അർബുദം ഉൾപ്പെടെയുള്ള പലരോഗങ്ങൾക്കും മുമ്പ് ശരീരം പലവിധ ലക്ഷണങ്ങൾ പ്രകടമാക്കുമെങ്കിലും നിസ്സാരമാക്കി വിടുന്നവരാണ് ഏറെയും. പിന്നീട് രോഗം തിരിച്ചറിയുമ്പോഴേക്കും ചികിത്സിച്ച് ഭേദമാക്കാവുന്ന അവസ്ഥയും മറിക‌ടന്നിരിക്കും. അത്തരത്തിൽ തലയിൽ വേദന വന്നപ്പോഴും മുമ്പത്തെ പരിക്കിന്റേതാകുമെന്നു കരുതി നിസ്സാരമാക്കിയ യുവതിക്ക് ഒടുവിൽ ഗ്ലിയോബ്ലാസ്റ്റോമ സ്ഥിരീകരിച്ചിരിക്കുകയാണ്.

To advertise here,

അഞ്ച് കുട്ടികളുടെ അമ്മയായ ബ്രയോണി ഹിൽ എന്ന നാൽപതുകാരിയുടെ അനുഭവമാണ് പുറത്തുവന്നിരിക്കുന്നത്. പലപ്പോഴും തലവേദന അനുഭവപ്പെടുകയും തലയോട്ടിയിൽ മുഴപോലെ തോന്നുകയുമൊക്കെ ചെയ്തപ്പോഴും ബ്രയോണി കാര്യമാക്കിയില്ല. 2025 സെപ്തംബറിൽ തലവേദന കലശലായപ്പോൾ ഡോക്ടറെ കണ്ടെങ്കിലും മൈഗ്രേനിനുള്ള മരുന്നുനൽകി തിരിച്ചുവിടുകയാണുണ്ടായത്.

ഒരു മാസത്തിനുശേഷം വലതു കണങ്കാലിലും കഠിനമായ വേദന അനുഭവപ്പെട്ടു. എന്നാൽ അത് പതിനെട്ടുവർഷം മുമ്പുണ്ടായ പരിക്കിന്റേതാണെന്നാണ് കരുതിയത്.

2026 ഏപ്രിൽ ആയതോടെ വലതുകാലിൽ മരവിപ്പ് അനുഭവപ്പെട്ടതോടെ വീണ്ടും ഡോക്ടറെ കാണാൻ തീരുമാനിച്ചു. അപ്പോഴേക്കും മരവിപ്പ് ശരീരത്തിന്റെ വലതുവശമാകെ വ്യാപിക്കുകയും ചെയ്തിരുന്നു. കഠിനമായ വേദനയുണ്ടാവുകയും ന‌ടക്കാൻ കഴിയാതെവരികയും ചെയ്തു. എന്നാൽ അവരും കണങ്കാലിൽ പണ്ടുണ്ടായ പരിക്കിന്റെ ഭാഗമായിരിക്കുമെന്നും വേദനയ്ക്കുള്ള മരുന്നുകൾ കഴിക്കാനും പറഞ്ഞു.

ഈവർഷം ഏപ്രിൽ ആയതോടെ കാലിലാകെ മരവിപ്പ് പടരുകയും ചെയ്തു. ഭേദമില്ലെന്നുപറഞ്ഞപ്പോൾ എംആർഐ എടുക്കാൻ നിർദേശിച്ചു. എന്നാൽ സ്കാനിങ്ങിന് ബുക് ചെയ്തിരിക്കേ മെയ് 21-ന് വീട്ടിൽവച്ച് അപസ്മാരം ഉണ്ടാവുകയും ആശുപത്രിയിലെത്തിക്കുകയും ചെയ്തു. തുടർന്നുനടത്തിയ വിദഗ്ധപരിശോധനയിലാണ് മസ്തിഷ്കത്തിൽ ട്യൂമർ ഉണ്ടെന്നും നാലാംഘട്ട ഗ്ലിയോബ്ലാസ്റ്റോമയാണെന്നും സ്ഥിരീകരിച്ചത്.

ശാരീരിക ചലനങ്ങളെയും സ്പർശനങ്ങളെയും ഏകോപിപ്പിക്കുന്നത് മസ്തിഷ്കമാണ്. ശരീരത്തിന്റെ വലതുഭാഗം നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്താണ് ബ്രയോണിയിൽ ട്യൂമർ വളർന്നുകൊണ്ടിരുന്നത്. ഇതാണ് കാലിന് മറ്റു പരിക്കുകൾ ഒന്നുമില്ലാതിരുന്നിട്ടും ട്യൂമർ വലുതായതിനനുസരിച്ച് കാലിൽ തരിപ്പും വേദനയും അനുഭവപ്പെ‌ടാൻ കാരണമായത്.

ഗ്ലിയോബ്ലാസ്റ്റോമ

വേഗത്തിൽ വളരുന്നതും തീവ്രസ്വഭാവമുള്ളതുമായ മസ്തിഷ്ക അർബുദമാണ് ഗ്ലിയോബ്ലാസ്റ്റോമ. ദ്രുതഗതിയിൽ വളരുകയും ഇരട്ടിക്കുകയും ചെയ്യുന്ന കാൻസർ കോശങ്ങളാണ് ഇതിന്റെ പ്രത്യേകത. ആരോഗ്യകരമായ കോശങ്ങളെ അതിവേഗം നശിപ്പിക്കുകയും അവയിലേക്ക് പടരുകയും ചെയ്യുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ 'ഗ്രേഡ് 4' ട്യൂമർ ആയി തരംതിരിച്ചിരിക്കുന്നു.

രോഗം പൂർണമായി ഭേദമാക്കാനുള്ള ചികിത്സ ലഭ്യമല്ലെങ്കിലും ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള ചികിത്സകളാണ് നടന്നുവരുന്നത്. കാഴ്ച മങ്ങൽ, തലവേദന, വിശപ്പില്ലായ്മ, ഓർമക്കുറവ്, മാനസികനിലയിലും സ്വഭാവത്തിലും വരുന്ന മാറ്റങ്ങൾ, ഛർദി, ഓക്കാനം, സംസാരിക്കാനുള്ള ബുദ്ധിമുട്ട്, തരിപ്പ് തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ.