മണ്ണിലും ജൈവാവശിഷ്ടങ്ങളിലും മറ്റുമുള്ള ഒരു ബാക്ടീരിയയാണ് ക്ലോസ്ട്രീഡിയം ടെറ്റനി. ശരീരത്തിലെ മുറിവുകളിലൂടെ ഈ ബാക്ടീരിയ അകത്തുകടന്നാൽ അത് ടെറ്റനസ് എന്ന രോഗമുണ്ടാക്കുന്നു. ക്ലോസ്ട്രീഡിയം ടെറ്റനി ബാക്ടീരിയ പുറപ്പെടുവിക്കുന്ന വിഷാംശം മൂലമാണ് ടെറ്റനസ് ഉണ്ടാകുന്നത്. മാരകമായ ഒരു രോഗമാണ് ടെറ്റനസ്. മുറിവുകളിലൂടെ വളരെ പെട്ടെന്നുതന്നെ ഈ രോഗാണു ശരീരത്തിലെത്തി നാഡികളെ ബാധിക്കുന്നു. അങ്ങനെ പേശികളെല്ലാം വലിഞ്ഞുമുറുകുന്നു. വായ തുറന്നാൽ അടയ്ക്കാൻ പറ്റാത്ത അവസ്ഥ മുതൽ ശ്വാസതടസ്സം വരെ ഉണ്ടായേക്കാം. ഈ രോഗം ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് പകരില്ല. 

To advertise here,

എന്താണ് ടി.ടി. വാക്‌സിൻ?

ടെറ്റനസ് തടയാനുള്ള പ്രതിരോധ കുത്തിവെപ്പാണ് ടെറ്റനസ് വാക്‌സിൻ. ടെറ്റനസ് ടോക്സോയിഡ് (ഠലമേിൗ െീേഃീശറഠഠ) എന്നും ഇത് അറിയപ്പെടുന്നു. ഇത് ഒരു ടോക്സോയ്ഡ് വാക്‌സിനാണ്. അതായത്, ബാക്ടീരിയയുടെ വിഷാംശം (ടോക്‌സിൻ) നിർജീവമാക്കിയ തരത്തിലാണ് ഈ വാക്‌സിൻ ഘടകം. അതുകൊണ്ടുതന്നെ ഈ കുത്തിവെപ്പ് എടുക്കുമ്പോൾ ക്ലോസ്ട്രീഡിയം ടെറ്റനി ബാക്ടീരിയയ്ക്ക് എതിരെയുള്ള പ്രതിരോധം ശരീരത്തിൽ ഉണ്ടാവുന്നു.

ഇൻട്രാ മസ്‌കുലാർ (പേശികളിലേക്കുള്ള കുത്തിവെപ്പ്) ആയിട്ടാണ് ഈ വാക്‌സിൻ എടുക്കുന്നത്. കൈകൾ, കാലുകൾ, നിതംബം എന്നിവിടങ്ങളിൽ ടി.ടി. ഇഞ്ചക്ഷൻ എടുക്കാവുന്നതാണ്.

ടി.ടി. വാക്‌സിൻ എപ്പോഴൊക്കെയാണ് എടുക്കേണ്ടത്?

അഞ്ചുവയസ്സിന് താഴെ പ്രായമുള്ള കുട്ടികളിൽ, ജനിച്ച് ആറാഴ്ച, പത്ത് ആഴ്ച, 14 ആഴ്ചകളിൽ നൽകുന്ന പെന്റാവാലന്റ് വാക്‌സിനിൽ ടെറ്റനസ് വാക്‌സിൻ അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ഒന്നരവയസ്സിലും അഞ്ചുവയസ്സിലും എടുക്കുന്ന ഡി.പി.ടി. (ഉജഠ) വാക്‌സിനിലും ടെറ്റനസ് വാക്‌സിൻ ഉണ്ട്. ഇതിനുശേഷം 10 വയസ്സിലും 15 വയസ്സിലും ടെറ്റനസ് വാക്‌സിൻ അടങ്ങിയ ഠറഢമര. നൽകുന്നുണ്ട്. ഇത്തരത്തിൽ ഏഴ് ഡോസ് വാക്‌സിനും സ്വീകരിച്ചവർ പിന്നീട് 10 വർഷം കൂടുമ്പോൾ ബൂസ്റ്റർ ഡോസ് എടുക്കണം.

മേൽപ്പറഞ്ഞ ഡോസുകളൊന്നും എടുക്കാത്തവർ എങ്ങനെയാണ് ടി.ടി. വാക്‌സിൻ എടുക്കേണ്ടത്?

ഇതുവരെ ടി.ടി. വാക്‌സിൻ എടുക്കാത്തവർ മൂന്ന് ഡോസ് വാക്‌സിൻ എടുക്കണം. ആദ്യ രണ്ട് ഡോസുകൾ നാലാഴ്ചകൾ ഇടവിട്ടും മൂന്നാമത്തെ ഡോസ് ആറുമാസത്തിനുശേഷവുമാണ് എടുക്കേണ്ടത്. ഈ ഡോസുകൾ എടുത്തവർ അതിനുശേഷം 10 വർഷത്തിലൊരിക്കൽ ബൂസ്റ്റർ ഡോസ് എടുക്കണം.

മുറിവുകൾ ഉണ്ടാകുമ്പോൾ എങ്ങനെയാണ് ടി.ടി. വാക്‌സിൻ എടുക്കേണ്ടത്?

ടി.ടി. വാക്‌സിന്റെ എല്ലാ ഡോസുകളും കൃത്യമായി എടുത്തവർ ഇടയ്ക്ക് മുറിവ് ഉണ്ടാവുമ്പോൾ വാക്‌സിൻ എടുക്കേണ്ട ആവശ്യമില്ല. വളരെ ആഴത്തിലുള്ള മുറിവാണെങ്കിൽ നിങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ ഒരു ബൂസ്റ്റർ ഡോസ് ടി.ടി. വാക്‌സിൻ എടുക്കാവുന്നതാണ്.

പൊതുവേ അഞ്ചുവർഷം കഴിയുമ്പോൾ വാക്‌സിനിലൂടെ ശരീരത്തിൽ ഉണ്ടായ പ്രതിരോധ ശേഷിയുടെ ശക്തി കുറയാൻ തുടങ്ങും. അതിനാലാണ് ഗുരുതര പരിക്കുകൾ ഉള്ളവർക്ക് കഴിഞ്ഞ അഞ്ചുവർഷത്തിനകം വാക്‌സിൻ എടുത്തിട്ടില്ലെങ്കിൽ വീണ്ടും എടുക്കാൻ നിർദേശിക്കുന്നത്. സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒരുപാട് വൈകിയാൽ ഗുരുതരവും ആഴത്തിലുള്ളതുമായ പരിക്കുകളിൽ വാക്‌സിൻ വേണ്ടത്ര ഗുണം ചെയ്‌തേക്കില്ല.

എപ്പോഴെങ്കിലും ടി.ടി. വാക്‌സിൻ എടുക്കേണ്ട ആവശ്യം വന്നാൽ മുൻപ് എപ്പോഴൊക്കെ എടുത്തിട്ടുണ്ട് എന്ന കാര്യം ഡോക്ടറുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കാം.

ഗർഭിണികൾ ടി.ടി. വാക്‌സിൻ എടുക്കേണ്ടത് എങ്ങനെ?

ഗർഭിണികൾ ആദ്യമായി ഹെൽത്ത് ചെക്കപ്പ് ചെയ്യുന്ന സമയത്ത് ആദ്യത്തെ ഡോസ് എടുക്കണം. നാലാഴ്ചയ്ക്കുശേഷം രണ്ടാമത്തേതും എടുക്കണം. ടി.ടി. വാക്‌സിൻ എടുത്തവർ മൂന്നുവർഷത്തിനുള്ളിൽ ഗർഭിണിയായിട്ടുണ്ടെങ്കിൽ ഒരു ബൂസ്റ്റർ ഡോസ് മാത്രം എടുത്താൽ മതിയാകും.

പെരിന്തൽമണ്ണ മൗലാന ഹോസ്പിറ്റലിൽ ജനറൽ മെഡിസിൻ വിഭാഗം കൺസൽട്ടന്റ് ആണ് ലേഖിക.