ആലപ്പുഴ: ജലദോഷപ്പനി പോലെ വന്നുപോയിരുന്ന ഇൻഫ്ലുവൻസ വൈറസ് കൂടുതൽ അപകടകാരിയാകുന്നു. സംസ്ഥാനത്ത് ഈ വർഷം 35 പേർ മരിച്ചത് ഇൻഫ്ലുവൻസ മൂലമാണെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതിൽ 11 പേർ മരിച്ചത് ഈ മാസമാണ്. മരണസാധ്യത കുറവെന്ന് ഡോക്ടർമാർ പറയുമ്പോഴാണിത്.

To advertise here,

കേരളത്തിൽ ഈ വർഷം ഇൻഫ്ലുവൻസ വൈറസ് ബാധിച്ചത് അയ്യായിരത്തിലേറെപ്പേർക്കാണ്. ഇതിൽ 1,700 പേർക്കും രോഗം പിടിപെട്ടത് ഈ മാസമാണ്. ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട എച്ച്3 എൻ2 വൈറസിന്റെ സാന്നിധ്യമാണ് കൂടുതൽ പേരിലും കാണുന്നതെന്ന് ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ പരിശോധനയിൽ വ്യക്തമായി.

എറണാകുളം, തിരുവനന്തപുരം, തൃശ്ശൂർ, ആലപ്പുഴ ജില്ലകളിലാണ് വൈറസ് സാന്നിധ്യമേറെ. വായുവിലൂടെ പകരുന്ന രോഗമായതിനാൽ ഒത്തുചേരലുകളിൽ ജാഗ്രത വേണം. കോവിഡിനു സമാനമായ പ്രതിരോധം വേണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ മുന്നറിയിപ്പ്.എ, ബി, സി, ഡി വിഭാഗങ്ങളിൽ ഇൻ‌ഫ്ലുവൻസ വൈറസുണ്ട്. ഇതിൽ എ, ബി വിഭാഗങ്ങളിൽപ്പെട്ടവയാണ് കേരളത്തിൽ കണ്ടുവരുന്നത്. എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയാണ് എ വിഭാഗത്തിൽപ്പെട്ടവ. ഇതിൽ എച്ച്1 എൻ1 നേരത്തേയുണ്ട്. 2023-ലാണ് എച്ച്3 എൻ2 ഇന്ത്യയിൽ മരണകാരിയായിത്തുടങ്ങിയത്.

ലക്ഷണം

ചുമ, പനി, ഛർദ്ദി, തൊണ്ടവേദന, പേശിവേദന, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ലക്ഷണങ്ങൾ. ഒരാഴ്ചയോളം നീണ്ടുനിൽക്കും. തുടർച്ചയായ പനി, നെഞ്ചുവേദനയും അസ്വസ്ഥതയും, ഭക്ഷണം കഴിക്കുമ്പോഴുള്ള വേദന എന്നിവ അനുഭവപ്പെട്ടാൽ ചികിത്സതേടണം.

പകരുന്നത്

രോഗബാധിതനായ വ്യക്തി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പടരും. വൈറസ് ബാധയേറ്റ പ്രതലവുമായി സമ്പർക്കത്തിലായ വ്യക്തി വായിലോ മൂക്കിലോ കൈകൊണ്ട് സ്പർശിച്ചാലും പകരും.

വാർഷിക വാക്സിനേഷൻ ഉചിതം

കാലാവസ്ഥയിലെ മാറ്റമാണ് എച്ച്3എൻ2 വൈറസ് വ്യാപനത്തിന് കാരണം. പ്രായമായവർ, കുട്ടികൾ, പ്രതിരോധശേഷി കുറഞ്ഞവർ, സ്റ്റിറോയ്ഡ‍് പോലുള്ള മരുന്നുപയോ​ഗിക്കുന്നവർ തുടങ്ങിയവരിൽ ഇത് ന്യൂമോണിയ ഉൾപ്പെടെയുള്ള സങ്കീർണതയുണ്ടാക്കും. അതാകാം മരണനിരക്ക് കൂടാൻ കാരണം. വാക്സിനെടുത്ത് ഇൻഫ്ലുവൻസയെ പ്രതിരോധിക്കാം. വൈറസുകൾക്ക് ജനിതകവ്യതിയാനം വരുന്നതിനാൽ ഓരോവർഷവും വാക്സിനെടുക്കണം. വ്യക്തിശുചിത്വം, മാസ്ക്, ഇടയ്ക്കിടെ കൈ കഴുകൽ എന്നിവയും ശീലമാക്കണം.

ഡോ. ബി. പദ്മകുമാർ
പ്രിൻസിപ്പൽ, ആലപ്പുഴ മെഡിക്കൽ കോളേജ്