പാലക്കാട്: മൊബൈൽ ഫോൺ, സാമൂഹികമാധ്യമങ്ങൾ, ഇൻറർനെറ്റ് എന്നിവയുടെ ദുരുപയോഗം കുട്ടികളുടെ ജീവനെടുക്കുന്നു. ഡിജിറ്റൽ ആസക്തിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാൽ നാലുവർഷത്തിനിടെ 41 കുട്ടികളാണ് ആത്മഹത്യ ചെയ്തത്. 2021 മുതൽ 2025 സെപ്റ്റംബർവരെയുള്ള ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കാണിത്.
മൊബൈൽ ഫോണടക്കം ഡിജിറ്റൽ ഉപകരണങ്ങളോടുള്ള അമിതാസക്തിയെത്തുടർന്ന് രണ്ടരവർഷത്തിനിടെ സംസ്ഥാനത്ത് ഡിജിറ്റൽ ഡീ-അഡിക്ഷൻ കേന്ദ്രങ്ങളിൽ (ഡി-ഡാഡ്) 1992 കുട്ടികളാണ് ചികിത്സാസഹായം തേടിയത്. 2023 മാർച്ച് മുതൽ 2025 ജൂലായ് വരെയുള്ള കണക്കാണിത്. ആറ് ഡി-ഡാഡ് കേന്ദ്രങ്ങളിൽ കൊല്ലം ജില്ലയിലെ കേന്ദ്രത്തിലാണ് കൂടുതൽ പേരെത്തിയത്-480 കേസുകൾ. കോഴിക്കോട്-325, തൃശ്ശൂർ-304, കൊച്ചി-300, തിരുവനന്തപുരം-299, കണ്ണൂർ-284 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ കണക്ക്.
ഓൺലൈൻ ഗെയിമുകൾ, സാമൂഹികമാധ്യമങ്ങളുടെ അമിതോപയോഗം തുടങ്ങിയവയിലാണ് ചികിത്സാസഹായം നൽകിയത്. ഡിജിറ്റൽ ആസക്തിയുള്ള കുട്ടികളെ ലഹരിക്കടത്തിനും മറ്റും ഉപയോഗിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കുട്ടികൾക്ക് മൊബൈൽ ഫോണടക്കമുള്ള വിലകൂടിയ സമ്മാനങ്ങൾ നൽകിയാണ് ചൂഷണം ചെയ്യുന്നത്.
ഡിജിറ്റൽ ലോകത്ത് അച്ചടക്കമുള്ളവരായിരിക്കുക
ഡിജിറ്റൽ മാധ്യമങ്ങളുടെ ഉപയോഗത്തിൽ സ്വയം നിയന്ത്രിക്കാനും അച്ചടക്കം പാലിക്കാനും പ്രാപ്തനാവുകയെന്നതാണ് ഡിജിറ്റൽ ആസക്തിയില്ലാതിരിക്കാനുള്ള പ്രധാനമാർഗം. ഓൺലൈൻ ക്ലാസുകളടക്കമുള്ള സാഹചര്യത്തിൽ ഇന്ന് കുട്ടികൾ ഡിജിറ്റൽ മാധ്യമങ്ങൾ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ്. കുട്ടികൾ ഇവ ശരിയായ രീതിയിലാണ് ഉപയോഗിക്കുന്നതെന്ന് രക്ഷിതാക്കളും ഉറപ്പാക്കണം.
ശരത് സുന്ദർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,
ഗവ.മാനസികാരോഗ്യകേന്ദ്രം, കുതിരവട്ടം
ഡിജിറ്റൽ മേഖലയിലെ വ്യാജന്മാരെ തിരിച്ചറിയണം
വ്യാജപ്രൊഫൈലുകളുണ്ടാക്കി കുട്ടികളോട് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ അവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചൂഷണം ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾ കൂടുന്നുണ്ട്. ഡിജിറ്റൽ മേഖലയിലെ വ്യാജന്മാരെ തിരിച്ചറിയണം. ഇതിനായുള്ള ബോധവത്കരണം വീട്ടിൽ നിന്ന് തുടങ്ങണം. പലപ്പോഴും ഡിജിറ്റൽ ആസക്തിയുള്ള മാതാപിതാക്കളാണ് കുട്ടികളെ ഇതിലേക്ക് നയിക്കുന്നത്. ഇക്കാര്യത്തിൽ രക്ഷിതാക്കൾ കുട്ടികൾക്ക് മാതൃകയാകണം.
ടി. ശശികുമാർ, എസ്.എച്ച്.ഒ
സൈബർ ക്രൈം വിഭാഗം, പാലക്കാട്
Content Highlights: 41 children in Palakkad died by suicide due to digital addiction
Published: 23 Sept 2025, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented