വിദേശത്തെ ടോയ്ലറ്റുകളിൽ വെള്ളത്തിന് പകരം ടോയ്ലറ്റ് പേപ്പറുകൾ ഉപയോഗിക്കുന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ശുചിയാക്കാൻ വെള്ളം ഉപയോഗിക്കുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ വിദേശത്തുള്ളവർക്ക് വെള്ളം ഉപയോഗിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല. എന്നാൽ ടോയ്ലറ്റിൽ പേപ്പറിന്റെ ഉപയോഗം മാത്രം മതിയാകില്ലെന്ന് വ്യക്തമാക്കുകയാണ് ഹാർവാർഡ് മെഡിക്കൽ സ്കൂളിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. തൃഷ പസ്രീച്ച. അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷകരമായേക്കാമെന്നും ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ ഡോക്ടർ മുന്നറിയിപ്പ് നൽകുന്നു.

To advertise here,

ടോയ്ലറ്റ് പേപ്പർ ഉപയോഗിക്കുന്നത് ശരീരത്തെ പൂർണമായി വൃത്തിയാക്കുന്നില്ല. അതിന് പകരമായി ബിഡെ (Bidet) അഥവാ വെള്ളം സ്പ്രേ ചെയ്യുന്ന രീതി ഉപയോഗിക്കുന്നത് ജീവിതശൈലിയിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് ഡോക്ടർ പറഞ്ഞു.

കൈയിൽ അഴുക്കുപറ്റിയാൽ അത് പേപ്പർ ഉപയോഗിച്ച് തുടക്കുകയാണോ അതോ വെള്ളം കൊണ്ട് കഴുകുകയാണോ ചെയ്യുക എന്ന് ഡോക്ടർ അവതാരകയോട് ചോദിച്ചു. വെള്ളം ഉപയോഗിക്കുകയാണ് ചെയ്യുക എന്നായിരുന്നു മറുപടി. പിന്നെ എന്തുകൊണ്ടാണ് ശൗചാലയത്തിൽ അത് പാലിക്കാത്തതെന്ന് ഡോക്ടർ ചോദിക്കുന്നു.

പേപ്പർ ഉപയോഗത്തിന്റെ ചില ദോഷവശങ്ങളും ഡോക്ടർ ചൂണ്ടിക്കാണിച്ചു.

ഉണങ്ങിയ ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് അമർത്തി തുടയ്ക്കുന്നത് ശരീരത്തിലെ ഏറ്റവും മൃദുവായ കോശങ്ങളിൽ (delicate tissue) അസ്വസ്ഥതയും സൂക്ഷ്മമായ മുറിവുകളും (microscopic tears) ഉണ്ടാക്കാൻ കാരണമാകും. കൂടാതെ, 2023-ലെ ഒരു പഠനം സൂചിപ്പിക്കുന്നത് ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് തുടയ്ക്കുന്നവരുടെ കൈകളിൽ ബിഡെ ഉപയോഗിക്കുന്നവരേക്കാൾ കൂടുതൽ സൂക്ഷ്മാണുക്കൾ (microbes) ഉണ്ടാകുമെന്നാണ്.

 

  • ബിഡെ ടോയ്ലറ്റ് പേപ്പറിനേക്കാൾ മികച്ച രീതിയിൽ ശുചിത്വം നൽകുന്നു. ഇത് വിലകൂടിയ ലക്ഷുറി മോഡലുകളോ അല്ലെങ്കിൽ ലളിതമായി ഘടിപ്പിക്കാവുന്ന കുറഞ്ഞ ചെലവിലുള്ള നോസിലുകളോ ആകാം.
  • ബിഡെ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ടോയ്ലറ്റ് പേപ്പർ ഉപയോഗിച്ച് അമർത്തി തുടയ്ക്കുന്നതിന് ("scraping") പകരം മൃദുവായി ഒപ്പിയെടുക്കുന്ന "ജെന്റിൽ ഡാബ്" രീതി സ്വീകരിക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്നു. ഇത് പൈൽസ് (hemorrhoids), ഫിഷറുകൾ എന്നിവയുള്ളവർക്കും പ്രസവശേഷമുള്ള സ്ത്രീകൾക്കും ഏറെ ഗുണകരമാണ്.
  • അണുബാധകൾ ഒഴിവാക്കാൻ എപ്പോഴും മുന്നിൽനിന്ന് പിന്നിലേക്ക് (Front to back) വൃത്തിയാക്കാൻ ശ്രദ്ധിക്കണം. മലദ്വാരത്തിലൂടെയുള്ള രക്തസ്രാവം കണ്ടാൽ അത് അവഗണിക്കരുതെന്നും ഡോക്ടർ ചൂണ്ടിക്കാട്ടി. പൈൽസോ ഫിഷറോ അല്ലാത്ത കാരണങ്ങൾ കൊണ്ടാണെങ്കിൽ ഉടൻ തന്നെ ഒരു കൊളോനോസ്കോപ്പി (Colonoscopy) ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഡോ. പസ്രീച്ച മുന്നറിയിപ്പ് നൽകുന്നു.