കൊച്ചി: സങ്കീർണ്ണ ഹൃദ്രോഗങ്ങൾക്ക് വേണ്ടിയുള്ള ആൻജിയോപ്ലാസ്റ്റി ശസ്ത്രക്രിയകൾ ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര ചിപ്പ്(CHIP-2025)  സമ്മേളനം ഹോട്ടൽ ലെ മെറിഡിയനിൽ ആരംഭിച്ചു. രണ്ടു ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനം ശനിയാഴ്ചയാണ് ആരംഭിച്ചത്. ഇന്റർവെൻഷണൽ കാർഡിയോളജി ഡോക്ടർമാരുടെ സംഘടനയായ സിൻസിഷ്യം ഹാർട്ട് കെയർ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ 350-ലധികം വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.

To advertise here,

ജപ്പാനിൽ നിന്നുള്ള പ്രശസ്ത ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. വതാരു നാഗമാറ്റ്സു സമ്മേളനം ഉദ്ഘാടനം ചെയ്തു. കൃത്യമായ രോഗനിർണ്ണയം, സമയം, സാങ്കേതിക പരിജ്ഞാനം എന്നിവ ഉൾപ്പെടുന്നതാണ് ഹൃദയ പരിചരണമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും സങ്കീർണ്ണമായ ഹൃദ്രോഗങ്ങൾ കൈകാര്യം ചെയ്യുന്ന രീതികൾ, മെഡിക്കൽ ശാസ്ത്ര സാങ്കേതിക വിദ്യകൾ പരിഷ്കരിക്കുന്ന സാഹചര്യത്തിൽ നിരന്തരമായ നവീകരണം അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പ്രിസിഷൻ ആൻജിയോപ്ലാസ്റ്റി ഉപയോഗിച്ച് സങ്കീർണ്ണമായ ഹൃദ്രോഗ ചികിത്സകൾ കുറ്റമറ്റതാക്കുക" എന്ന പ്രമേയത്തിലാണ് സമ്മേളനമെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർഗനൈസിംഗ് ചെയർമാനും സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമായ ഡോ. അനിൽ കുമാർ ആർ അഭിപ്രായപ്പെട്ടു.

ഹൃദയത്തിൻ്റെ മസിലുകളിലേക്കുള്ള രക്തക്കഴലുകൾ പൂർണമായും അടഞ്ഞുണ്ടാവുന്ന ബ്ലോക്കുകൾ, കഠിനമായ കാൽസിഫൈഡ് ബ്ലോക്കുകൾ, ദുർബലമായ ഹൃദയ പ്രവർത്തനം തുടങ്ങി ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ള ഹൃദ്രോഗങ്ങളാണ് സമ്മേളനം ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 

ഓർഗനൈസിംഗ് ചെയർമാൻ ഡോ. അനിൽ കുമാർ ആർ, ഓർഗനൈസിംഗ് സെക്രട്ടറി ഡോ. ജിമ്മി ജോർജ്, കോഴ്‌സ് ഡയറക്ടർമാരായ ഡോ. രാജശേഖര വർമ്മ, ഡോ. ദീപക് ഡേവിഡ്‌സൺ, കോഴ്‌സ് കോർഡിനേറ്റർമാരായ ഡോ. സന്ദീപ് ആർ, ഡോ. അനിൽ ബാലചന്ദ്രൻ എന്നിവരും ഉദ്ഘാടന സെഷനിൽ സംസാരിച്ചു.

സാധാരണ ആൻജിയോപ്ലാസ്റ്റിയിൽ പോലും സങ്കീർണ്ണതകൾ ഉണ്ടാവുന്നുണ്ട്. ചിപ്പ് നടപടിക്രമങ്ങൾ എല്ലാ സാഹചര്യങ്ങളും നേരിടാൻ എല്ലാ വിദഗ്ധരേയും തയ്യാറാക്കാൻ ലക്ഷ്യമിട്ടതാണെന്ന് സെക്രട്ടറി ഡോ. ജിമ്മി ജോർജ് പറഞ്ഞു.

ലേസർ ആൻജിയോപ്ലാസ്റ്റി, കൊറോണറി ഫിസിയോളജി, ഇൻട്രാവാസ്കുലർ അൾട്രാസൗണ്ട് (IVUS), ഒപ്റ്റിക്കൽ കോഹെറൻസ് ടോമോഗ്രഫി (OCT) പോലുള്ള അഡ്വാൻസ്ഡ് ഇമേജിംഗ് രീതികൾ, റോട്ടാബ്ലേഷൻ, ബൈഫർക്കേഷൻ സ്റ്റെന്റിംഗ്, ചിപ്പ് അടിസ്ഥാനമാക്കിയുള്ള പൂർണ്ണമായ റിവാസ്കുലറൈസേഷൻ തുടങ്ങിയ സാങ്കേതിക വിദ്യകളിലെ പ്രായോഗിക പരിശീലനം സംബന്ധിച്ച ശാസ്ത്ര സെഷനുകൾ നടക്കും. അന്താരാഷ്ട്രതലത്തിൽ പ്രശസ്തരായ പത്തിലധികം ഫാക്കൽറ്റി അംഗങ്ങളാണ് സെഷനുകൾ നയിക്കുന്നത്.

മുതിർന്ന കാർഡിയോളജിസ്റ്റുകൾ, ഗവേഷകർ, ക്ലിനിക്കുകൾ എന്നിവ ഉൾപ്പെടെ 350-ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.