വൈറസ് പകരാനുള്ള സാധ്യതകുറവെന്ന് ലോകാരോഗ്യസംഘടന

ലണ്ടൻ: ഹാന്റ വൈറസ് ബാധയെത്തുടർന്ന് മൂന്നു യാത്രക്കാർ മരിച്ച എം.വി. ഹോൺഡിയസ് എന്ന ഡച്ച് ആഡംബരക്കപ്പലിൽ രണ്ട് ഇന്ത്യക്കാരും. കപ്പലിലെ രണ്ട് ജീവനക്കാർ ഇന്ത്യൻ പൗരന്മാരാണെന്ന് ബി.ബി.സി.യാണ് റിപ്പോർട്ടുചെയ്തത്. നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 149 പേരാണ് കപ്പലിലുള്ളത്.
ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് യാത്രതിരിച്ച കപ്പലിൽ ഏപ്രിൽ 11-നാണ് വൈറസ് ബാധയെത്തുടർന്നുള്ള ആദ്യ മരണമുണ്ടാകുന്നത്. 24-ന് സെയ്‌ന്റ് ഹെലേനയിലെത്തിയ കപ്പലിൽനിന്ന് 29 പേർ യാത്രയവസാനിപ്പിച്ച് മടങ്ങിയെന്ന് സ്ഥിരീകരിച്ചിരുന്നു. നിലവിൽ 38 ഫിലിപ്പീൻകാർ, 31 ബ്രിട്ടീഷ് പൗരന്മാർ, 23 യു.എസുകാർ, നെതർലൻഡ്‌സിൽനിന്നുള്ള 16 പേർ, സ്പെയിനിൽനിന്നുള്ള 14 പേർ, ഒമ്പത് ജർമ്മൻകാർ, ആറു കാനഡക്കാർ, രണ്ട് ഇന്ത്യക്കാർ എന്നിവർ കപ്പലിലുണ്ടെന്നാണ് ബി.ബി.സി. റിപ്പോർട്ടുചെയ്തത്.
കേപ് വെർദയിൽവെച്ച് രോഗികളെ കരയിലേക്ക് മാറ്റിയശേഷം സ്പെയിനിന്റെ ഭാഗമായ കാനറി ദ്വീപുകളിലേക്ക് പുറപ്പെട്ട കപ്പൽ ഞായറാഴ്ച ലക്ഷ്യസ്ഥാനത്തെത്തും. വൈറസ് പകരാനുള്ള സാധ്യത ഒഴിവാക്കുന്നതിന്റെ ഭാഗമായി കപ്പലിന് തീരത്തടുക്കാനുള്ള അനുവാദം നൽകിയിട്ടില്ല. കാനറിയുടെ ഭാഗമായ ടെനറിഫ ദ്വീപിന് സമീപമെത്തുന്ന കപ്പലിൽനിന്ന് ചെറു ബോട്ടുകളിൽ യാത്രക്കാരെ ഒഴിപ്പിച്ചശേഷം അന്നുതന്നെ അവരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചയച്ചുതുടങ്ങുമെന്ന് സ്പാനിഷ് സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. റിപ്പോർട്ടുചെയ്ത എട്ട് ഹാന്റ വൈറസ് കേസുകളിൽ മൂന്നെണ്ണമാണ് ലോകാരോഗ്യസംഘടന ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് പടരാനുള്ള സാധ്യത വളരെ കുറവ്
ഹാന്റ വൈറസ് പകരാനുള്ള സാധ്യത വളരെ കുറവാണെന്നും കപ്പലിലെ രോഗബാധ കാരണം ജനങ്ങൾ ഭയക്കേണ്ടതില്ലെന്നും ലോകാരോഗ്യസംഘടന വെള്ളിയാഴ്ച അറിയിച്ചു. കപ്പലിലുള്ളവരെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചെന്ന് സ്പെയിൻ അറിയിച്ചതിനുപിന്നാലെയാണ് പ്രഖ്യാപനം.
‘‘വളരെ അടുത്ത സമ്പർക്കമുണ്ടായൽമാത്രമേ വൈറസ് മറ്റൊരാളിലേക്കു പകരുകയുള്ളൂ. എം.വി. ഹോൺഡിയസിൽ രോഗം ബാധിച്ചവരുമായി ഒരേ ക്യാബിൻ പങ്കിട്ടവർക്കുപോലും വൈറസ് ബാധിച്ചിട്ടില്ല. രോഗം ബാധിച്ചവരെ സംബന്ധിച്ച് അപകടകാരിയായ വൈറസാണിതെങ്കിലും പൊതുജനം ഭയപ്പെടേണ്ടതില്ല’’ - ലോകാരോഗ്യസംഘടനയുടെ വക്താവ് ക്രിസ്റ്റ്യൻ ലിൻഡ്‌മെയർ അറിയിച്ചു.
വൈറസിന്റെ മുപ്പതിലധികം വകഭേദങ്ങളിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ആൻഡിസ് വകഭേദമാണ് കപ്പലിൽ റിപ്പോട്ടുചെയ്തത്. ഇതോടെ ആഗോളതലത്തിൽ ആശങ്ക പടരുകയായിരുന്നു.
ഇന്ത്യക്കാർ ഭയപ്പെടേണ്ടതില്ല -എൻ.ഐ.വി. മേധാവി
ഹാന്റ വൈറസ് ബാധ ഒറ്റപ്പെട്ട സംഭവമാണെന്നും ഇന്ത്യക്കാർ ഭയപ്പെടേണ്ട കാര്യമില്ലെന്നും ഐ.സി.എം.ആറിന്റെ കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി(എൻ.ഐ.വി.) മേധാവി ഡോ. നവീൻ കുമാർ പറഞ്ഞു. സാമൂഹിക വ്യാപനത്തിന് നിലവിൽ സാധ്യതകളില്ലെന്നും ഇന്ത്യയിലെ പൊതുജനാരോഗ്യത്തിന് വൈറസ് ഭീഷണിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വൈറസ്ബാധ തിരിച്ചറിയാൻ ആവശ്യമായ ലബോറട്ടറി സംവിധാനങ്ങൾ ഇന്ത്യയിലുണ്ട്. കപ്പലുകൾ, ഗോഡൗണുകൾ, സംഭരണ സൗകര്യങ്ങൾ, വായുസഞ്ചാരം കുറഞ്ഞ ഇടങ്ങൾ തുടങ്ങി എലിശല്യത്തിന് സാധ്യതയുള്ള ചുറ്റുപാടുകളിൽ ജോലി ചെയ്യുന്നവരും യാത്രചെയ്യുന്നവരും ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുനൽകി.
Content Highlights: Hantavirus outbreak confirmed on the Dutch cruise ship MV Hondius., Two Indian nationals are confirmed to be on board among 149 passengers., WHO confirms low risk of transmission and advises the public not to panic., Spanish authorities are facilitating the safe return of passengers to their home countries., NIV India confirms no threat of community spread in India.
Published: 09 May 2026, 04:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented