മൈക്രോസോഫ്റ്റ് സഹസ്ഥാപകനായ ബിൽ ​ഗേറ്റ്സിന് ആസ്പെർജേഴ്സ് സിൻ‍ഡ്രോം ഉണ്ടായിരുന്നുവെന്ന് തുറന്നുപറഞ്ഞ് മകൾ ഫീബി ​ഗേറ്റ്സ്. കോൾ ഹെർ ഡാഡി എന്ന പോഡ്കാസ്റ്റ് ഷോയിലാണ്‌ അച്ഛന് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ വരുന്ന ആസ്പെർജേഴ്സ് സിൻഡ്രോം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇരുപത്തിരണ്ടുകാരിയായ ഫീബി പറഞ്ഞത്.

To advertise here,

തന്റെ ബോയ്ഫ്രണ്ടിനെ അച്ഛനു പരിചയപ്പെടുത്താൻ വീട്ടിലേക്ക് വിളിച്ച സന്ദർഭം ഓർത്തെടുക്കവേയാണ് ഫീബി ഇതേക്കുറിച്ച് പറഞ്ഞത്. ബോയ്ഫ്രണ്ടിന് അച്ഛനെ പരിചയപ്പെടുന്നതോർത്ത് ശങ്കയുണ്ടായിരുന്നു. എന്നാൽ, തനിക്ക് രസകരമായാണ് തോന്നിയത്. കാരണം, അച്ഛൻ സാമൂഹികമായി അടുത്ത് ഇടപഴകാത്ത ആളാണ്.- ഫീബി പറഞ്ഞു.

ഫെബ്രുവരിയിലാണ് തനിക്ക് ആസ്പെഴ്ജേഴ്സ് സിൻ‍ഡ്രോം ഉണ്ടെന്നും തന്റെ ചെറുപ്പക്കാലം ഇന്നത്തെ ലോകത്തായിരുന്നുവെങ്കിൽ ഓട്ടിസം ഉണ്ടെന്ന് സ്ഥിരീകരിക്കുമായിരുന്നുവെന്നും ബിൽ ​ഗേറ്റ്സ് പറഞ്ഞത്. ഓർമ്മക്കുറിപ്പായ 'സോഴ്സ് കോഡ്: മൈ ബിഗിനിംഗ്സ്' പുറത്തിറക്കുന്നതിന് മുന്നോടിയായി എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. കുട്ടിക്കാലത്ത് മാതാപിതാക്കൾ തന്നെ ഒരു തെറാപ്പിസ്റ്റിൻ്റെ അടുത്തു കൊണ്ടുപോയതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

താൻ കുട്ടിയായിരുന്ന കാലത്ത്, ചിലരുടെ മസ്തിഷ്കം വിവരങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നു എന്ന വസ്തുത വ്യാപകമായി മനസ്സിലാക്കപ്പെട്ടിരുന്നില്ല. ഒരു ജോലിയിൽ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് ( 'ഹൈപ്പർ ഫോക്കസ്') തന്റെ വളർച്ചയിൽ സഹായിച്ചു. എന്നാൽ, അസാധാരണമായ പെരുമാറ്റം മാതാപിതാക്കളെ ഉൾപ്പെടെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഇപ്പോൾ, ഇതൊരു വ്യത്യസ്‌ത ലോകമാണെന്നും ഓട്ടിസം സ്പെക്ട്രം ഡിസോർഡർ ഉള്ള കുട്ടികൾ അത് മറച്ചുവെക്കേണ്ടതില്ലെന്നും ഗേറ്റ്സ് പറഞ്ഞിരുന്നു. എന്നാൽ,  സാമൂഹികമായ ഇടപെടലിനും മറ്റും തനിക്ക് വർഷങ്ങളെടുത്ത് വളരെയധികം പഠിക്കേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.

എന്താണ് ആസ്പെർജേഴ്സ് സിൻഡ്രോം? 

ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ വരുന്ന വികസന വൈകല്യമാണ് ആസ്പെർജേഴ്സ് സിൻഡ്രോം. ഇത്തരത്തിലുള്ളവർക്ക് സാമൂഹിക സമ്പർക്കങ്ങൾ ബുദ്ധിമുട്ടായിരിക്കും. കണ്ണിൽ നോക്കി ആശയവിനിമയം നടത്താനുള്ള ബുദ്ധിമുട്ട്, സമപ്രായക്കാരുമായി ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ വിമുഖത, സംഭാഷണം ആരംഭിക്കാനുള്ള ബുദ്ധിമുട്ട്, ചില വാക്കുകൾ ആവർത്തിച്ചുപറയുക, കൈകൾ ആവർത്തിച്ച് ചലിപ്പിക്കുക തുടങ്ങിയവ കാണാം. 2013-ന് മുമ്പ് സ്വതന്ത്രമായ മാനസികാരോ​ഗ്യപ്രശ്നമായാണ് വിലയിരുത്തിയിരുന്നതെങ്കിൽ പിന്നീട് ഓട്ടിസം സ്പെക്ട്രം ഡിസോർഡറിന് കീഴിൽ അടയാളപ്പെടുത്തി തുടങ്ങി.

എന്താണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ?

തലച്ചോറിലെ ചില  വ്യത്യാസങ്ങൾ മൂലമുണ്ടാകുന്ന വികസന വൈകല്യമാണ് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ (ASD). ഓട്ടിസം ഉള്ള വ്യക്തികൾക്ക് പലപ്പോഴും സാമൂഹിക ആശയവിനിമയത്തിലും ഇടപെടലിലും നിയന്ത്രിതമായ അല്ലെങ്കിൽ ആവർത്തിച്ചുള്ള പെരുമാറ്റങ്ങൾ പ്രകടിപ്പിച്ചേക്കാം. ഇവർ കാര്യങ്ങൾ പഠിക്കാനും അതിനെ ഗ്രഹിക്കാനും വ്യത്യസ്തമായ വഴികൾ ഉപയോഗിക്കുന്നു. അതായത് അവരുടെ തലച്ചോർ കാര്യങ്ങളെ വ്യത്യസ്തമായ രീതിയിൽ  ഗ്രഹിച്ചെടുക്കുന്നു.  

എ.എസ്.ഡിയുള്ള കുട്ടികൾ കൗമാരപ്രായക്കാരും ചെറുപ്പക്കാരും ആയിത്തീരുമ്പോൾ, സൗഹൃദങ്ങൾ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനും സമപ്രായക്കാരുമായും മുതിർന്നവരുമായും ആശയവിനിമയം നടത്തുന്നതിനുമൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. ഉത്കണ്ഠ, വിഷാദം, അല്ലെങ്കിൽ ശ്രദ്ധക്കുറവ് / ഹൈപ്പർ ആക്റ്റിവിറ്റി ഡിസോർഡർ പോലുള്ള അവസ്ഥകൾ ഓട്ടിസം ഇല്ലാത്ത ആളുകളെ അപേക്ഷിച്ച് ഓട്ടിസമുള്ള  ആളുകളിൽ കൂടുതലായി കാണപ്പെടുന്നു.