കൊച്ചി: കേരളത്തിൽ പ്രമേഹാനുബന്ധ പാദരോഗങ്ങൾ വർധിച്ചുവരുന്നതായി ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയുടെ പഠനം. സംസ്ഥാനത്തെ പ്രമേഹ രോഗികളിൽ 7.5 ശതമാനം പേർക്ക് ഷാർക്കോട്ട് ഫൂട്ട് രോഗ സാധ്യതയുണ്ടെന്ന് സീനിയർ ഫൂട്ട് ആൻഡ് ആങ്കിൾ കൺസൾട്ടന്റ് ഡോ. ഡെന്നിസ് പി. ജോസ് പറഞ്ഞു. കാൽപാദങ്ങളുടെ സ്പർശന ശേഷി നഷ്ടപ്പെടുകയും വേദന തിരിച്ചറിയാൻ സാധിക്കാതിരിക്കുകയും ചെയ്യുന്നവർക്കാണ് ഷാർക്കോട്ട് ഫൂട്ട് രോഗം ബാധിക്കുന്നത്. പ്രമേഹം ഉൾപ്പെടെയുള്ള ജീവിതശൈലീ രോഗങ്ങൾ മൂലം നാഡികൾക്ക് ഹാനി സംഭവിക്കുകയും കാലക്രമേണ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. സ്പർശനശേഷി നഷ്ടപ്പെടുന്നതിനാലും വേദന അനുഭവപ്പെടാത്തതിനാലും പാദങ്ങളിലുണ്ടാകുന്ന മുറിവുകളോ പരിക്കുകളോ രോഗികൾ അറിയാതെ പോകുന്നത് ഷാർക്കോട്ട് ഫൂട്ടിന് സാധ്യത കൂട്ടുന്നു. തുടർന്ന് രോഗം സങ്കീർണമാകാനും കാൽപാദം മുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് എത്താനും കാരണമാകുന്നു.
പാദരോഗ ബോധവത്‌കരണം
രോഗത്തെക്കുറിച്ച് ബോധവത്‌കരിക്കാൻ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി ബുധനാഴ്ച ദേശീയതലത്തിൽ പാദരോഗ ബോധവത്‌കരണ ദിനമായി (ഫൂട്ട് ആൻഡ് ആങ്കിൾ ഡേ) ആചരിക്കുകയാണ്. ഷാർക്കോട്ട് ഫൂട്ട് രോഗികളുടെയും ചികിത്സ തേടുന്നവരുടെയും കൂട്ടായ്മയ്ക്കും രൂപം നൽകും. മെഡിക്കൽ പി.ജി. വിദ്യാർഥികൾക്ക് പ്രത്യേക ഫൂട്ട് ആൻഡ് ആങ്കിൾ കോഴ്സുകളും പരിശീലനങ്ങളും ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി സംഘടിപ്പിക്കുന്നുണ്ട്.
ഷാർക്കോട്ട് ഫൂട്ട് രോഗം
കടുത്ത പ്രമേഹം നാഡികളെ തകരാറിലാക്കുന്നതോടെ രോഗി വേദന അറിയുകയില്ല. ഡയബറ്റിക് ഫൂട്ട് അൾസർ ആയി വരുന്ന മുറിവുകൾ പെട്ടെന്ന് ഉണങ്ങുകയില്ല. അണുബാധ ജീവനുതന്നെ ആപത്തായെന്നും വരാം. ഇതു തിരിച്ചറിയാതെ പോയാൽ അസ്ഥികൾ ദുർബലപ്പെടുകയും പാദങ്ങൾക്ക് കൂടുതൽ പരിക്കേൽക്കുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യും. ഇതാണ് ഷാർക്കോട്ട് ഫൂട്ട് എന്ന അവസ്ഥ. പാദങ്ങളിൽ ഉണങ്ങാത്ത മുറിവോ വീക്കമോ നിറം മാറ്റമോ കണ്ടാൽ ഡോക്ടറുടെ സഹായം തേടുക.
- ഡോ. രാജേഷ് സൈമൺ
ദേശീയ പ്രസിഡന്റ്
ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി
Content Highlights: charcot foot disease, foot health awareness day
Published: 02 Nov 2022, 09:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented