ഡി.ആർ.കോംഗോയിലെ എബോള കേസുകളുടെ എണ്ണം പതിനായിരം കടന്നു. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം 10,060 പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 4,887 മരണവും റിപ്പോർട്ട് ചെയ്തു. ഡി.ആർ. കോംഗോയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ രോഗവ്യാപനമാണിത്.

To advertise here,

കെനിയ, ഉഗാണ്ട, നൈജീരിയ എന്നിവിടങ്ങളിലും രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കെനിയയിലും നൈജീരിയയിലും ഒക്ടോബർ ആദ്യം ആദ്യത്തെ രോഗബാധ സ്ഥിരീകരിച്ചു. മെയ്, ജൂൺ മാസങ്ങളിൽ ഉഗാണ്ടയിൽ 20 എബോള കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ‌മഹാമാരി കൂടുതൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിച്ചേക്കാമെന്ന ആശങ്ക വർധിക്കുകയാണ്.

നൈജീരിയയിൽ സ്ഥിരീകരിച്ച എബോളയ്ക്കു പിന്നിൽ ഡി.ആർ.കോംഗോയിലെ വ്യാപനത്തിനു കാരണമായ ബൂൻഡിബുഗ്യോ വൈറസ് ആണെന്ന് സ്ഥിരീകരിച്ചിരുന്നു. എബാേള ബാധിക്കുന്ന നാലാമത്തെ ആഫ്രിക്കൻ രാജ്യമാണ് നൈജീരിയ. ഒക്ടോബർ 3-ന് ഉഗാണ്ടയിൽ നിന്ന് തലസ്ഥാനമായ അബുജയിലേക്ക് യാത്ര ചെയ്ത സ്ത്രീക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് നൈജീരിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (NCDC) അറിയിച്ചു.

ഡി.ആർ. കോംഗോയിൽ മരണനിരക്ക് 50% ആയി ഉയരുന്നുവെന്നും അത്യന്തം ഗൗരവമേറിയ ആരോഗ്യ ഭീഷണിയായി മാറിയെന്നും ആഫ്രിക്കൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഡയറക്ടർ ജനറൽ ജീൻ കസേയ മുന്നറിയിപ്പ് നൽകി. ആഫ്രിക്കയിലെ മൂന്ന് മേഖലകളിലായി നിരവധി രാജ്യങ്ങളെ ഈ വകഭേദം ബാധിച്ചിട്ടുണ്ടെന്നും അടിയന്തര അന്താരാഷ്ട്ര ഇടപെടൽ വേണമെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപനമായ 2014-2016 ലെ പടിഞ്ഞാറൻ ആഫ്രിക്കൻ എബോള വ്യാപനത്തെ മറികടക്കാൻ പോന്നതാണ് നിലവിലെ വ്യാപനമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 2014-2016 വ്യാപനത്തിൽ 28,000 കേസുകൾ സ്ഥിരീകരിക്കുകയും 11,000 രോഗികൾ മരിക്കുകയും ചെയ്തിരുന്നു. എന്നാൽ നിലവിലെ വ്യാപനത്തിൽ രണ്ടുമാസത്തിനുള്ളിൽത്തന്നെ മരണനിരക്ക് ആയിരംകടന്നു.

നിലവിലെ വ്യാപനത്തിന്റെ ഏറ്റവും മോശംഘട്ടം ഇനിയും വന്നേക്കാമെന്നാണ് അധികൃതർ കരുതുന്നത്. നിരീക്ഷിക്കപ്പെടുന്ന കേസുകൾക്കു പുറത്തുനിന്നാണ് ഭൂരിഭാഗം പുതിയ കേസുകളും വരുന്നത്. 2014-ൽ ആരംഭിച്ച എബോള വ്യാപനം മൂന്നുവർഷത്തോളം നീണ്ടുനിന്ന് 2016-ലാണ് അവസാനിച്ചത്. 2013 ഡിസംബറിലാണ് ആദ്യകേസ് രേഖപ്പെടുത്തിയത്. പക്ഷേ 2014 മാർച്ച് ആകുന്നതുവരെ രോഗവ്യാപനം തിരിച്ചറിഞ്ഞിരുന്നില്ല. 2016 ജൂണിൽ എബോള വ്യാപനത്തിന് അവസാനമായതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

എബോള വൈറസ് വ്യാപനം

വൈറസ് ബാധയാണ് എബോള. രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. കുരങ്ങുകൾ, മാനുകൾ, മുള്ളൻ പന്നി, പന്നി തുടങ്ങിയ മൃഗങ്ങളിലും രോഗം കാണുന്നുണ്ട്. രോഗം ബാധിച്ച മൃഗങ്ങളുടെ വിസർജ്യങ്ങളിലൂടെയോ അവയുടെ മാംസം ഭക്ഷിക്കുന്നതിലൂടെയോ രോഗം മനുഷ്യരിലേയ്ക്ക് പടരാം.

ലക്ഷണങ്ങൾ

വൈറസ് ശരീരത്തിൽ പ്രവേശിച്ച് രണ്ട് മുതൽ 21 ദിവസത്തിനുള്ള രോഗലക്ഷണങ്ങൾ പ്രകടമാകും. സാധാരണ വൈറൽ രോഗങ്ങളിൽ കാണുന്നതുപോലെ പനി, തലവേദന, പേശിവേദന, തൊണ്ടവേദന എന്നിവയും ചിലപ്പോൾ ഛർദ്ദി, തൊലിയിലെ തിണർപ്പ് എന്നിവയും ഉണ്ടാകാം. താരതമ്യേന ആരോഗ്യമുള്ളവരിൽ രോഗാവസ്ഥ കുറച്ചു ദിവസങ്ങൾകൊണ്ട് തനിയെ മാറുന്നു. എന്നാൽ ചിലരിലാകട്ടെ, ഗുരുതരമായ രക്തസ്രാവം ഉണ്ടാകുന്നു. രോഗം വന്ന് അഞ്ച് മുതൽ ഏഴ് ദിവസങ്ങൾക്കുള്ളിലാണ് ഇവ കാണപ്പെടുന്നത്. ഇത്തരക്കാരിൽ ക്രമേണ കരൾ, വൃക്ക തുടങ്ങിയ അവയവങ്ങളുടെ തകരാറ് മൂലം മരണം സംഭവിക്കാം.

സാധാരണ കാണുന്ന ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗബാധയുണ്ടാകുന്നവർക്ക് ഗുരുതരാവസ്ഥയുണ്ടാകുന്നതിന് കാരണം നേരത്തെയുണ്ടായിരുന്ന പോഷകാഹാരക്കുറവും കരൾരോഗവും മദ്യപാനവുമൊക്കെയാണ്. NSAID വിഭാഗത്തിലുള്ള മരുന്നുകളുടെ ഉപയോഗവും രോഗബാധയുള്ളവരെ ഗുരുതരാവസ്ഥയിലാക്കുന്നു.

പ്രതിരോധ മാർഗങ്ങൾ

രോഗത്തെ പ്രതിരോധിക്കുകയാണ് ചെയ്യാവുന്ന ഏറ്റവും ഫലപ്രദമായ കാര്യം. ജന്തുജന്യരോഗമായതിനാൽതന്നെ ശരിയായി പാകപ്പെടുത്തിയ മാംസം മാത്രം കഴിക്കുന്നത് രോഗസാധ്യത ഇല്ലാതാക്കും. വായു, വെള്ളം, മറ്റ് ഭക്ഷ്യവസ്തുക്കൾ എന്നിവവഴി രോഗം പകരാനിടയില്ല. അതിനാൽതന്നെ ശരിയായ മുൻകരുതലിന് രോഗം പകരുന്നത് തടയാൻ കഴിയും.

രോഗബാധിതരുടെയോ രോഗംമൂലം മരിച്ചവരുടെയോ രക്തത്തിലൂടെയോ വിസർജ്യത്തിലൂടെയോ മറ്റ് സ്രവങ്ങളിലൂടെയോ ഒക്കെ രോഗം പകരാം. അതിനാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മുൻകരുതൽ നടപടി സ്വീകരിക്കുക. രോഗബാധ കണ്ടെത്തിയവരെ ഐസോലേഷൻ വിഭാഗത്തിലെത്തിക്കുക, സമ്പർക്കം ഒഴിവാക്കുക, എത്രയും പെട്ടന്ന് സപ്പോർട്ടീവ് ചികിത്സ ലഭ്യമാക്കുക.