കഴുത്തിന്റെ മുൻവശത്തുള്ള ഒരു ചെറിയ ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള അന്തർസ്രാവി ഗ്രന്ഥിയായ തൈറോയ്ഡ് ഗ്രന്ഥി ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, ഊർജനിലകൾ, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവ നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് പേരാണ് തൈറോയ്ഡ് മൂലമുള്ള പ്രശ്നങ്ങളാൽ വലയുന്നത്. മരുന്നുകൾക്ക് പുറമെ ജീവിതശൈലിയും തൈറോയ്ഡ് ആരോഗ്യത്തെ നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. ക്യൂറിയസ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലും ഇക്കാര്യമാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ചിട്ടയായ ശാരീരിക പ്രവർത്തനങ്ങൾ നിങ്ങളുടെ മെറ്റബോളിസം നിയന്ത്രിക്കാനും ഊർജ്ജ നില മെച്ചപ്പെടുത്താനും സഹായിക്കും.

To advertise here,

നടത്തം

തൈറോയ്ഡ് ആരോഗ്യത്തിനായുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ വ്യായാമമാണ് നടത്തം. ശാരീരികക്ഷമതയ്ക്കനുസരിച്ച് നടത്തം ക്രമീകരിക്കാം. ദിവസവും 30 മിനിറ്റ് വേഗത്തിൽ നടക്കുന്നത് ഉപാപചയം വർധിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും ക്ഷീണം അകറ്റാനും സഹായിക്കും. ഹൈപ്പോതൈറോയിഡിസം ഉള്ളവർക്ക് ശരീരഭാരം നിയന്ത്രിക്കാനും നടത്തം സഹായിക്കും. ഹൈപ്പർതൈറോയിഡിസം ഉള്ളവരിൽ ഉത്കണ്ഠ കുറയ്ക്കാനും നടത്തം ശീലമാക്കാം.

യോഗ

യോഗ തൈറോയ്ഡിന്റെ ആരോഗ്യത്തിന് നല്ലതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശാരീരിക ചലനവും കഴുത്തിൻ്റെ ഭാഗത്തേക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതും ഗുണകരമാണെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ശാരീരിക ഗുണങ്ങൾക്കപ്പുറം, തൈറോയ്ഡ് അസന്തുലിതാവസ്ഥയുടെ ഒരു പ്രധാന കാരണമായ സമ്മർദ്ദം കുറയ്ക്കാൻ യോഗ സഹായിക്കുന്നു.

മസിൽ ട്രെയിനിങ്

തൈറോയ്ഡ് രോഗങ്ങളിൽ പേശീ ദൗർബല്യവും സന്ധിവേദനയും സാധാരണയായി കാണപ്പെടാറുണ്ട്. സ്ക്വാറ്റുകൾ, ലഞ്ചുകൾ, ചെറിയ തോതിൽ വെയ്റ്റ് ലിഫ്റ്റിങ് എന്നിവയാണ് ഏറ്റവും ഫലപ്രദമായ വ്യായാമങ്ങൾ. ഡംബെല്ലുകളും ഉപയോഗിക്കാം

നീന്തൽ

നീന്തൽ സന്ധികളിലെ സമ്മർദ്ദം കുറയ്ക്കുന്നു. ഇത് ഒരു വ്യക്തിയുടെ പൊതുവായ ഹൃദയാരോഗ്യം, പേശികൾ എന്നിവയെ മെച്ചപ്പെടുത്തുന്നു.

സൈക്ലിങ്ങ്

ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ് സൈക്ലിങ്ങ്. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഹൈപ്പോതൈറോയിഡ് രോഗികൾക്ക് കലോറി എരിയിച്ചുകളയാൻ സൈക്ലിങ്ങ് സഹായിക്കും. അതുവഴി അവരുടെ ശരീരഭാരം നിയന്ത്രിക്കാനും സാധിക്കും. അതേസമയം ഹൈപ്പർതൈറോയിഡിസമുള്ളവരെ സംബന്ധിച്ച് എനർജി ലെവൽ ബാലൻസ് ചെയ്യുന്നതിന് സൈക്ലിങ്ങ് സഹായിക്കും.

 

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)