തന്റെ ചെറുപ്പം ഇന്നത്തെ ലോകത്തായിരുന്നെങ്കിൽ തനിക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുമായിരുന്നുവെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. തൻ്റെ ഓർമ്മക്കുറിപ്പായ 'സോഴ്സ് കോഡ്: മൈ ബിഗിനിംഗ്സ്' പുറത്തിറക്കുന്നതിന് മുന്നോടിയായി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിൻ്റെ അടുത്തുക്കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞു.
തനിക്ക് ചില വ്യത്യസ്തതകൾ ഉണ്ടെന്ന് ചെറുപ്പത്തിലെ മനസിലായിരുന്നതായി ബിൽ ഗേറ്റ്‌സ് പറഞ്ഞു. ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഒരു സംസ്ഥാനത്തെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ ആവശ്യപ്പെട്ടപ്പോൾ മറ്റുകുട്ടികൾ 10 പേജിനുള്ളിൽ റിപ്പോർട്ട് തയറാക്കി. എന്നാൽ താൻ അത് 200 പേജുകളിലാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. തന്റെ കാര്യത്തിൽ അധ്യാപകർ ആശയകുഴപ്പത്തിലായിരുന്നുവെന്നും തന്നെ ഉയർന്ന ഗ്രേഡ് ക്ലാസിലേക്ക് മാറ്റുന്നതിനെ കുറിച്ചുപോലും സംസാരമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
ചില ആളുകളുടെ മസ്തിഷ്കം വിവരങ്ങൾ വ്യത്യസ്തമായി പ്രോസസ്സ് ചെയ്യുന്നു എന്ന വസ്തുത താൻ കുട്ടിയായിരുന്നപ്പോൾ വ്യാപകമായി മനസ്സിലാക്കപ്പെട്ടിരുന്നില്ല. ഒരു ജോലിയിൽ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ( 'ഹൈപ്പർഫോക്കസ്') തന്റെ വളർച്ചയിൽ സഹായിച്ചു. എന്നാൽ അസാധാരണമായ പെരുമാറ്റം മാതാപിതാക്കളെ ഉൾപ്പെടെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അദ്ദേഹം പറഞ്ഞു.
ഇപ്പോൾ, ഇതൊരു വ്യത്യസ്‌ത ലോകമാണെന്നും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ അത് മറച്ചുവെക്കേണ്ടതില്ലെന്നും ഗേറ്റ്സ് പറഞ്ഞു. എന്നാൽ ഓട്ടിസത്തിൽ നിന്ന് പുറത്തുകടക്കാനും വളരാനും ബുദ്ധിമുട്ടാണെന്നും സാമൂഹികമായ ഇടപ്പെടലിനും മറ്റും തനിക്ക് വർഷങ്ങളെടുത്ത് വളരെയധികം പഠിക്കേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി.
താൻ ആഴ്ചകൾ മുഴുവൻ അവധിയെടുക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു.. ഷെഡ്യൂൾ തയാറാക്കുമ്പോൾ, കൂടുതൽ ആളുകളുമായി ഇടപ്പേടേണ്ട ദിവസങ്ങൾ ഉള്ളതുപോലെ തനിച്ചുള്ള ദിവസങ്ങളും ക്രമീകരിക്കാറുണ്ടെന്ന് ഗേറ്റ്സ് പറഞ്ഞു.
തലച്ചോറിലെ ചില വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഓട്ടിസം ഉള്ള വ്യക്തികൾക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിതമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇവർ കാര്യങ്ങൾ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികൾ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോർ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ ഗ്രഹിച്ചെടുക്കുന്നു.
എ.എസ്.ഡിയുള്ള കുട്ടികൾ കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആയിത്തീരുമ്പോൾ, സൗഹൃദങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സമപ്രായക്കാരുമായും മുതിർന്നവരുമായും ആശയവിനിമയം നടത്തുന്നതിനുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ പോലുള്ള അവസ്ഥകൾ ഓട്ടിസം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് ഓട്ടിസമുള്ള ആളുകളിൽ കൂടുതലായി കാണപ്പെടുന്നു.
Content Highlights: Microsoft co-founder Bill Gates reveals about autism
Published: 05 Feb 2025, 12:37 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented