രാവിലെ അലാറം ഓഫ് ചെയ്ത് നോട്ടിഫിക്കേഷൻ പരിശോധിക്കുന്നത് മുതൽ തുടങ്ങുന്നതാണ് നമ്മളിൽ പലരുടേയും സ്ക്രീൻ ടൈം. അവിടെനിന്ന് തൊഴിലിടത്തെ വലിയ സ്ക്രീനിലേക്കും ചെറു ഇടവേളകളിൽ ചെറിയ സ്ക്രീനിലേക്കുമായി നാം നോക്കിക്കൊണ്ടേ ഇരിക്കുന്നു. ദീർഘനേരം സ്ക്രീനുകളിൽ നോക്കുന്നത് കണ്ണിന് സ്‌ട്രെയിൻ ഉണ്ടാക്കാറുണ്ട്. ഇതേ കാരണംകൊണ്ടാണ് നമ്മുടെ കണ്ണിൽ എരിച്ചിൽ അനുഭവപ്പെടുന്നതെന്ന് പറയുകയാണ് എൻഐഒ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. യോഗേഷ് ചൗഗുലെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത് ഒരു പ്രധാന ലക്ഷണമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.
വർധിച്ചുവരുന്ന സ്ക്രീൻ ടൈം നമ്മൾ കണ്ണ് ചിമ്മുന്നത് കുറയ്ക്കാൻ കാരണമാകുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. ഇത് കണ്ണിൻ്റെ ഉപരിതലത്തിലെ കണ്ണുനീർ പാളിയെ വരെ ബാധിച്ചേക്കും. പിന്നീട് ഇത് ഡ്രൈ ഐസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കണ്ണ് ചിമ്മുന്നത് കുറയുന്നത് അർഥമാക്കുന്നത് കണ്ണുകൾക്ക് ആവശ്യമായ നനവ് ലഭിക്കുന്നില്ല എന്നതാണ്. ഇത് കണ്ണിന്റെ ഡ്രൈനെസ്സ്, അസ്വസ്ഥത എന്നിവയിലേക്കും പിന്നീട് എരിച്ചിലിനും കാരണമാകുന്നു. ഡിജിറ്റൽ ഐ സ്ട്രെയിൻ എന്ന് അറിയപ്പെടുന്ന ഈ അവസ്ഥ ഇപ്പോൾ എല്ലാ പ്രായക്കാരിലും സാധാരണമാണ്.
ചില കാര്യങ്ങൾ ശ്രദ്ധിക്കാം
1. 20-20-20 നിയമം
തുടർച്ചയായി ദീർഘനേരം സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത് കണ്ണിന് ക്ഷീണമുണ്ടാക്കും. കാഴ്ച തുടർച്ചയായി അടുത്ത് ഫോക്കസ് ചെയ്യുന്നത് കണ്ണിന് ആയാസം കൂട്ടും. അതിനാൽ 20 മിനിറ്റ് തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാൽ ഏകദേശം 20 അടി അകലെയുള്ള വസ്തുവിലേക്ക് 20 സെക്കൻഡ് നേരം നോക്കിയിരിക്കണം. 20-20-20 നിയമം എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കണ്ണിന്റെ ആയാസം കുറയ്ക്കും.
2. കണ്ണട ഉപയോഗിക്കാം
മലിനമായതോ കാറ്റുള്ളതോ ആയ സാഹചര്യങ്ങളിൽ കണ്ണട ഉപയോഗിക്കുക.
3. ഹ്യുമിഡിഫയർ
വീടിനുള്ളിലെ ഈർപ്പം നിലനിർത്താൻ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കാം. പ്രത്യേകിച്ച് എസിയുള്ള മുറിയിൽ ദീർഘനേരം കഴിയുകയാണെങ്കിൽ ഇത് അത്യാവശ്യമാണ്.
4. കണ്ണുകൾ ചിമ്മുക
ഡിജിറ്റൽ മോണിറ്ററുകളിൽ ദീർഘനേരം നോക്കിയിരിക്കുമ്പോൾ കണ്ണ് ചിമ്മുന്നതിന്റെ നിരക്ക് കുറയാറുണ്ട്. ഇടയ്ക്ക് കണ്ണുചിമ്മുകയാണ് ഇതിനുള്ള പരിഹാരം. സാധാരണമായി ഒരു മിനിറ്റിൽ കുറഞ്ഞത് 16 തവണയെങ്കിലും കണ്ണ് ചിമ്മണം. ഇത് കണ്ണിൽ ജലാംശം നിലനിർത്തി കണ്ണിനെ ഫ്രെഷാക്കും.
5. ഭക്ഷണത്തിലും ശ്രദ്ധവേണം
കണ്ണുകളുടെ ആരോഗ്യം നിലനിർത്തുന്നതിൽ ആഹാരത്തിനും പങ്കുണ്ട്. ദീർഘനേരം സ്ക്രീനിന് മുന്നിൽ ചെലവഴിക്കുന്നവർക്ക് ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തേണ്ടത് അനിവാര്യമാണ്. നിർജ്ജലീകരണം കണ്ണിനെ വരണ്ടതാക്കിയേക്കാം. വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, വിറ്റാമിൻ സി, സിങ്ക് എന്നിവ കണ്ണിന് അത്യാവശ്യമാണ്. അതിനായി കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ, മുട്ട, മീൻ, വാൽനട്ട്, സിട്രസ് പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
Content Highlights: Learn about burning eyes caused by screen time
Published: 27 Jun 2025, 01:52 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented