നടുവേദന അനുഭവിക്കുന്നുവെന്ന് പരാതിപ്പെടുന്നവരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ രീതികൾ മാറ്റുന്നതും അനുസരിച്ച് നടുവേദന കുറയ്ക്കാൻ കഴിയും.
ഇപ്പോഴിതാ, ഈ വിഷയവുമായി ബന്ധപ്പെട്ട് ഓർത്തോപീഡിക്, സ്പോർട്സ് സർജൻ ഡോ. ഉബൈദുർ റഹ്മാൻ പങ്കുവെച്ച പോസ്റ്റ് ആണ് സാമൂഹികമാധ്യമങ്ങളിൽ വൈറൽ. നമ്മളിൽ പലരും സ്ഥിരമായി ചെയ്യുന്ന ഈ മൂന്ന് കാര്യങ്ങൾ നടുവേദന ഒരിക്കലും ഭേദമാകില്ല. ഊഹിക്കുന്നത് നിർത്തി പരിഹാരങ്ങൾ ആരംഭിക്കാമെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
1. കാൽ പിണച്ച് ഇരിക്കുക
കാൽ പിണച്ച് ഇരിക്കുകയോ കൂനിക്കൊണ്ട് ഇരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ നടുവിന്റെ താഴ്ഭാഗത്ത് അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് നട്ടെല്ലിനെ അമിതമായി വളയ്ക്കുകയും സ്ലിപ്പ്ഡ് ഡിസ്ക് (Slipped Disc) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.
2. ഇരുചക്രവാഹനം ഓടിക്കൽ
ഇരുചക്രവാഹനം ഓടിക്കുമ്പോൾ നട്ടെല്ലിന് ശക്തമായ ഞെരുക്കമുണ്ടായേക്കാം. ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന ഡിസ്കുകൾ പിന്നിലേക്ക് തള്ളപ്പെടുകയും ഹെർണിയേഷനുള്ള (Herniation) സാധ്യത വർധിക്കുകയും ചെയ്യുന്നു.
3. മുന്നോട്ട് കുനിയൽ, ഭാരം ഉയർത്തൽ
ഭാരം ഉയർത്തുമ്പോഴോ ആവർത്തിച്ച് മുന്നോട്ട് കുനിയുമ്പോഴോ ഉണ്ടാകുന്ന ഫ്ലെക്ഷൻ ലോഡിംഗ് (Flexion Loading) നടുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.
ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഡിസ്ക് തേയ്മാനമാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. വ്യായാമം നടുവേദനയുടെ ഫലപ്രദമായ പ്രതിരോധമാർഗമാണ്. അസ്ഥിയുടെ തേയ്മാനം, ഡിസ്ക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, അർബുദം, നീർക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായി നടുവേദനയിലേക്ക് നയിക്കുന്ന കാരണങ്ങൾ. നടുവേദന കാലങ്ങളായി തുടരുക, വണ്ണംകുറയുക, കാലുകളിലേക്കും വേദന പടരുക, ചെറിയ പ്രായത്തിലേ നടുവേദന വരിക, മല-മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുക തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.
നല്ല പോസ്ചർ ശീലമാക്കുക
പലരും ദീർഘനേരം ഒരേ പോസിൽ ഇരിക്കുകയോ, നടുവിന് സമ്മർദം നൽകുന്ന രീതിയിൽ ഇരിക്കുകയോ ഒക്കെ ചെയ്യുന്നവരാണ്. ഫലമോ ഇടയ്ക്കിടെ വരുന്ന നടുവേദനയും. പോസ്ചർ ശരിയാക്കുകവഴി പുറത്തെ പേശികൾക്കും ഡിസ്ക്കിനുമൊക്കെയുണ്ടാകുന്ന സമ്മർദം കുറയ്ക്കാവുന്നതാണ്. നിവർന്നുതന്നെ ഇരിക്കാനും നിൽക്കാനും ശ്രദ്ധിക്കുക. ചുമലുകളും അരക്കെട്ടുമൊക്കെ നിവർന്നുതന്നെയിരിക്കണം. മുൻവശത്തേക്കോ പുറകിലേക്കോ ഒക്കെ വളഞ്ഞിരിക്കുന്ന രീതിയും ഒഴിവാക്കണം.
വ്യായാമം പ്രധാനം
പല ആരോഗ്യപ്രശ്നങ്ങൾക്കും പിന്നിലെ കാരണങ്ങളിലൊന്നായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് വ്യായാമമില്ലായ്മയാണ്. നടുവേദന പോലുള്ള ശരീരവേദനകൾക്കും വ്യായാമം ശീലമാക്കുന്നത് ഒരു പരിഹാരമാണ്. വ്യായാമം പുറംപേശികളെ ശക്തിപ്പെടുത്തുകയും മെയ്വഴക്കം നൽകുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വ്യായാമം ശീലമാക്കുകവഴി ശരീരഭാരം കുറയുന്നതും പുറംവേദനയ്ക്ക് പരിഹാരമാകും.
ഭാരം കുറയ്ക്കാം
പുറംവേദന പരാതിയായി പറയുന്നവരിലേറെയും അമിതവണ്ണം മൂലമുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ്. വണ്ണംകൂടുന്നത് നട്ടെല്ലിനും പുറത്തെ പേശികൾക്കും സമ്മർദം നൽകുന്നു. ആരോഗ്യകരമായ ഭക്ഷണരീതിയും വ്യായാമവും തുടർന്ന് വണ്ണംകുറയ്ക്കുന്നതിലൂടെ പുറംവശത്തിനുള്ള സമ്മർദം കുറയ്ക്കാവുന്നതും നടുവേദന കുറയ്ക്കാവുന്നതുമാണ്.
ഉറങ്ങുന്ന രീതിയും പ്രധാനം
നന്നായി ഉറങ്ങണമെന്നു മാത്രമല്ല ഉറക്കത്തിന്റെ രീതിയും നടുവേദന അകറ്റുന്നതിൽ പ്രധാനമാണ്. നട്ടെല്ലിന് സമ്മർദം നൽകാത്ത രീതിയിലുള്ള കിടക്കയും തലയിണയും തിരഞ്ഞെടുക്കണം. കമിഴ്ന്നുകിടക്കുന്ന ശീലവും ഒഴിവാക്കണം, ഇതും നട്ടെല്ലിന് സമ്മർദമേകും.
മാനസികാരോഗ്യം കാക്കണം
മാനസികാരോഗ്യം കാത്തുസൂക്ഷിക്കേണ്ടതും നടുവേദന പരിഹരിക്കപ്പെടുന്നതിൽ പ്രധാനമാണ്. മാനസികസമ്മർദം കൂടുന്നത് മസിലുകളുടെ ആരോഗ്യത്തെ ബാധിക്കുകയും ശരീരവേദനയ്ക്ക് കാരണമാവുകയും ചെയ്യും.
ഇടയ്ക്കിടെ നടക്കാം
ഓഫീസ് ജോലിക്കാരിൽ പലരും നടുവേദനയുമായി ജീവിക്കുന്നവരാണ്. ദീർഘനേരം ഒരേ ഇരിപ്പ് ഇരിക്കുന്നതിലാണ് പലതിനും പിന്നിൽ. ഒരിടത്ത് ദീർഘസമയം ചടഞ്ഞുകൂടി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റു നടക്കാം. ഇത് പുറംഭാഗത്തിനു നൽകുന്ന സമ്മർദം കുറയ്ക്കും.
പുകവലി ഉപേക്ഷിക്കാം
പുകവലി ശീലവും പുറംവേദനയും തമ്മിലും അഭേദ്യമായ ബന്ധമുണ്ട്. പുകവലി ശീലമായിട്ടുള്ളവരിൽ ഡിസ്ക്കുകളിലേക്കുള്ള രക്തചംക്രമണം തടസ്സപ്പെടും. കാൽസ്യം ആഗിരണം ചെയ്യുന്നത് കുറയ്ക്കുകയും അസ്ഥികളുടെ വളർച്ച തടസ്സപ്പെടുത്തുകയും ചെയ്യും. അസ്ഥികളുടെ ആരോഗ്യം നശിക്കാനും ക്ഷയിക്കാനും കാരണമാകും.
(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)
Content Highlights: Back pain relief tips from an orthopedic surgeon. Learn how posture, riding, and lifting affect your spine and discover effective solutions.
Published: 24 Sept 2025, 03:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented