കോട്ടയം: ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക്സും ആരോഗ്യരംഗത്തും രോഗീപരിചരണത്തിലും ഉൾപ്പെടുത്തുന്നതിലൂടെ ഉണ്ടാകുന്ന അനന്തമായ സാധ്യതകളും പ്രതീക്ഷകളും മാതൃഭൂമി സംഘടിപ്പിച്ച ഇവോൾവ് ഹെൽത്ത്; ദ ഹെൽത്ത് കെയർ സമ്മിറ്റ് മെഡിക്കൽ കേൺക്ലേവ് 2026 -ൽ പാനൽ ചർച്ചയിൽ വ്യക്തമാക്കി. ഒപ്പം എ.െഎ ഉപയോഗത്തിലെ ഡാറ്റ സുരക്ഷ പ്രശ്നങ്ങൾ, നിയമപരമായ പ്രശ്നങ്ങൾ എന്നിവയും എ.െഎ ആൻഡ് റോബോട്ടിക്സ് പവേർഡ് ഹെൽത്ത് കെയർ; ഫ്രം ഇന്നവേഷൻ ടു ഇംപാക്ട് എന്ന പാനൽ ചർച്ചചെയ്തു. സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ്, കൊച്ചി ഐ.എം.എ. മുൻ പ്രസിഡന്റ് ഡോ. രാജീവ് ജയദേവൻ, തിരുവനന്തപുരം സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി അസിസ്റ്റന്റ് സർജൻ ഡോ. യു.ആർ. രാഹുൽ, കോട്ടയം കാരിത്താസ് ആശുപത്രി ഇൻഫെക്ഷ്യസ് ഡിസീസ് കൺസൾട്ടന്റ് ഡോ. ക്രിസ്റ്റി വർഗീസ് ജോൺ എന്നിവർ സംസാരിച്ചു. കേരള സർവ്വകലശാല ഇംഗ്ലീഷ് വിഭാഗം ഗവേഷക വിദ്യാർഥി സിദ്ധാർഥ് എം. ജോയ് മോഡറേറ്ററായി.

To advertise here,

ഡോ. രാജീവ് ജയദേവൻ
(സീനിയർ കൺസൾട്ടന്റ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ്,
മുൻ ഐ.എം.എ. പ്രസിഡന്റ്, കൊച്ചി)
ആരോഗ്യരംഗത്ത് എ.ഐ ചികിത്സാ ചെലവുകൾ കുറയ്ക്കുന്നതിനും മികച്ച ഇൻഷുറൻസ് പദ്ധതികൾ തിരഞ്ഞെടുക്കുന്നതിനും സാധാരണക്കാരെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട്. എ.ഐക്ക് വരാവുന്ന 'ഹാലുസിനേഷൻ' അതായത് തെറ്റായതോ കൃത്യമല്ലാത്തതോആയ വിവരങ്ങൾ നൽകാനുള്ള സാധ്യതകളെക്കുറിച്ച് നമ്മൾ എപ്പോഴും ബോധവാനായിരിക്കണം. അതിനാൽ, സാങ്കേതികവിദ്യയെ ആശ്രയിക്കുമ്പോൾതന്നെ നമ്മുടെ സ്വന്തം ജാഗ്രതയും കൃത്യമായ ചോദ്യങ്ങൾ ചോദിക്കാനുള്ള അറിവും ഒരുപോലെ പ്രധാനമാണ്. എ.ഐ മോഡലുകൾക്ക് പിന്നിലെ ഡാറ്റാ ശേഖരണം എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതാകണം. അല്ലെങ്കിൽ തെറ്റായ രോഗനിർണ്ണയത്തിനോ മോശം ചികിത്സയ്ക്കോ കാരണമാകാം.

ഡോ. യു.ആർ.രാഹുൽ
(അസിസ്റ്റന്റ് സർജൻ, തിരുവനന്തപുരം
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി)
ആരോഗ്യമേഖലയിൽ എ.ഐ ഉപയോഗപ്പെടുത്തുന്നതിലൂടെ രോഗനിർണയം, ഗവേഷണം, പ്രിസിഷൻ മെഡിസിൻ എന്നിവയിൽ വലിയ പുരോഗതി ഉണ്ടാകുന്നുണ്ട്. ഒപ്പംതന്നെ ആരോഗ്യമേഖലയിൽ തൊഴിൽനഷ്ട സാധ്യതയുണ്ടോയെന്ന ആശങ്ക പലരിലുമുണ്ട്. ഡോക്യുമെന്റേഷൻ, അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഭാഗങ്ങളിലെ ജോലിഭാരം കുറയ്ക്കാനും ഭാവിയിൽ ഇത്തരം കാര്യങ്ങളെ ഓട്ടോമേറ്റ് ചെയ്യാനും എ.ഐക്ക് സാധിക്കുമെങ്കിലും, സമീപഭാവിയിൽ തന്നെ ക്ലിനിക്കൽ രംഗത്തെ മനുഷ്യശക്തിയെ പൂർണ്ണമായി എ.ഐ മാറ്റിസ്ഥാപിക്കില്ല. റോബോട്ടിക്സ് ശസ്ത്രക്രിയകളും മറ്റും കൂടുതൽ കൃത്യതയോടെ ചെയ്യാൻ സഹായിക്കുമെങ്കിലും, ഡോക്ടർമാരുടെയോ മറ്റ് ആരോഗ്യപ്രവർത്തകരുടെയോ സ്ഥാനത്ത് പൂർണ്ണമായും റോബോട്ടുകൾ വരുന്നത് പെട്ടെന്ന് സംഭവിക്കാനിടയില്ല.

ഡോ.ക്രിസ്റ്റി വർഗീസ് ജോൺ
(ഇൻഫെക്ഷ്യസ് ഡിസീസ് കൺസൾട്ടന്റ്, കാരിത്താസ്
ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് ഹെൽത്ത് സയൻസ്)
പകർച്ചവ്യാധികൾ പെട്ടെന്ന് പടരാൻ സാധ്യതയുള്ള ഹോട്ട്സ്പോട്ടുകൾ മുൻകൂട്ടി കണ്ടെത്താനും കാലാവസ്ഥാ വ്യതിയാനങ്ങളും സീസണൽ മാറ്റങ്ങളും വിശകലനം ചെയ്ത് വൈറസുകളുടെയോ മറ്റ് രോഗങ്ങളുടെയോ വ്യാപനം മുൻകൂട്ടി പ്രതിരോധിക്കാൻ എ.ഐ സഹായിക്കും. പക്ഷേ എ.ഐ ഉപയോഗിക്കുമ്പോൾ രോഗികളുടെ സെൻസിറ്റീവായ ആരോഗ്യ വിവരങ്ങൾ കോമേഴ്സ്യൽ ആവശ്യങ്ങൾക്കോ മറ്റോ ദുരുപയോഗം ചെയ്യപ്പെടാതെ കർശനമായ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ട്. ഡിജിറ്റൽ ഡാറ്റ ആക്സസ് ചെയ്യുമ്പോഴും എ.െഎ മോഡലുകൾ പരിശീലനം ചെയ്യുമ്പോഴും കർശനമായ നിയമപരമായ ചട്ടക്കൂടുകളും (ഡിജിറ്റൽ പേർസണൽ ഡാറ്റ പ്രോട്ടക്ഷൻ ആക്ട് പോലുള്ളവ) ഡാറ്റ പ്രൈവസി നിയമങ്ങളും പാലിക്കപ്പെടണം.