അജ്ഞാതരോഗം കാരണം മണിക്കൂറുകളോളം ജലത്തിൽ മുങ്ങിക്കഴിയുന്ന പശ്ചിമബംഗാൾ സ്വദേശിയായ ഇഖ്ബാൽ ഷെയ്ഖ് എന്ന പതിനാറുകാരന്റെ വാർത്ത സാമൂഹികമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. രാവും പകലും കുളത്തിൽ കഴിയുന്ന ഇഖ്ബാലിന് പുറത്തിറങ്ങിയാൽ ദേഹമാസകലം കഠിനമായ നീറ്റലായിരുന്നു. ഇഖ്ബാലിന്റെ വാർത്ത ദേശീയമാധ്യമങ്ങളിലൂടെ അറിഞ്ഞ റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യുട്ടീവ് ഡയറക്ടർ അനന്ത് അംബാനി സഹായഹസ്തം നീട്ടുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ നിരവധിപേരാണ് ഇഖ്ബാലിന്റെ അസുഖം എന്താണെന്ന സംശയം പ്രകടിപ്പിച്ചത്. എരിത്രൊമെലാൾജിയ എന്ന അവസ്ഥയ്ക്കു സമാനമാണ് ഇഖ്ബാലിന്റെ ലക്ഷണങ്ങൾ എന്ന് റിപ്പോർട്ടുകൾ പറയുന്നു.
എന്താണ് എരിത്രോമെലാൽജിയ?
ഞരമ്പുകളെയും ചെറിയ രക്തക്കുഴലുകളെയും ബാധിക്കുന്ന അപൂർവ്വമായ ഒരു അവസ്ഥയാണിത്. തീവ്രമായ നീറ്റലും വേദനയും ചുവപ്പ് നിറവും, അസാധാരണമാംവിധം ചൂടുള്ള ചർമവും ഉണ്ടാക്കും. സാധാരണയായി പാദങ്ങളെയും കൈകളെയുമാണ് ബാധിക്കുന്നത്. ശരീര താപനില ഉയരുമ്പോൾ ലക്ഷണങ്ങൾ കൂടുതൽ വഷളാകാം. വ്യക്തികൾക്കനുസരിച്ച് ലക്ഷണങ്ങൾ വ്യത്യാസപ്പെടാറുണ്ട്. കഠിനമായ നീറ്റൽ, വേദന, ചുവപ്പ് നിറം, ചർമത്തിന്റെ താപനില വർദ്ധിക്കുന്നത്, നീർവീക്കം, കുത്തുന്നതു പോലുള്ള വേദനയോ ചൊറിച്ചിലോ, അമിത വിയർപ്പ് തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.
ജനിതക ഘടകങ്ങൾ മൂലവും തിരിച്ചറിയാനാവാത്ത കാരണങ്ങളാലും മറ്റ് രോഗങ്ങളുമായി ബന്ധപ്പെട്ടും ഈ അവസ്ഥയുണ്ടാകാം. ചൂടുള്ള കാലാവസ്ഥ, വ്യായാമം, ഇറുകിയ ഷൂസോ വസ്ത്രങ്ങളോ ധരിക്കുന്നത്, സമ്മർദ്ദം, നിർജ്ജലീകരണം, മദ്യം, എരിവുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ ലക്ഷണങ്ങൾ കൂട്ടാറുണ്ട്.
അനന്ത് അംബാനിയുടെ ഇടപെടലിനു പിന്നാലെ ഇഖ്ബാലിനെ വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെത്തിച്ചിരുന്നു. വിമാനമാർഗമാണ് ഇഖ്ബാലിനെ മുംബൈയിലെത്തിച്ച് എച്ച്.എൻ. റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ വിദഗ്ധസംഘം പരിശോധിച്ചുവരികയാണ്. ഇഖ്ബാലിനെ മാതാപിതാക്കൾ നേരത്തേ പല ആശുപത്രികളിലും പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, എന്താണ് രോഗമെന്നോ രോഗകാരണമോ കണ്ടെത്താനായില്ല. സാമ്പത്തിക ബുദ്ധിമുട്ടുകാരണം വിദഗ്ധചികിത്സയ്ക്കും വിധേയമാക്കാനായിരുന്നില്ല. കഴിഞ്ഞദിവസങ്ങളിലാണ് ഇഖ്ബാൽ കുളത്തിൽ ചെലവഴിക്കുന്ന ദൃശ്യങ്ങൾ വാർത്തയായത്. ഭക്ഷണം കഴിക്കുന്നതടക്കം വെള്ളത്തിൽ ഇറങ്ങിനിന്നാണ്.
Content Highlights: 16-year-old Iqbal Sheikh disease, Erythromelalgia is a rare condition affecting nerves and small blood vessels, causing intense burning, redness, and heat., Anant Ambani intervened to airlift Iqbal to HN Reliance Foundation Hospital in Mumbai for advanced treatment.
Published: 22 Aug 2026, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented