കോഴിക്കോട്: മുപ്പതുദിവസത്തെ ആശുപത്രിവാസംകഴിഞ്ഞ് തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജ് വിടുമ്പോൾ ആറാംക്ലാസുകാരനായ അവ്യക്തിന് തന്റെ കുടുംബം നേരിട്ട വലിയ ദുരന്തത്തെക്കുറിച്ച് അറിയില്ല. ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ഗുരുതരമായി പരിക്കേറ്റ അവന് അച്ഛനെയും സഹോദരനെയും നഷ്ടമായി. അമ്മ ഇപ്പോഴും ചികിത്സയിലാണ്.

To advertise here,

ശാരീരികാരോഗ്യം വീണ്ടെടുത്തെങ്കിലും എല്ലാം താങ്ങാനുള്ള മാനസികശേഷി അവനായിട്ടില്ല. പ്രാപ്തനായശേഷം ഡോക്ടർമാരുടെ നിർദേശപ്രകാരമായിരിക്കും ഉറ്റവർ നഷ്ടപ്പെട്ട കാര്യവും അമ്മ ആശുപത്രിയിലാണെന്നതും അവ്യക്തിനെ അറിയിക്കുക.

ഗുരുതരമായി പരിക്കേറ്റ അവ്യക്തിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിക്കുമ്പോൾ തിരിച്ചറിയാൻപോലും പറ്റാത്ത അവസ്ഥയിലായിരുന്നു. കോഴിക്കോട്ട് ഒരു കുട്ടിയെ ചികിത്സിക്കുന്നു എന്നറിഞ്ഞ് ഒരു കുടുംബം എത്തി. മൂന്നുകുട്ടികൾ കാണാതായ കുടുംബവുമായി ബന്ധപ്പെട്ടവരായിരുന്നു അവർ. മുറിവുകൾ കാരണം കുട്ടിയെ വെന്റിലേറ്ററിൽവെച്ച് തിരിച്ചറിയാൻ സാധിച്ചില്ല. രണ്ടു ദിവസങ്ങൾക്കുശേഷം പാലക്കാട്ടുനിന്ന് വന്ന അമ്മൂമ്മ ‘തക്കുടു’ എന്ന് വിളിച്ചു. അപ്പോൾ അവ്യക്ത് വിരലനക്കി. അങ്ങനെയാണ് അവനെ തിരിച്ചറിഞ്ഞത്. ചൂരൽമലയിൽ താമസിക്കുന്ന മകളുടെ മകനാണ് അമ്മൂമ്മ ‘തക്കുടു’ എന്ന് വിളിച്ചിരുന്ന അവ്യക്ത്.

പന്ത്രണ്ടോളം മെഡിക്കൽവിഭാഗങ്ങൾ ചേർന്നാണ് അവ്യക്തിനെ ചികിത്സിച്ചത്. ആ ഏകോപനത്തിന്റെ വിജയമാണ് അവ്യക്ത് ഇപ്പോൾ ആരോഗ്യം വീണ്ടെടുത്ത് മടങ്ങുന്നതിനു പിന്നിൽ. തിങ്കളാഴ്ചയാണ് അവ്യക്ത് ആശുപത്രി വിട്ടത്. യാത്രയാക്കാൻ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ., പ്രിൻസിപ്പൽ ഡോ. സജിത് കുമാർ, മാതൃ-ശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീത് എന്നിവർ രാവിലെ എത്തിയിരുന്നു. മെഡിക്കൽ കോളേജിലെ സെക്യൂരിറ്റിജീവനക്കാർ സൈക്കിൾ സമ്മാനിച്ചാണ് അവനെ യാത്രയാക്കിയത്.