ആലപ്പുഴ: 2020-ൽ രാജ്യത്ത് രണ്ടാമത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചത് ആലപ്പുഴയിലായിരുന്നു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു രോഗം. 2020 ഫെബ്രുവരി രണ്ടിനായിരുന്നു അത്. അന്നുതൊട്ട് കോവിഡിനെ തുരത്താനുള്ള പോരാട്ടമായിരുന്നു. ഒരുപരിധിവരെ അതു വിജയിക്കുകയും ചെയ്തു.

To advertise here,

കുറച്ചുനാളായി ജില്ലയിലെ പ്രതിദിന രോഗികൾ അഞ്ചിൽത്താഴെയാണ്. ബുധനാഴ്ച ഒരാൾക്കുമാത്രമാണ് രോഗം പിടിപെട്ടത്. പക്ഷേ, അതെല്ലാം പഴയ കോവിഡ്. പുതിയ വകഭേദം അതിവ്യാപനശേഷിയുള്ളതാണ്. ചൈനയിൽ നിന്നെത്തിയ ബി.എഫ്.7 ഒമിക്രോൺ വൈറസ് ഇന്ത്യയിൽ ബുധനാഴ്ച സ്ഥിരീകരിച്ചതോടെ പുതിയ വകഭേദത്തെ ജില്ല ആശങ്കയോടെയാണു കാണുന്നത്. അതുകൊണ്ടുതന്നെ പുതിയ കോവിഡ് വകഭേദത്തെ നേരിടാൻ ജില്ല കടുത്ത ജാഗ്രതയിലേക്കു നീങ്ങുകയാണ്.

മുഖാവരണവും സാനിറ്റൈസറും സോപ്പിട്ട് കൈകഴുകലും സാമൂഹികാകലം പാലിക്കലുമെല്ലാം ഇനി തുടങ്ങണം. ഇതിനുള്ള നിർദേശങ്ങൾ ആരോഗ്യവകുപ്പ് നൽകിക്കഴിഞ്ഞു.

ഗുജറാത്തിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചതെങ്കിലും ക്രിസ്മസ്-പുതുവത്സരം എന്നിവ പ്രമാണിച്ച് ഒട്ടേറെ വിദേശമലയാളികൾ നാട്ടിലേക്കു മടങ്ങുന്നുണ്ട്. അതിനാൽ പുതിയ വകഭേദം ഇവിടെയെത്താനുള്ള സാധ്യതയുണ്ട്. അതിനാലാണ് കടുത്ത ജാഗ്രത സ്വീകരിക്കുന്നത്. 2020-ൽ ഇന്ത്യയിൽ ആദ്യമായി കോവിഡ് സ്ഥീരികരിച്ച തൃശ്ശൂർ സ്വദേശിനിയുടെ കൂട്ടത്തിൽ വിമാനത്തിൽ യാത്രചെയ്ത ആലപ്പുഴ സ്വദേശിക്കാണ് അന്നു രോഗം സ്ഥിരീകരിച്ചത്.

പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായിരുന്നിട്ടും ജില്ലയിൽ നാലുക്ഷത്തിലേറെപ്പേരെയാണ് കോവിഡ് പിടികൂടിയത്. 5,300-ലേറെപ്പേർ മരിക്കുകയും ചെയ്തു.

അതിവ്യാപനശേഷിയില്ലാത്ത കോവിഡായിരുന്നു അതെങ്കിലും ആദ്യം വാക്സിനേഷൻ കണ്ടുപിടിക്കാത്തതിനാൽ മരണസംഖ്യ കൂടുതലായിരുന്നു. മരണക്കണക്ക് സംബന്ധിച്ച വിവാദങ്ങളുയർന്നതിനാൽ ഇപ്പോഴും കൃത്യമായ കണക്ക് പുറത്തുവന്നിട്ടില്ല. എങ്കിലും വാക്സിനേഷൻ ആരംഭിച്ചതോടെയാണ് മരണനിരക്ക് കുറയ്ക്കാനായത്.

വാക്സിൻ തേടിയെത്തുന്നത് രണ്ടോമൂന്നോപേർ മാത്രം

കോവിഡ് വ്യാപകമായിരുന്ന സമയത്ത് ആളുകൾ കൃത്യമായി വാക്സിനെടുത്തിരുന്നു. പിന്നീട്, അതു നിലച്ചു. 17.39 ലക്ഷം പേർ ജില്ലയിൽ ആദ്യഡോസ് വാക്സിനെടുത്തു. എന്നാൽ, രണ്ടാം ഡോസ് മുഴുവനാളുകളിലുമെത്തിക്കാനായില്ല. 16.29 ലക്ഷം പേർ മാത്രമാണ് രണ്ടാം ഡോസെടുത്തത്. മുൻകരുതൽ വാക്സിനെടുക്കാത്തവർ ഏറെയാണ്. 2.66 ലക്ഷം പേർ മാത്രമാണ് മുൻകരുതൽ വാക്സിനെടുത്തിട്ടുള്ളൂ. ദിവസം രണ്ടോമൂന്നോ പേർ മാത്രമാണിപ്പോൾ കോവിഡ് വാക്സിൻ തേടിയെത്തുന്നത്.