കുട്ടികളുടെ ആരോഗ്യകാര്യത്തിൽ അതീവജാഗ്ര പുലർത്തുന്നവരാണ് മാതാപിതാക്കളിൽ പലരും. അവരുടെ ഭക്ഷണകാര്യത്തിലും ഇതേ ശ്രദ്ധ നാം പുലർത്തണമെന്ന് പറയുകയാണ് ശിശുരോഗ വിദഗ്ദ്ധൻ ഡോ. രവി മാലിക്. ഭക്ഷണത്തിലെ പോഷകക്കുറവ്, അവരുടെ വളർച്ചയേയും മൊത്തത്തിലുള്ള ആരോഗ്യത്തേയിം ബാധിക്കും. ഇത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. കുട്ടി ഊർജ്ജസ്വലനും ആരോഗ്യവാനുമായി കാണപ്പെട്ടേക്കാം.
പക്ഷേ പോഷകക്കുറവ് അവരുടെ വളർച്ച, പ്രതിരോധശേഷി, ഏകാഗ്രത എന്നിവയെ നിശ്ശബ്ദമായി ബാധിച്ചേക്കാമെന്നും അദ്ദേഹത്തെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ ചില ലക്ഷണങ്ങൾ പരിശോധിക്കാം.
കളിച്ചതിന് ശേഷമുള്ള ഊർജ്ജക്കുറവും ക്ഷീണവും
നിങ്ങളുടെ കുട്ടിക്ക് കളിച്ചതിന് ശേഷം പതിവായി ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധവേണം. കൂടെക്കൂടെ ഉറങ്ങണമെന്ന് പറയുകയോ, ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുകയോ ചെയ്യുന്നുണ്ടെങ്കിൽ അത് അയൺ, വിറ്റാമിൻ ബി12, അല്ലെങ്കിൽ പ്രോട്ടീൻ എന്നിവയുടെ കുറവിൻ്റെ ലക്ഷണമാകാം. ഊർജ്ജം നിലനിർത്തുന്നതിനും തലച്ചോറിൻ്റെ പ്രവർത്തനത്തിനും ഈ പോഷകങ്ങൾ അത്യാവശ്യമാണ്. അമിതമായ ഉറക്കം, ശ്രദ്ധയില്ലായ്മ എന്നിവ ശ്രദ്ധിക്കണം.
മുടികൊഴിച്ചിൽ
മുടിയുടെ ഉള്ള് കുറയുന്നതും മുടി പൊട്ടുന്നതും പ്രോട്ടീൻ, ബയോട്ടിൻ, അല്ലെങ്കിൽ സിങ്ക് എന്നിവയുടെ കുറവിനെ സൂചിപ്പിക്കുന്നതാകാം. നമ്മുടെ ശരീരത്തിലേക്ക് ആവശ്യത്തിന് പ്രോട്ടീൻ എത്തുന്നില്ല എന്നതിന്റെ സൂചനയാണ് മുടിയുടെ ആരോഗ്യം വഷളാകുന്നത്.
ഇടയ്ക്കിടെ അസുഖം വരുന്നത്
വർഷത്തിൽ ആറ് മുതൽ എട്ട് തവണ വരെ പനി വരുന്നത് സാധാരണമായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, ഇടയ്ക്കിടെയുള്ള ജലദോഷം, രോഗം മാറാനുള്ള കാലതാമസം, അല്ലെങ്കിൽ ആവർത്തിച്ചുള്ള അണുബാധ എന്നിവ ദുർബലമായ രോഗപ്രതിരോധ ശേഷിയെ സൂചിപ്പിക്കുന്നു. വൈറ്റമിൻ സി, ഡി, സിങ്ക്, അല്ലെങ്കിൽ പ്രോട്ടീൻ എന്നിവയുടെ കുറവാകാം ഇതിന് കാരണം.
വളർച്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ
കുട്ടിക്ക് പ്രതീക്ഷിക്കുന്നത്ര തൂക്കമോ ഉയരമോ കൂടുന്നില്ലെങ്കിൽ ശ്രദ്ധിക്കണം. ഏകദേശം, ഒരു വയസ്സുള്ള കുട്ടിക്ക് 10 കിലോഗ്രാം ഭാരമുണ്ടാകും. ആറ് വയസ്സുള്ള കുട്ടി 20 കിലോയും 10 വയസ്സുള്ള കുട്ടി 30 കിലോയും ഭാരംവേണം. അതുപോലെ, ഒരു വയസ്സിൽ 75 സെൻ്റിമീറ്ററും, 4 വയസ്സിൽ 100 സെൻ്റിമീറ്ററും, 10 വയസ്സിൽ 137 സെൻ്റിമീറ്ററുമാണ് പ്രതീക്ഷിക്കുന്ന ഉയരമെന്നും ഡോക്ടർ പറയുന്നു.
ദന്താരോഗ്യം
പല്ലുകൾ വരാൻ വൈകുകയോ പൊട്ടിപ്പോവുകയോ ചെയ്യുന്നുണ്ടെങ്കിലും ശ്രദ്ധവേണം. പ്രോട്ടീൻ, കാൽസ്യം, അല്ലെങ്കിൽ വൈറ്റമിൻ ഡി എന്നിവയുടെ കുറവാകാം ഇതിന് കാരണം.
Content Highlights: Is Your Child Nutrient Deficient? Key Symptoms Parents Should Not Ignore
Published: 12 Aug 2025, 04:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented