വൃക്കരോഗങ്ങളാൽ വലയുന്നവർ കൂടുകയാണെന്നാണ് പല കണക്കുകളും പറയുന്നത്. ഇപ്പോഴിതാ തിരിച്ചറിയപ്പെടാതെ പോകുന്ന വിട്ടുമാറാത്ത വൃക്കരോഗം ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ അപകടത്തിലാക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. കിഡ്നി റിസർച്ച് യു.കെ.യിൽ നിന്നുള്ള മുൻ അംഗമായ ഡോ. ജെന്നിഫർ ലീസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ക്രോണിക് കിഡ്നി രോഗം നിരവധിപേരുടെ ജീവൻ അപായത്തിലാക്കുന്നുവെന്ന് പഠനം പറയുന്നു.
ഗ്ലാസ്‌ഗോയിലെ യൂറോപ്യൻ റീനൽ അസോസിയേഷൻ സമ്മേളനത്തിൽ പങ്കുവെച്ച ഗവേഷണം ദി ലാൻസെറ്റിൽ ജേർണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രോഗനിർണയ നിരക്ക് കുറയുന്നതും വൈകിയുള്ള ചികിത്സ മൂലമുള്ള സങ്കീർണ്ണതകളും അപകടസാധ്യതകളും പഠനം പരിശോധിച്ചു.
നിലവിൽ ലോകമെമ്പാടുമുള്ള 84 കോടിയിലേറെ പേരെ ക്രോണിക് കിഡ്നി ഡിസീസ് ബാധിക്കുന്നുണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഒൻപതാമത്തെ പ്രധാന മരണകാരണമാകുന്ന രോഗമാണിത്. 2040 ആകുമ്പോഴേക്കും അഞ്ചാമത്തെ പ്രധാന മരണകാരണമായി ഇത് മാറുമെന്നും ഗവേഷകർ പറയുന്നു. യുകെയിൽ ഏകദേശം 72ലക്ഷം ആളുകൾക്ക് ക്രോണിക് കിഡ്നി ഡിസീസ് ഉണ്ടെന്ന് കിഡ്നി റിസർച്ച് യുകെ കണക്കാക്കുന്നു.
2023 ൽ കിഡ്നി റിസർച്ച് യുകെ പ്രസിദ്ധീകരിച്ച ഒരു വലിയ റിപ്പോർട്ടിനു പിന്നാലെയാണ് ഗവേഷണത്തിനും തുടക്കമാകുന്നത്. വൃക്കരോഗം അതിവേഗം വർധിച്ചുകൊണ്ടിരിക്കുകയാണെന്നും 2033 ആകുമ്പോഴേക്കും യു.കെയിൽ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി മാറിയേക്കാമെന്നുമാണ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്.
വിട്ടുമാറാത്ത വൃക്കരോഗത്തെ ചികിത്സിക്കുന്നതിൽ പ്രാരംഭഘട്ടത്തിലെ രോഗനിർണയം നിർണായകമാണെന്നും ഗവേഷകർ പറയുന്നു. ലളിതവും താങ്ങാനാവുന്നതുമായ മൂത്രപരിശോധനയിലൂടെ ഈ അവസ്ഥ കണ്ടെത്താനാകും. എന്നിരുന്നാലും പലരും ഈ പരിശോധനയ്ക്ക് തയ്യാറാകുന്നില്ല. വൃക്കരോഗം ഗുരുതരമായതിനുശേഷമേ പലരും കൃത്യമായ ചികിത്സ തേടാറുള്ളൂ എന്നത് വെല്ലുവിളിയാണെന്നും പഠനം പറയുന്നുണ്ട്.
ഗുരുതരമല്ലാത്ത വൃക്കരോഗമുള്ളവർ പലപ്പോഴും ആരോഗ്യവാന്മാരായിത്തന്നെ കാണപ്പെടാം. പ്രാരംഭഘട്ടത്തിൽ കാണുന്ന ചൊറിച്ചിൽ, ക്ഷീണം, ഓക്കാനം, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസംമുട്ടൽ, വിശപ്പില്ലായ്മ, കൂടുതൽ മൂത്രമൊഴിക്കാനുള്ള തോന്നൽ, മൂത്രത്തിൽ രക്തം തുടങ്ങിയവ മറ്റ് ആരോഗ്യ പ്രശ്നങ്ങളായി തെറ്റിദ്ധരിക്കപ്പെടുന്നതും വെല്ലുവിളിയാണ്. രോഗത്തിന്റെ ഏറ്റവും ഗുരുതരമായ ഘട്ടങ്ങളിൽ മാത്രമേ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകൂ. അപ്പോഴേക്കും വൃക്കകളുടെ പ്രവർത്തനം പരാജയപ്പെട്ട് ഡയാലിസിസ് ചെയ്യുകയോ അല്ലെങ്കിൽ വൃക്ക മാറ്റിവെക്കുകയോ മാത്രമാവൂം രോഗിയുടെ ജീവൻ നിലനിർത്താനുള്ള വഴി.
2023 ൽ, ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും ഈ വിഷയത്തെ ഒരു പ്രധാന ആഗോള ആരോഗ്യ പ്രശ്നമായി അംഗീകരിച്ചിട്ടും, ക്രോണിക് കിഡ്നി ഡിസീസ് നിർണയം മെച്ചപ്പെടുത്തുന്നില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദ്രോഗം ഉള്ളവർ തുടങ്ങിയവ ഉള്ളവർ വൃക്കരോഗ സാധ്യത കുറയ്ക്കാൻ കൃത്യസമയത്ത് പരിശോധനകൾ നടത്തുന്നില്ലെന്നതും പ്രധാനമാണ്. അപകടസാധ്യതയുള്ള രോഗികളെ കണ്ടെത്തി രോഗനിർണയം വൈകിക്കാതിരിക്കാനും അടിയന്തര പരിചരണം നൽകാനും സർക്കാരുകൾ മുൻഗണന നൽകണമെന്നും അല്ലെങ്കിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് രോഗികളുടെ ജീവൻ നഷ്ടമാകാനിടയുണ്ടെന്നും പഠനം മുന്നറിയിപ്പ് നൽകുന്നു.
Content Highlights: Chronic Kidney Disease (CKD) is currently the 9th leading cause of death globally., Projections indicate CKD will become the 5th leading cause of death by 2040., Early symptoms like fatigue and nausea are often ignored or misdiagnosed.
Published: 04 Jun 2026, 10:26 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented