വന്ധ്യതാ ചികിത്സയിൽ നാഴികക്കല്ലായി എഐ ആൽഗൊരിതം. 19 വർഷത്തെ പരിശ്രമങ്ങൾക്കും ചികിത്സകൾക്കും ശേഷവും കുട്ടികളുണ്ടാകാതിരുന്ന യുഎസ് ദമ്പതിമാരാണ് എഐ ആൽഗൊരിതത്തിന്റെ സഹായത്തോടെ മാതാപിതാക്കളായത്.

To advertise here,

പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഇല്ലാതാകുന്ന രോഗമായ അസൂസ്‌പേർമിയ ബാധിച്ചവർക്കും സ്വന്തമായി കുഞ്ഞുങ്ങളുണ്ടാകാൻ സഹായിക്കുന്നതാണ് എഐ സഹായത്തോടെയുള്ള ഹൈസ്പീഡ് ട്രാക്കിങ് ആൻഡ് റിക്കവറി (സ്റ്റാർ) എന്നു പേരിട്ടിരിക്കുന്ന പുതിയ രീതി.

ആൽഗൊരിതം ഭർത്താവിന്റെ ബീജങ്ങളുടെ 25 ലക്ഷം ചിത്രങ്ങൾ രണ്ടു മണിക്കൂറുകൊണ്ട് വിശകലനംചെയ്താണ് ജീവനുള്ള രണ്ടു ബീജങ്ങളെ കണ്ടെത്തിയത്. കൊളംബിയ യൂണിവേഴ്‌സിറ്റി ഫെർട്ടിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ നടത്തിയ പഠനം ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ചു.

40% വന്ധ്യതയ്ക്കും പിന്നിൽ പുരുഷന്മാരിലെ ഇൻഫെർട്ടിലിറ്റിയാണെന്ന് പഠനങ്ങൾ പറയുന്നു. ചില പുരുഷന്മാരിൽ ബീജത്തിന്റെ എണ്ണം ഒട്ടും ഇല്ലാതാവുന്ന അസൂസ്പേർമിയ എന്ന അവസ്ഥയും മറ്റുചിലരിൽ ബീജം അപൂർവമായി മാത്രം കാണുന്ന ക്രിപ്റ്റോസൂസ്പേർമിയ എന്ന അവസ്ഥയും ഉണ്ടാവും. മേൽപ്പറഞ്ഞ സാഹചര്യങ്ങളിൽ പരിചയസമ്പന്നരായ എംബ്രയോളജിസ്റ്റുകൾക്ക് മൈക്രോസ്കോപ്പിലൂടെ മണിക്കൂറുകളോളം പരിശോധിച്ചാലും ബീജം കാണാൻ കഴിയാത്ത അവസ്ഥയാകും. ഇവരിൽ ചെലവേറിയ ടെസ്റ്റിക്കുലർ സർജറികൾക്കും നിർദേശിച്ചേക്കാം. ഇക്കൂട്ടരിലാണ് പുതിയ രീതി കൂടുതൽ സഹായിക്കുക.