പക്ഷിപ്പനിയുടെ വാഹകര്‍ പക്ഷികൾ മാത്രമാണെന്നായിരുന്നു, എന്നാല്‍ അത് തിരുത്തുകയാണ് പുതിയ പഠനം. എച്ച്5എന്‍1-ന്റെ വകഭേദങ്ങള്‍ പൂച്ചകളിലൂടെ എളുപ്പം മനുഷ്യരിലേക്കും പകരാനിടയുണ്ടെന്ന് ടെയ്‌ലര്‍ ആന്റ് ഫ്രാന്‍സിസ് എന്ന കമ്പനിക്ക് കീഴില്‍ പ്രസിദ്ധീകരിച്ച ജേണലില്‍ പറയുന്നു. 

To advertise here,

ഏപ്രിലില്‍ യുഎസിലെ സൗത്ത് ഡക്കോട്ടയിലെ ഒരു വീട്ടില്‍ പത്ത് പൂച്ചകള്‍ ചത്തിരുന്നു. ഇവയുടെ ശരീരം പരിശോധിച്ച ഗവേഷകര്‍ ഈ പൂച്ചകളില്‍ ശ്വസന സംബന്ധമായതും നാഡീസംബന്ധമായതുമായ പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളുണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 80 കിമീ അകലെയുള്ള ഒരു പശുവളര്‍ത്തല്‍ കേന്ദ്രത്തിലെ കന്നുകാലികളില്‍ കണ്ടെത്തിയ വൈറസിന് സമാനമായ വകഭേദം പൂച്ചകളില്‍ കണ്ടെത്തിയത്. പൂച്ചകള്‍ക്കരികില്‍ കണ്ടെത്തിയ പക്ഷിത്തൂവലുകള്‍ അവ വൈറസ് വാഹകരായ പക്ഷികളെ ഭക്ഷിച്ചതിന് തെളിവായി കണ്ടെത്തി. 

മറ്റ് മൃഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൂച്ചകള്‍ക്ക് പക്ഷിപ്പനി വൈറസും സീസണല്‍ ഫ്ലൂ വൈറസുകളും ഒരേസമയം വഹിക്കാനാകുമെന്ന് കണ്ടെത്തി. ശേഷം അവയ്ക്ക് വകഭേദം സംഭവിക്കുകയും സ്ഥിരമായി ഇടപഴകുന്ന മനുഷ്യരിലേക്ക് പക്ഷിപ്പനി പകരുകയും ചെയ്യുമെന്നാണ് ഗവേഷകർ കണ്ടെത്തിയത്. 

നിലവില്‍ പൂച്ചകള്‍ വഴി എച്ച്5എന്‍1 മനുഷ്യരിലേക്ക് പകര്‍ന്നതിന് തെളിവുകളില്ല. എങ്കിലും ഇതില്‍ അടിയന്തിര നിരീക്ഷണം ആവശ്യമാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 

എന്താണ് പക്ഷിപ്പനി ?

പക്ഷികളിൽ കടുത്ത ശ്വാസകോശ സംബന്ധമായ രോഗത്തിന് ഇടയാക്കുന്ന പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ (പക്ഷിപ്പനി) എന്നറിയപ്പെടുന്ന എച്ച് 5 എൻ 1. ഇത് ഒരു തരം ഇൻഫ്ളൂവൻസ വൈറസാണ്. പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് വൈറസ് പകരുന്നത് അവയുടെ സ്രവങ്ങൾ വഴിയാണ്. രോഗാണു സാന്നിധ്യമുള്ള പക്ഷിക്കൂട്, തീറ്റ, തൂവലുകൾ എന്നിവ വഴിയും വേഗം പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് രോഗം പകരും. രോഗം ബാധിച്ച പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ഠം, ചത്ത പക്ഷികൾ എന്നിവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്കെത്തുന്നത്. പക്ഷികളിൽ നിന്നും മനുഷ്യരിലേക്ക് ഇത് ചില സാഹചര്യങ്ങളിൽ പകരാറുണ്ട്. എന്നാൽ മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. രോഗം ബാധിച്ച മനുഷ്യരിൽ മരണനിരക്ക് 60 ശതമാനത്തോളമാണ്.