നോയിഡ: പനി, ചുമ, ജലദോഷം എന്നിവ ബാധിച്ച് ചികിത്സയിലെത്തുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്.  കഴിഞ്ഞ കുറച്ചുമാസങ്ങൾക്കുള്ളിൽ ചുമയും ജലദോഷവുമായി എത്തുന്നവരുടെ എണ്ണം 40 ശതമാനത്തോളം വർധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നോയിഡ ആരോ​ഗ്യവിഭാ​ഗം നടത്തിയ പഠനത്തിനൊടുവിലാണ് ഈ കണ്ടെത്തലിൽ എത്തിയിരിക്കുന്നത്. 

To advertise here,

കഴിഞ്ഞ മൂന്നാഴ്ച്ചയ്ക്കുള്ളിൽ ചികിത്സയ്ക്കെത്തിയ 3500ഓളം രോ​ഗികളെ ആസ്പദമാക്കിയാണ് പഠനം സംഘടിപ്പിച്ചത്. ഇവയിൽ 660ഓളം രോ​ഗികൾക്ക് കോവിഡ് സമാന ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ആന്റിജെൻ ടെസ്റ്റിൽ അവരിലാരും തന്നെ കോവിഡ് പോസിറ്റീവ് ആയിരുന്നില്ല. ദ്രുത​ഗതിയിലുള്ള രോ​ഗവ്യാപനത്തിനുപിന്നിൽ ഇൻഫ്ളുവൻസ വൈറസായ  H3N2 ആകുമെന്നാണ് വിദഗ്ധരുടെ നിഗമനം. മതിയായ മുൻകരുതലുകൾ സ്വീകരിക്കുന്നതാണ് രോ​ഗപ്രതിരോധത്തിൽ പ്രധാനമെന്നും വിദ​ഗ്ധർ പറയുന്നു.

H3N2 ബാധിച്ച രോ​ഗികൾ മൂന്നു ദിവസത്തിനുള്ളിൽ പനി മാറുമെങ്കിലും ജലദോഷവും ചുമയും മൂന്നുമുതൽ നാലാഴ്ച്ചകളോളം നീണ്ടുനിൽക്കാറുണ്ടെന്നും ഡോക്ടർമാർ പറയുന്നു. ഇരുരോ​ഗങ്ങളുടെയും ലക്ഷണങ്ങൾ ഒന്നാണെങ്കിലും കൂടുതൽ വ്യാപനത്തിന് ഇടയാക്കുന്നത് കോവിഡ് വൈറസ് തന്നെയാണെന്നും വിദ​ഗ്ധർ പറയുന്നു. 

അതിനിടെ H3N2 ഉൾപ്പെടെയുള്ള എല്ലാ പകർച്ചപ്പനികളും നേരിടാൻ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. ശ്വാസകോശസംബന്ധ അസുഖങ്ങൾ, മറ്റു പകർച്ചവ്യാധികൾ എന്നിവ സ്ഥിരീകരിക്കുന്ന രോഗികളുടെ അനുപാതം സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങൾക്ക് കത്തയച്ചു.

ആവശ്യത്തിന് മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, ഓക്സിജൻ തുടങ്ങിയവ ആശുപത്രികളിൽ ഉറപ്പാക്കണം. കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയമിക്കണം. കൂടുതൽ സാമ്പിളുകൾ പരിശോധനയ്ക്ക് അയക്കണം. രോഗവ്യാപനം നിയന്ത്രിക്കാൻ കോവിഡ് നേരിടാൻ സ്വീകരിച്ച മുൻ കരുതലുകൾ സ്വീകരിക്കണം.

കൊച്ചുകുട്ടികൾ, പ്രായമായവർ, മറ്റു അസുഖങ്ങളാൽ ബുദ്ധിമുട്ടുന്നവർ, ഗർഭിണികൾ എന്നിവർക്ക് എച്ച്1 എൻ1, എച്ച്3 എൻ2 മുതലായവ ബാധിക്കാൻ സാധ്യതയുണ്ടെന്ന് കത്തിൽ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. അവർ കൂടുതൽ ജാഗ്രത പാലിക്കണം.

ജനങ്ങൾക്കിടയിൽ രോഗത്തെ കുറിച്ച് അവബോധം വളർത്താനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എച്ച്3 എൻ2 ബാധിച്ച് കർണാടകയിൽ പ്രമേഹബാധിതനായ 82-കാരനും ഹരിയാണയിൽ ശ്വാസകോശ അർബുദബാധിതനായ 56-കാരനും മരിച്ചതായി കഴിഞ്ഞ ദിവസം അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു.

ജനുവരി രണ്ടുമുതൽ മാർച്ച് അഞ്ചുവരെ രാജ്യത്ത് 451 എച്ച്3 എൻ2 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കണക്കുകളിൽ പറയുന്നു. മാസാവസാനം കേസുകൾ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. യു.എസ്. സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി.) പ്രകാരം, എച്ച്3 എൻ2 വൈറസ് സാധാരണയായി പന്നികളിലൂടെ പടർന്ന് മനുഷ്യരെ ബാധിക്കുകയാണ് ചെയ്യുന്നത്.

ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം H3N2 ബാധിതരിൽ 92ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസ്സവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും 7ശതമാനം പേർക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കുന്നു. 

H3N2 ലക്ഷണങ്ങൾ

  • പനി
  • ചുമ‌
  • മൂക്കൊലിപ്പ്
  • ശരീരവേദന
  • ഛർദി
  • ഓക്കാനം
  • വയറിളക്കം‌

രോ​ഗപ്രതിരോധത്തിനായി ഐ.സി.എം.ആർ. പുറത്തിറക്കിയ മാർ​ഗനിർദേശങ്ങൾ

  • വെള്ളവും സോപ്പും ഉപയോ​ഗിച്ച് ഇടയ്ക്കിടെ കൈകൾ കഴുകുക
  • മാസ്ക് ഉപയോ​ഗിക്കുകയും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കുകയും ചെയ്യുക. 
  • മുഖവും മൂക്കും ഇടയ്ക്കിടെ സ്പർശിക്കുന്നത് ഒഴിവാക്കുക. 
  • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക. 
  • ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപെടാൻ ഇടവരുത്താതിരിക്കുകയും ചെയ്യുക. 
  • പനി, ശരീരവേദന തുടങ്ങിയ അനുഭവപ്പെട്ടാൽ പ്രിസ്ക്രൈബ് ചെയ്ത മരുന്നുകൾ മാത്രം കഴിക്കുക. 
  • പൊതുയിടത്ത് തുപ്പാതിരിക്കുക. 
  • ആന്റിബയോട്ടിക്കുകൾ കൊണ്ട് സ്വയം ചികിത്സ നടത്താതിരിക്കുക.