ഗർഭകാലത്തെ ഓരോ പരിശോധനയിലും കുഞ്ഞിന്റെ വളർച്ചയെക്കുറിച്ച് അറിയുമ്പോൾ സ്വാഭാവികമായി ഉയരുന്ന ചോദ്യമാണ് കുഞ്ഞിന്റെ ഹൃദയം ആരോഗ്യത്തോടെ തന്നെയാണോ? കുഞ്ഞിന്റെ ഹൃദയം ഗർഭകാലത്തിന്റെ ആദ്യഘട്ടങ്ങളിൽ തന്നെ രൂപപ്പെടാൻ തുടങ്ങുന്നു. ഈ വളർച്ചയ്ക്കിടയിൽ ചില വ്യത്യാസങ്ങൾ സംഭവിക്കുമ്പോഴാണ് ജന്മനാ ഹൃദയവൈകല്യങ്ങൾ ഉണ്ടാകുന്നത്. ഇവയെല്ലാം ഒരേ തരത്തിലുള്ളതല്ല. ചിലത് ചെറിയ വ്യത്യാസങ്ങളായിരിക്കാം; ചിലത് കുഞ്ഞ് വളരുന്നതിനനുസരിച്ച് മാത്രമേ ശ്രദ്ധയിൽപ്പെടുകയുള്ളൂ.

To advertise here,

അതുകൊണ്ട് കുട്ടികളിലെ ഹൃദ്രോഗത്തെക്കുറിച്ച് പറയുമ്പോൾ ആദ്യം പറയേണ്ടത് ഭയത്തിന്റെ കാര്യമല്ല നേരത്തെ തിരിച്ചറിയുന്നതിന്റെ പ്രാധാന്യമാണ്. ചില ഹൃദയവൈകല്യങ്ങൾ ഗർഭകാലത്ത് തന്നെ കണ്ടെത്താൻ കഴിയും. സാധാരണയായി ഗർഭകാലത്തിന്റെ രണ്ടാം പകുതിയിലാണ് കുഞ്ഞിന്റെ ഹൃദയത്തെ കൂടുതൽ വിശദമായി വിലയിരുത്തുന്നത്. പരിശോധനയിൽ എന്തെങ്കിലും സംശയം തോന്നുകയോ, കുഞ്ഞിന് ഹൃദയസംബന്ധമായ പ്രശ്‌നത്തിനുള്ള സാധ്യത കൂടുതലാണെന്ന് ഡോക്ടർ വിലയിരുത്തുകയോ ചെയ്താൽ ഫീറ്റൽ എക്കോ ടെസ്റ്റ് നടത്താൻ നിർദേശിക്കാം. കുഞ്ഞിന്റെ ഹൃദയത്തെ കൂടുതൽ വിശദമായി പരിശോധിക്കുന്ന പ്രത്യേക ശബ്ദതരംഗ പരിശോധനയാണിത്. ഹൃദയത്തിന്റെ അറകൾ, പ്രധാന രക്തക്കുഴലുകൾ, ഹൃദയത്തിന്റെ പ്രവർത്തനം, രക്തപ്രവാഹം തുടങ്ങിയവ കൂടുതൽ വ്യക്തമായി വിലയിരുത്താൻ ഇതിലൂടെ സാധിക്കും. എല്ലാ ഗർഭിണികൾക്കും ഈ പരിശോധന ആവശ്യമായിരിക്കണമെന്നില്ല. കുടുംബത്തിൽ ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികളോ അടുത്ത ബന്ധുക്കളോ ഉണ്ടായിരിക്കുക, ഗർഭകാല പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയവുമായി ബന്ധപ്പെട്ട സംശയം ഉണ്ടാകുക, ചില ജനിതക അവസ്ഥകൾ, അമ്മയ്ക്കുള്ള ചില പ്രത്യേക ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയ സാഹചര്യങ്ങളിൽ ഡോക്ടർ ഈ പരിശോധന നിർദേശിച്ചേക്കാം. എന്നാൽ എല്ലാ ഹൃദയവൈകല്യങ്ങളും ഗർഭകാല പരിശോധനയിലൂടെ കണ്ടെത്താൻ കഴിയണമെന്നില്ല.

ചില ഹൃദയപ്രശ്‌നങ്ങൾ ഗർഭകാലത്ത് വളരെ ചെറിയതായിരിക്കാം. കുഞ്ഞ് വളരുന്നതിനനുസരിച്ചായിരിക്കും അവ കൂടുതൽ വ്യക്തമായി പ്രകടമാകുന്നത്. ഹൃദയവൈകല്യം ഗർഭകാലത്ത് തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ, കുഞ്ഞ് ജനിച്ചതിനുശേഷം ആവശ്യമായ പരിചരണവും തുടർചികിത്സയും പ്രത്യേകം നൽകാൻ കഴിയും. ചില കുട്ടികളിൽ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ജനിച്ച ഉടൻ തന്നെ ശ്രദ്ധയിൽപ്പെടാം. എന്നാൽ പല കുട്ടികളും ആദ്യകാലത്ത് സാധാരണ പോലെ തന്നെ കാണപ്പെടാം.

കുഞ്ഞ് വളരുന്നതിനിടെ ചില കാര്യങ്ങൾ മാതാപിതാക്കളുടെ ശ്രദ്ധയിൽപ്പെടാം:
മറ്റു കുട്ടികളെപ്പോലെ കളിക്കാൻ കഴിയുന്നില്ലേ? കുറച്ച് സമയം ഓടിക്കളിച്ചാൽ തന്നെ വിശ്രമിക്കേണ്ടിവരുന്നുണ്ടോ? ചെറിയ പ്രവർത്തനത്തിൽ പോലും ശ്വാസംമുട്ടുന്നുണ്ടോ? കുഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ എളുപ്പത്തിൽ ക്ഷീണിക്കുകയോ അമിതമായി വിയർക്കുകയോ ചെയ്യുന്നുണ്ടോ? പ്രായത്തിനനുസരിച്ച് ശരീരഭാരം കൂടുന്നില്ലെന്ന് തോന്നുന്നുണ്ടോ? ഇത്തരം മാറ്റങ്ങൾ ഹൃദ്രോഗം തന്നെയാണെന്ന് അർത്ഥമില്ല. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ, രക്തക്കുറവ്, പോഷകക്കുറവ് തുടങ്ങി പല കാരണങ്ങളും സമാനമായ ലക്ഷണങ്ങൾക്ക് കാരണമാകാം. എന്നാൽ ഇത്തരം മാറ്റങ്ങൾ തുടർച്ചയായി ശ്രദ്ധയിൽപ്പെടുന്നുണ്ടെങ്കിൽ ഒരു കാർഡിയോളജിസ്റ്റിന്റെ അഭിപ്രായം തേടുന്നത് നല്ലതാണ്.

ചില കുട്ടികളിൽ ചുണ്ടുകളിലോ നാവിലോ ശരീരത്തിലെ മറ്റ് ഭാഗങ്ങളിലോ നീലനിറം പോലുള്ള മാറ്റങ്ങളും ശ്രദ്ധയിൽപ്പെടാം. ഇതും പല കാരണങ്ങളാൽ സംഭവിക്കാവുന്നതാണ്. ആവർത്തിച്ച് ഇത്തരം മാറ്റങ്ങൾ കാണുകയാണെങ്കിൽ പരിശോധന നടത്തുന്നതാണ് നല്ലതാണ്. കുട്ടിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ ഹൃദയത്തിൽ ഒരു അധിക ശബ്ദം കേൾക്കുന്നത് ചിലപ്പോൾ സംഭവിക്കാം. ഇതിനെ ഹാർട്ട് മർമർ എന്നു വിളിക്കുന്നു. ഇത് കേൾക്കുമ്പോൾ മാതാപിതാക്കൾ സ്വാഭാവികമായി ആശങ്കപ്പെടാം. എന്നാൽ ഇത് ഹൃദയത്തിൽ രോഗമുണ്ടെന്നതിന്റെ സൂചനയല്ല. ചില കുട്ടികളിൽ യാതൊരു ഘടനാപരമായ പ്രശ്‌നവുമില്ലാതെയും ഇത്തരം ശബ്ദങ്ങൾ കേൾക്കാം.

കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കണ്ടെത്തിയാൽ ചികിത്സ എങ്ങനെയാണ്?
കുട്ടിക്ക് ഹൃദയത്തിൽ ഒരു പ്രശ്‌നമുണ്ട് എന്നതുകൊണ്ട് ഉടൻ ശസ്ത്രക്രിയ വേണമെന്നില്ല. ചില ചെറിയ ഹൃദയവൈകല്യങ്ങൾക്ക് കൃത്യമായ നിരീക്ഷണം മാത്രം മതിയാകും. ചില സാഹചര്യങ്ങളിൽ മരുന്നുകൾ ഉപയോഗിക്കാം. ചില പ്രത്യേക ഹൃദയവൈകല്യങ്ങൾ രക്തക്കുഴലിലൂടെ നടത്തുന്ന ചികിത്സയിലൂടെ പരിഹരിക്കാൻ സാധിക്കും. ചില അവസ്ഥകളിലാണ് ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.

അതുകൊണ്ട് ഒരു രോഗനിർണയം കേട്ട ഉടൻ ചികിത്സയെക്കുറിച്ച് ഭയപ്പെടുന്നതിനേക്കാൾ, കുഞ്ഞിന്റെ ഹൃദയത്തിൽ കൃത്യമായി എന്താണ് വ്യത്യാസം, അതിന്റെ പ്രാധാന്യം എത്രയാണ്, ഇപ്പോൾ എന്താണ് ചെയ്യേണ്ടത് എന്നത് ഡോക്ടറോട് മനസ്സിലാക്കുകയാണ് പ്രധാനപ്പെട്ടത്.

മാതാപിതാക്കൾ ചെയ്യേണ്ടത് എന്താണ്?
ഗർഭകാലത്ത് കൃത്യമായ പരിശോധനകൾ നടത്തുക. ഡോക്ടർ നിർദേശിക്കുന്ന വിശദമായ ഗർഭകാല പരിശോധനകൾ സമയത്ത് പൂർത്തിയാക്കുക. ആവശ്യമായ സാഹചര്യത്തിൽ കുഞ്ഞിന്റെ ഹൃദയ പരിശോധനകൾ നടത്തുക.

കുഞ്ഞ് ജനിച്ചശേഷം വളർച്ചയും ഭക്ഷണവും ശാരീരിക പ്രവർത്തനങ്ങളും ശ്രദ്ധിക്കുക. സംശയകരമായ എന്തെങ്കിലും മാറ്റം തുടർച്ചയായി കാണുന്നുണ്ടെങ്കിൽ അത് സ്വയം വിലയിരുത്താതെ ഡോക്ടറുമായി സംസാരിക്കുക.

ഇന്ന് വൈദ്യശാസ്ത്രം പല ജന്മനാ ഹൃദയവൈകല്യങ്ങളും നേരത്തെ തിരിച്ചറിയാനും, ആവശ്യമായ കുട്ടികൾക്ക് കൃത്യമായ ചികിത്സ നൽകാനും സഹായിക്കുന്ന നിലയിലേക്ക് വളർന്നിട്ടുണ്ട്.

കുട്ടിയുടെ ഹൃദയത്തെക്കുറിച്ച് അറിയുന്നത് ഭയപ്പെടാനല്ല. ഒരു പ്രശ്‌നമുണ്ടെങ്കിൽ നേരത്തെ മനസ്സിലാക്കാനും, അനാവശ്യമായ ആശങ്ക ഒഴിവാക്കാനും വേണ്ടിയാണ്.