കോട്ടയം: കേരളത്തിന്റെ ആരോഗ്യമേഖല ലോകനിലവാരത്തിലുള്ളതാണെങ്കിലും, വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവും രോഗവ്യാപനവും നേരിടാൻ ആരോഗ്യ ഇൻഷുറൻസ് പരിധി കൂട്ടുകയും, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകകൾ വേണമെന്ന് മാതൃഭൂമി സംഘടിപ്പിച്ച ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ് മെഡിക്കൽ കോൺക്ലേവ് 2026 -ൽ അഭിപ്രായമുണ്ടായി. ആരോഗ്യരംഗത്ത് മികച്ച നിലവാരം പുലർത്തുമ്പോഴും സാംക്രമിക - ജീവിതശൈലി രോഗങ്ങളുടെ വർദ്ധനവും ചികിത്സച്ചെലവിലെ അസമത്വങ്ങളും വെല്ലുവിളിയാണെന്ന് ഹീലിംഗ് കേരള – അഫോർഡബിൾ കെയർ, ഫാസ്റ്റർ റിക്കവറി, വൈഡർ റീച്ച് എന്ന പാനൽ ചർച്ച ചൂണ്ടിക്കാട്ടി. ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ബി.പദ്മകുമാർ, ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ ആൻഡ് സീനിയർ കൺസൾട്ടന്റ് ഇൻ അനസേ്തഷ്യ ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ, കോട്ടയം ഭാരത് ഹോസ്പിറ്റൽ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ.ജയിംസ് തോമസ് എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രി അനസ്‌തേഷ്യാ ജൂനിയർ റസിഡന്റ്‌ ഡോ.അശ്വതി സോമൻ മോഡറേറ്ററായി.
ഡോ. ബി. പദ്മകുമാർ
(ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പൽ)
പഴയ സൂചകങ്ങൾവെച്ച് മാത്രം കേരളത്തിന്റെ ആരോഗ്യമേഖല ഭദ്രമാണെന്ന് പറയാനാകില്ല. ഇരട്ട രോഗങ്ങളുടെ വ്യാപനം, വയോജനങ്ങളുടെ വർദ്ധനവും പരിചരണത്തിലെ കുറവുകൾ, കൗമാരക്കാരുടെ ഇടയിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ഉയർന്ന ഔട്ട് ഓഫ് പോക്കറ്റ് എക്‌സ്‌പെൻസ്, എന്നിവ കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളാണ്. ഹെൽത്ത് എജ്യുക്കേഷൻ, കൃത്യമായ വ്യായാമം, ലഹരി ഒഴിവാക്കൽ, വാർഷിക മെഡിക്കൽ സ്‌ക്രീനിങ് എന്നിവയിലൂടെ പ്രതിരോധം എന്ന നയം നടപ്പിലാക്കണം. സർക്കാർ-സ്വകാര്യ ആശുപത്രികൾക്കിടയിലുള്ള രോഗി തിരക്ക് അസന്തുലിതാവസ്ഥ പരിഹരിക്കാൻ പി.പി.പി. മാതൃകകൾ നടപ്പിലാക്കണം. സർക്കാർ തലത്തിൽ നൽകുന്ന ജൻഔഷധി മരുന്നുകളുടെ നിലവാരത്തെക്കുറിച്ചുള്ള സംശയങ്ങളില്ലാതാക്കാൻ കൃത്യമായ ഇടവേളകളിൽ അധികാരികൾ ഗുണനിലവാര പരിശോധന നടത്തണം.
ഡോ. ജാസർ മുഹമ്മദ് ഇക്ബാൽ
(മാനേജിങ് ഡയറക്ടർ, ഇൻഡോ അമേരിക്കൻ
ആശുപത്രി. അനസ്‌തേഷ്യ വിഭാഗം സീനിയർ കൺസൾട്ടന്റ്)
രോഗി ആശുപത്രിയിൽ എത്തുന്നതുമുതൽ തിരിച്ച് സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതുവരെയുള്ള സമഗ്ര പരിചരണമാണ് 'കെയർ'. അത് രോഗിക്കും കുടുംബത്തിനും താങ്ങാനാകുന്നതുമായിരിക്കണം. മെഡിക്കൽ ഉപകരണങ്ങളും സ്റ്റെന്റുകളും ഇന്ത്യയിൽ തന്നെ നിർമ്മിക്കുകയാണെങ്കിൽ ചികിത്സാച്ചെലവ് 80% വരെ കുറയ്ക്കാൻ സാധിക്കും. ഗവൺമെന്റ് വില നിയന്ത്രണം കർശനമാക്കണം. പ്രായമേറിയവർക്കും നിലവിൽ രോഗങ്ങളുള്ളവർക്കും ഇൻഷുറൻസ് ലഭ്യമല്ലാത്ത സാഹചര്യം മാറണം. ഗവൺമെന്റ് ഇൻഷുറൻസ് പരിധി വർധിപ്പിക്കുകയും സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം

To advertise here,

ഡോ. ജയിംസ് തോമസ്
(സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ്,ഭാരത്‌ ഹോസ്പിറ്റൽ, കോട്ടയം)
കേരളത്തിൽ ഹൃദ്രോഗ സേവനങ്ങൾ വളരെ വ്യാപകമാണ്. അടിയന്തരഘട്ടങ്ങളിൽ വേഗത്തിൽ ചികിത്സ ലഭ്യമാക്കാൻ സാധിക്കുന്നുണ്ട്. ഗവൺമെന്റ് മെഡിക്കൽ കോളേജുകളും ജനറൽ ആശുപത്രികളും മികച്ച സേവനമാണ് നൽകുന്നത്. പി.പി.പി. വഴി സർക്കാർ-സ്വകാര്യ ആശുപത്രികളുടെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും. സർക്കാരിന്റെ മെഡിസെപ് പോലുള്ള സ്‌കീമുകളിൽ കൃത്യസമയത്ത് തുക ലഭിക്കാത്തതിനാൽ പല സ്വകാര്യ ആശുപത്രികളും സ്വീകരിക്കാത്ത സ്ഥിതിയുണ്ട്. കാസ്പ്, മെഡിസെപ് പദ്ധതികൾ സർക്കാർ ജീവനക്കാർക്ക് ഗുണം ചെയ്യുന്നുണ്ടെങ്കിലും, ഇൻഷുറൻസ് ഇല്ലാത്ത സാധാരണക്കാർക്ക് ചികിത്സ ചെലവിൽ പ്രയാസങ്ങൾ നേരിടുന്നു. അതിനാൽ ഇൻഷുറൻസ് പരിരക്ഷയുടെ വലുപ്പം കൂട്ടി മുഴുവൻ ജനങ്ങളിലേക്കും ഇത് എത്തിക്കേണ്ടതുണ്ട്.