ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാൻ ഭക്ഷണരീതിയിലും വ്യായാമത്തിലുമൊക്കെ ശ്രദ്ധിക്കുന്നവരുണ്ട്. എന്നാൽ ഇതുമാത്രം പോരാ, മാനസികാരോഗ്യം കൂടി മെച്ചപ്പെട്ടാലോ ആരോഗ്യം കാക്കാനാവൂ. ദേഷ്യം നിയന്ത്രിക്കാൻ കഴിയാത്തവരാണെങ്കിൽ പലവിധ ആരോഗ്യപ്രശ്നങ്ങൾ പുറകെയുണ്ടെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദേഷ്യത്തിന്റെ അനന്തരഫലങ്ങളേക്കുറിച്ച് ഡോ.സുധീർ കുമാർ പങ്കുവെച്ചിരിക്കുന്നത്. രണ്ട് സുഹൃത്തുക്കളുടെ അനുഭവങ്ങൾ സഹിതമാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അരുൺ, രവി(യഥാർഥ പേരുകളല്ല) എന്നീ രണ്ട് യുവാക്കളുടെ ജീവിതത്തേക്കുറിച്ചും ദേഷ്യം അവരിലുണ്ടാക്കിയ മാറ്റത്തേക്കുറിച്ചുമാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്.
ദേഷ്യക്കാരനാണ് അരുൺ, കൂട്ടുകാരുടെ വഞ്ചനയോ, തൊഴിലിടത്തിലെ പ്രശ്നങ്ങളോ, വീട്ടിലുണ്ടാകുന്ന തർക്കങ്ങളോ ഒന്നും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ദേഷ്യം അവന്റെയുള്ളിൽ വർഷങ്ങളോളം പുകഞ്ഞുകൊണ്ടിരുന്നു. അവൻ ചെയ്തത് ഞാനൊരിക്കലും മറക്കില്ല എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. നാൽപത്തിയെട്ടു വയസ്സായപ്പോഴേക്കും രക്തസമ്മർദം ഉയരുകയും കടുത്ത ക്ഷീണം അടിക്കടി മൈഗ്രേൻ എന്നിവയ്ക്കൊപ്പം ക്രമേണ ഹൃദയാഘാതവുമുണ്ടായി. അമിതമായ സമ്മർദത്തിന്റെ ഭാഗമായി കോർട്ടിസോൾ നില കൂടിയതും ശരീരത്തിൽ നീർവീക്കമുണ്ടായതുമൊക്കെയാണ് പ്രശ്നമായതെന്ന് പിന്നീട് മെഡിക്കൽ രേഖകൾ വ്യക്തമാക്കി.
എന്നാൽ സമാനമായ പ്രശ്നങ്ങൾ ജീവിതത്തിൽ നേരിട്ട രവി വിട്ടുകൊടുക്കാനും സ്വന്തം സമാധാനം നോക്കി മുന്നോട്ടുപോവാനുമാണ് ശ്രമിച്ചതെന്ന് ഡോ.സുധീർ കുമാർ പറയുന്നു. വിഷമമുണ്ടാക്കിയ കാര്യങ്ങൾ കുറിച്ചുവച്ചും ആഴത്തിൽ സംസാരിച്ചും പ്രാർഥനയിലൂടെയും സ്വയം ശ്രമിച്ചുതന്നെ വികാരങ്ങളെ നിയന്ത്രിച്ചു. അമ്പത് വയസ്സായപ്പോഴും രവിയുടെ ആരോഗ്യനില മെച്ചപ്പെട്ടുതന്നെ തുടരുകയും രക്തസമ്മർദമോ, മറ്റ് ആരോഗ്യപ്രശ്നങ്ങളോ അനുഭവിക്കാതിരിക്കുകയും സുഖകരമായ ഉറക്കം ലഭിക്കുകയും ചെയ്തു.
ക്ഷമാശീലം അമിത സമ്മർദത്തിൽ നിന്ന് സംരക്ഷണം നൽകുകയാണ് ചെയ്തതെന്നും ഡോക്ടർ കുറിക്കുന്നു. ദേഷ്യം നിയന്ത്രിക്കപ്പെടാതെ പോകുമ്പോൾ ശരീരത്തിന് പ്രായാധിക്യം ഉണ്ടാക്കുകയും, ഉറക്കത്തെ തടസ്സപ്പെടുത്തുകയും ഹൃദയാരോഗ്യം നശിപ്പിക്കുകയും ചെയ്യും. വിട്ടുകൊടുക്കുന്നതിലൂടെ സ്വന്തം ജീവൻ തന്നെ രക്ഷിക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ഒരാൾ വിട്ടുകൊടുക്കാനും ക്ഷമിക്കാനും തീരുമാനിക്കുന്നതിലൂടെ സ്ട്രെസ്സ് ഹോർമോണുകൾ കുറയുകയും മാനസികനില മെച്ചപ്പെടുകയും പ്രതിരോധശേഷി ശക്തമാവുകയും ഉറക്കം സുഖകരമാവുകയും ചെയ്യുമെന്നും ഡോ. സുധീർ കുറിക്കുന്നു. നിങ്ങൾ പൊറുക്കുന്നത് അപ്പുറത്തുള്ളയാൾ അതർഹിക്കുന്നു എന്നതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ ആരോഗ്യവും സമാധാനവും സ്വാതന്ത്ര്യവും സ്വയം അർഹിക്കുന്നു എന്നതുകൊണ്ടാണെന്നും പറഞ്ഞാണ് ഡോ.സുധീർ കുമാർ കുറിപ്പ് അവസാനിപ്പിക്കുന്നത്.
Content Highlights: Uncontrolled anger leads to health issues like high blood pressure & heart problems
Published: 16 Jun 2025, 11:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented