ആർത്തവരക്തം പരിശോധിച്ച് എൻഡോമെട്രിയോസിസ് സാധ്യത കണ്ടെത്താമെന്ന് ഗവേഷകർ. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. ഇതിലൂടെ എൻഡോമെട്രിയോസിസ് സാധാരണയായി സർജറിയിലൂടെ കണ്ടെത്തുന്ന ലാപ്രോസ്കോപ്പി പരിശോധന കുറയ്ക്കാനാവുമെന്നും ഗവേഷകർ അവകാശപ്പെടുന്നു.
ആർത്തവരക്തത്തിലെ ബയോളജിക്കൽ മാർക്കറുകൾ വിശകലനം ചെയ്യുന്നതിലൂടെ എൻഡോമെട്രിയോസിസ് സാധ്യത കണ്ടെത്താനാവുമെന്നാണ് ഗവേഷകർ പറയുന്നത്. എൻഡോമെട്രിയോസിസ് ഇല്ലാത്ത സ്ത്രീകളുമായി താരതമ്യം ചെയ്താണ് വ്യത്യാസങ്ങൾ മനസ്സിലാക്കുന്നത്. എൻഡോമെട്രിയോസിസ് ഉള്ളവരിലെ പ്രതിരോധ കോശങ്ങൾ, വീക്കത്തിന്റെ സൂചന നൽകുന്ന ഘടകങ്ങൾ, ജനറ്റിക് മാർക്കറുകൾ തുടങ്ങിയവ പരിശോധിച്ചാണ് വിലയിരുത്തലിലെത്തുന്നത്.
പ്രത്യുത്പാദന ആരോഗ്യത്തെക്കുറിച്ച് ധാരാളം വിവരങ്ങൾ നൽകാൻ ആർത്തവരക്തത്തിന് കഴിയുമെന്നും ഗവേഷകർ പറയുന്നു. ആർത്തവരക്തത്തിന്റെ സാമ്പിളുകൾ ശേഖരിക്കുക എന്നത് എളുപ്പവും സുരക്ഷിതവും ചെലവ് കുറഞ്ഞതുമായതിനാൽ ഈ രീതി കൂടുതൽ ഫലപ്രദമാകുമെന്നും ഗവേഷകർ പറയുന്നുണ്ട്.
സാധാരണ ആർത്തവ വേദന എന്നു കരുതി പലരും നിസ്സാരമാക്കുന്നത് ചിലപ്പോൾ എൻഡോമെട്രിയോസിസ് വേദന ആകാമെന്നും ഗവേഷകർ പറയുന്നുണ്ട്. ചികിത്സ വൈകുംതോറും പ്രത്യുപാദനവും മാനസികാരോഗ്യവും തകരാറിലാവുകയും മറ്റ് ശാരീരിക പ്രശ്നങ്ങൾക്കുള്ള സാധ്യത കൂടുകയും ചെയ്യും. ഈ സാഹചര്യത്തിലാണ് സർജറി സാധ്യത ഉപേക്ഷിച്ച് ആർത്തവ രക്തത്തിലൂടെയുള്ള രോഗനിർണയം പ്രസക്തി നേടുന്നതെന്നും ഗവേഷകർ വ്യക്തമാക്കുന്നു.
അതേസമയം വിഷയത്തിൽ വലിയ പഠനങ്ങൾ നടത്തിയാൽ മാത്രമേ കൃത്യത ഉറപ്പുവരുത്താനാകൂ എന്ന വിമർശനവും ഉയരുന്നുണ്ട്.
എന്താണ് എൻഡോമെട്രിയോസിസ്?
ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ, ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.
ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.
എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.
ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.
ലക്ഷണങ്ങൾ
ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേർപ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, അടിവയറിലെ മാറാതെ വേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.
ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.
ചികിത്സ
രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദന കുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.
Content Highlights: New Breakthrough: Detect Endometriosis Through Simple Blood Tests
Published: 30 May 2026, 06:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented