ആലപ്പുഴ: നൂറ്റിമുപ്പത്തേഴ് അർബുദമരുന്നുകളുടെ വ്യാപാര കമ്മിഷൻ 30 ശതമാനമാക്കിയതു ബാധിക്കുന്ന 543 ബ്രാൻഡ് ഇനങ്ങളുടെ പട്ടിക പുറത്തിറങ്ങി. ദേശീയ ഔഷധവില നിയന്ത്രണ സമിതി പ്രസിദ്ധീകരിച്ച പട്ടികയിലെ 64 എണ്ണത്തിന്റെ വിലയിൽ മാറ്റമില്ലാത്തത് വിമർശനത്തിനിടയാക്കി.

To advertise here,

നവംബർ ഒൻപതു മുതലാണ് വിലയിൽ മാറ്റമുണ്ടാകുക. കമ്പനികളിൽനിന്നു സമാഹരിച്ച വിലയാണു പ്രസിദ്ധീകരിച്ചത്. പുതിയ നടപടി പ്രകാരം 70 ശതമാനംവരെ വിലക്കുറവുണ്ടാകുമെന്നാണു പറയുന്നത്. ചില മരുന്നുകളുടെ കാര്യത്തിൽ ഈ അവകാശവാദം ശരിയാണ്. പ്രോസ്റ്റേറ്റ് അർബുദത്തിനെതിരേ ഉപയോഗിക്കുന്ന അബിറാറ്ററോൺ അസറ്റേറ്റ് 250 എം.ജി. ടാബ്‌ലെറ്റിന്റെ അബിറാറ്റ് ബ്രാൻഡിന്റെ വില 36,088.81 രൂപയിൽനിന്ന് 4,064.48 ആയി കുറയും. ആർത്തവവിരാമത്തിനുശേഷം വരുന്ന സ്തനാർബുദത്തിനെതിരേയുള്ള അനസ്ട്രോസോളിന്റെ വിലയിലും നല്ല കുറവുണ്ട്. അനർസോൾ ഒരു എം.ജി.ക്ക് 695.76 രൂപയായിരുന്നത് 73 ആയി മാറും.

മരുന്നുവില കുറയ്ക്കാൻ വ്യാപാരക്കമ്മിഷൻ മാത്രം നിജപ്പെടുത്തിയാൽ പോരെന്ന വാദം ഏറെക്കാലമായി പൊതുജനാരോഗ്യസംഘടനകൾ ഉന്നയിക്കുന്നുണ്ട്.

‘വർക്കിങ് ഗ്രൂപ്പ് ഓൺ ആക്സസ് റ്റു മെഡിസിൻസ് ആൻഡ് ട്രീറ്റ്‌മെന്റ്‌സ്’ വിലയിൽ മാറ്റമില്ലാത്ത ബ്രാൻഡുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതിൽ മിക്കതും വലിയ വിലയുള്ള പെയ്റ്റന്റ് മരുന്നുകളാണെന്നാണ് അവരുടെ വാദം. ഔഷധവിലനിയന്ത്രണ സമിതി പുറത്തിറക്കിയ പട്ടികയിലെ 64 മരുന്നുകളുടെ വിലയിൽ ഒരു മാറ്റവുമില്ലെന്നാണ് അവരുടെ പട്ടികയിൽനിന്നു വ്യക്തമാകുന്നത്.

വിതരണത്തിലെ വിവിധ ഘട്ടങ്ങളിൽ മരുന്നുവില സംബന്ധിച്ച വിവരം ശേഖരിക്കുന്നതിലും നിയന്ത്രിക്കുന്നതിലും ഔഷധവില നിയന്ത്രണസമിതി പരാജയപ്പെട്ടതായി ഓൾ ഇന്ത്യ ഡ്രഗ്സ് ആക്‌ഷൻ നെറ്റ്‌വർക്ക് കുറ്റപ്പെടുത്തുന്നു.