെ സ്റ്റേപ്ലിങ് ഉപകരണമുപയോഗിച്ച് നീക്കംചെയ്യുന്ന രീതിയാണ് സ്റ്റേപ്ലർ ഹെമറോയ്‌ഡെക്ടമി (Stapler Hemorrhoidectomy/Stapler Hemorrhoidopexy). ഗ്രേഡ് മൂന്നിനും ചില സാഹചര്യങ്ങളിൽ ഗ്രേഡ് നാലിനുമാണ് ഇത് ഉപയോഗിക്കുക.
ഹെമറോയ്‌ഡെക്ടമി
ഗ്രേഡ് മൂന്ന്,നാല് എന്നീ ഘട്ടങ്ങളിലുള്ള പൈൽസിനെ സർജറിയിലൂടെ നീക്കംചെയ്യുന്ന ചികിത്സാരീതിയാണ് ഹെമറോയ്‌ഡെക്ടമി (Hemorrhoidectomy). എക്സ്റ്റേണൽ പൈൽസിനും ഇത് ഉപയോഗിക്കാറുണ്ട്. പരമ്പരാഗത ശസ്ത്രക്രിയാരീതിയാണിത്. ഈ സർജറി രണ്ടുതരത്തിലുണ്ട്. ക്ലോസ്ഡ് ഹെമറോയ്‌ഡെക്ടമിയും ഓപ്പൺ ഹെമറോയ്‌ഡെക്ടമിയുമാണ്. സർജറിക്ക് ശേഷം അലിഞ്ഞുപോകുന്ന തരത്തിലുള്ള സ്റ്റിച്ച് ഇട്ട് മുറിവ് പൂർണമായും അടയ്ക്കുന്ന തരത്തിലുള്ളതാണ് ക്ലോസ്ഡ് ഹെമറോയ്‌ഡെക്ടമി. എന്നാൽ മുറിവ് പൂർണമായും അടയ്ക്കാത്ത തരത്തിലുള്ള രീതിയാണ് ഓപ്പൺ ഹെമറോയ്‌ഡെക്ടമി. അണുബാധയോ ഉണങ്ങാനു ള്ള ബുദ്ധിമുട്ടോ കൂടുതലുള്ള സർജറികളിലാണ് ഈ രീതി ഉപയോഗിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചെയ്യുന്നത് ഓപ്പൺ ഹെമറോയ്‌ഡെക്ടമിയാണ്.
ആശ്വാസം നേടാൻ
- ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കണം.
- മലം അയഞ്ഞുപോകാൻ സഹായിക്കുന്ന ഫൈബർ സപ്ലിമെന്റുകൾ കഴിക്കാം.
- ധാരാളം വെള്ളം കുടിക്കണം.
- മലം പോകാൻ ബലം പിടിക്കേണ്ട അവസ്ഥയുണ്ടാകരുത്.
- മലവിസർജ്ജനത്തിനായി കൂടുതൽ സമയം ചെലവഴിക്കരുത്.
- പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്.
- പൈൽസിന്റെ വേദനയും ചൊറിച്ചിലും കുറയ്ക്കാനുള്ള ഓയിന്റ്‌മെന്റുകൾ, ക്രീമുകൾ എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം പുരട്ടാം.
പൈൽസ് പോലെ തോന്നിക്കുന്ന രോഗങ്ങൾ
ഫിഷർ: മലദ്വാരത്തിന്റെ ലൈനിങ്ങിനുണ്ടാകുന്ന വിള്ളലാണ് ഫിഷർ. മലബന്ധം, രക്തസ്രാവം, വേദന എന്നിവയാണ് ഇതിന്റെ ലക്ഷണം. ഭൂരിഭാഗം കേസുകളിലും ഇത് തനിയേ കരിയാറുണ്ട്. അപൂർവമായി ഇവ സങ്കീർണമായിമാറാം. തുടർച്ചയായ വിള്ളലുകൾമൂലം മലദ്വാരം ചുരുങ്ങി മലബന്ധത്തിന് കാരണമാകാം.
ഫിസ്റ്റുല: മലദ്വാരത്തിന്റെ അടുത്തായി ഉണങ്ങാത്ത ഒരു മുറിവുണ്ടായി ദ്വാരമുണ്ടാകുന്ന അവസ്ഥയാണിത്. രക്തവും പഴുപ്പും ഇതിലൂടെ വരും. വേദനയും വീക്കവും ഈഭാഗത്തുണ്ടാകാം.
ഗൗരവകരമായ ചില രോഗങ്ങൾ പൈൽസ് പോലെ തന്നെ മലദ്വാരത്തിലൂടെ രക്തസ്രാവമായി കാണാറുണ്ട്. ഉദാഹരണത്തിന് കാൻസർ, ഇൻഫ്ളമേറ്ററി ബവൽ സിൻഡ്രോം, ക്രോൺസ് ഡിസീസ്, അൾസറേറ്റീവ് കൊളൈറ്റിസ്, ഡൈവർട്ടികുലോസിസ് (Diverticulosis), പോളിപ്പുകൾ (Polyps) തുടങ്ങിയവ. അതിനാൽ ഇത്തരം രോഗങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുന്നതിനായി സിഗ്മയ്ഡോസ്കോപ്പ്, കൊളൊണോസ്കോപ്പ് എന്നിവ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തണം. ഇതുവഴി പൈൽസിന് കൃത്യമായ ചികിത്സ ഉറപ്പുവരുത്താനും സാധിക്കും.
പൈൽസിന്റെ നാല് ഗ്രേഡുകൾ
രോഗതീവ്രതയനുസരിച്ച് പൈൽസ് നാല് ഗ്രേഡുകളിലാണുള്ളത്.
ഗ്രേഡ് 1: പൈൽസ് വലുതാകുമെങ്കിലും ലക്ഷണങ്ങൾ കാണിക്കുകയോ മലദ്വാരത്തിനുപുറത്തേക്ക് തള്ളിവരുകയോ ചെയ്യില്ല. മലവിസർജനസമയത്ത് രക്തസ്രാവമുണ്ടാകുന്നു.
ഗ്രേഡ് 2: മലവിസർജനസമയത്ത് രക്തസ്രാവത്തോടൊപ്പം പൈൽസ് പുറത്തേക്ക് തള്ളിവരുകയും അതിനുശേഷം സ്വയം അകത്തേക്ക് പോവുകയും ചെയ്യുന്നു.
ഗ്രേഡ് 3: പൈൽസ് പുറത്തേക്ക് തള്ളിവരും. പക്ഷേ, സ്വയം അകത്തേക്ക് തിരിച്ചുകയറിപ്പോവില്ല. വിരലുകളുപയോഗിച്ച് അകത്തേക്ക് തള്ളിക്കയറ്റേണ്ടിവരും.
ഗ്രേഡ് 4: പൈൽസ് മുഴുവൻ സമയവും പുറത്തുതന്നെ നിൽക്കും. തള്ളിക്കയറ്റാൻ ശ്രമിച്ചാലും അകത്തേക്ക് പോവില്ല. മലവിസർജനസമയത്ത് കടുത്ത രക്തസ്രാവവുമുണ്ടാകുന്നു.
ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്
ജീവിതശൈലിയിലെ അനാരോഗ്യകരമായ മാറ്റങ്ങൾ പൈൽസ് വർധിക്കാനിടയാക്കും. ഇതിൽ പ്രധാനപ്പെട്ടതാണ് അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ. മലം കട്ടിയായി വിസർജനം ബുദ്ധിമുട്ടിലാവുന്ന അവസ്ഥയാണ് പൈൽസ് രോഗികളിൽ പൊതുവേ കാണാറുള്ളത്. പ്രായമായവർ, ഗർഭിണികൾ എന്നിവരിലാണ് ഈ പ്രശ്നം കൂടുതൽ. കൊഴുപ്പ് കൂടുതലടങ്ങിയ ഭക്ഷണം കഴിക്കുന്നതും ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നതും ഈ രോഗാവസ്ഥയുടെ തീവ്രത വർധിപ്പിക്കും.
കഴിക്കേണ്ട ഭക്ഷണങ്ങൾ
- തവിട് കളയാത്ത അരി, മുഴുധാന്യങ്ങൾ, മുത്താറി.
- മുളപ്പിച്ച പയർവർഗങ്ങൾ, പച്ചക്കറി സാലഡുകൾ.
- നാരുകൾ ധാരാളമടങ്ങിയ ആപ്പിൾ, മുന്തിരി, സ്‌ട്രോബറി, പേരയ്ക്ക, പപ്പായ, പൂവൻപഴം, മാങ്ങ തുടങ്ങിയ പഴവർഗങ്ങൾ.
- ചീര, കാബേജ്, മുരിങ്ങയില, കോളിഫ്ലവർ തുടങ്ങിയ ഇലവർഗങ്ങൾ.
- ദിവസവും രണ്ട് ലിറ്ററിൽ കൂടുതൽ വെള്ളം കുടിക്കണം.
- ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
- മുളക്, മസാലകൾ എന്നിവ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ, പൊറോട്ട പോലെ മൈദയടങ്ങിയ ഭക്ഷണങ്ങൾ, ബേക്കറിപ്പലഹാരങ്ങൾ, അച്ചാറുകൾ, ചുവന്ന മാംസം തുടങ്ങി മലബന്ധത്തിനിടയാക്കുന്ന ഭക്ഷണങ്ങൾ നിർബന്ധമായും ഒഴിവാക്കണം.
കോഴിക്കോട് ആസ്റ്റർ മിംസിൽ ജനറൽ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ആണ് ലേഖകൻ
Content Highlights: Learn about piles (hemorrhoids) causes, symptoms and diagnosis.
Published: 20 Nov 2025, 01:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented