അടുത്തിടെയാണ് ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും ബ്രേക്കപ്പായെന്ന വാർത്തകൾ പുറത്തുവന്നത്. ഇരുവരും പിരിഞ്ഞുവെന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് താൻ സിം​ഗിളാണെന്ന് വ്യക്തമാക്കി അർജുൻ രം​ഗത്തെത്തിയത്. ഇപ്പോഴിതാ താൻ നേരിട്ടുകൊണ്ടിരിക്കുന്ന ആരോ​ഗ്യ പ്രശ്നങ്ങളേക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ബോളിവു‍ഡ് താരം അർജുൻ കപൂർ. വിഷാദരോ​ഗം, ഓട്ടോഇമ്മ്യൂൺ ഡിസോർഡർ എന്നിവയാൽ താൻ ബുദ്ധിമുട്ടിയ കാലത്തേക്കുറിച്ചാണ് താരം തുറന്നുപറഞ്ഞത്. 

To advertise here,

ചില ചിത്രങ്ങൾ ബോക്സോഫീസിൽ തകർന്നതിനു പിന്നാലെ താൻ മാനസികമായി തളർന്നിരുന്നുവെന്ന് പറയുകയാണ് അർജുൻ. കുട്ടിക്കാലത്ത് അമിതവണ്ണമുണ്ടായിരുന്നത് തനിക്കൊരു ട്രോമ പോലെയായിരുന്നു. അടുത്തിടെയുണ്ടായ മാനസിക സമ്മർദങ്ങൾ കൈകാര്യം ചെയ്യാൻ കഴിയാതിരുന്നതോടെ തെറാപ്പി എടുക്കുകയും ചെയ്തു. മറ്റുള്ളവരുടെ മികച്ച പ്രകടനങ്ങൾ കാണുകയും തനിക്കത്തരം അവസരം ലഭിക്കാത്തതിനേക്കുറിച്ച് ആശങ്കപ്പെടുകയും ചെയ്തു. നെ​ഗറ്റീവ് ചിന്തകൾ വർധിച്ചതോടെയാണ് തെറാപ്പി സ്വീകരിക്കാൻ തീരുമാനിച്ചതെന്നും തെറാപ്പിസ്റ്റാണ് തനിക്ക് ചെറിയതോതിൽ വിഷാദരോ​ഗമുണ്ടെന്ന് സ്ഥിരീകരിച്ചതെന്നും അർജുൻ പറഞ്ഞു. 

സിങ്കം എ​ഗെയ്ൻ എന്ന ചിത്രത്തിൽ കരാറൊപ്പിടുമ്പോൾ താൻ വ്യക്തിപരമായും വൈകാരികമായും മാനസികമായും ശാരീരികമായുമൊക്കെ തകർന്നിരിക്കുന്ന സമയമായിരുന്നുവെന്ന് അർജുൻ പറഞ്ഞു. സിനിമകൾ ആസ്വദിച്ച് കാണുന്നതുപോലും നിർത്തി. തന്നെ സംബന്ധിച്ച് സിനിമയായിരുന്നു ജീവിതം. എന്നിട്ടും അതാസ്വദിക്കാൻ കഴിഞ്ഞിരുന്നില്ലെന്നും അസന്തുഷ്ടനായെന്നും അർജുൻ പറഞ്ഞു. 

ഓട്ടോഇമ്മ്യൂൺ ഡിസോർഡറായ ഹാഷിമോട്ടോസ് തൈറോയ്ഡൈറ്റിസ് സ്ഥിരീകരിച്ചതിനേക്കുറിച്ചും നടൻ ആദ്യമായി മനസ്സുതുറന്നു. തൈറോയ്ഡ് തകരാറിന്റെ കുറച്ചുകൂടി ​ഗൗരവകരമായ അവസ്ഥയാണിത്. നിങ്ങളുടെ ആന്റിബോഡീസ് നിങ്ങളെത്തന്നെ ആക്രമിക്കുകയാണ് ചെയ്യുന്നത്.- അർജുൻ പറഞ്ഞു. 

എന്താണ് ഹാഷിമോട്ടോസ് ഡിസീസ്?

ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്ന ഓട്ടോഇമ്മ്യൂൺ ഡിസോർഡറാണ് ഹാഷിമോട്ടോസ് ഡിസീസ്. ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥയിലുണ്ടാകുന്ന തകരാറുകളാണ് ഇതിന് ഇടയാക്കുന്നത്. തൈറോയ്ഡ് കോശങ്ങള്‍ക്കെതിരേ സ്വന്തം പ്രതിരോധ സംവിധാനം പ്രവര്‍ത്തിക്കുക എന്ന പിശകാണ് ഇവിടെ സംഭവിക്കുന്നത്. ഇതോടെ തൈറോയ്ഡ് ഹോര്‍മോണ്‍ ഉത്പാദനം കുറയുന്നു.

തൈറോയ്ഡ്‌ ഹോർമോണുകളുടെ അളവ്‌ ക്രമാതീതമായി കുറയുന്ന അവസ്ഥയാണ് ഹൈപോതൈറോയ്ഡിസത്തിന് കാരണമാകുന്നത്.
ചിലഘട്ടങ്ങളിൽ ഹാഷിമോട്ടോസ് ഡിസീസ് ഹൈപ്പർതൈറോയ്ഡിസത്തിനും കാരണമാകാറുണ്ട്. തൈറോയ്ഡ് ​ഗ്രന്ഥിയുടെ അമിതമായ പ്രവർത്തനം മൂലമുണ്ടാകുന്ന രോ​ഗാവസ്ഥയാണ് ഹൈപ്പർ തൈറോയ്ഡിസം. 

പ്രധാനലക്ഷണങ്ങൾ

  • അമിതക്ഷീണം
  • വണ്ണംവെക്കുക
  • പേശികളിലും സന്ധികളിലും വേദന
  • മലബന്ധം
  • വരണ്ട മുടിയും ചർമവും
  • മുടികൊഴിച്ചിൽ
  • ആർത്തവക്രമക്കേടുകൾ
  • ഹൃദയമിടിപ്പ് കുറയുക