തിരുവനന്തപുരം: ആരെന്നോ എവിടെയാണെന്നോ അറിയാത്ത ഒരാള്‍ക്ക് ജീവന്‍ പകുത്തുനല്‍കി സായി സച്ചിന്‍. രക്താര്‍ബുദ രോഗിക്കായി മൂലകോശം നല്‍കിയാണ് 22-കാരനായ മെഡിക്കല്‍ വിദ്യാര്‍ഥി മാതൃകയായത്. രണ്ടുവര്‍ഷംമുമ്പ് കോളേജില്‍ നടത്തിയ ക്യാമ്പില്‍ പങ്കെടുത്തതാണ് വഴിത്തിരിവായത്. കഴിഞ്ഞ ഏപ്രിലില്‍ ബെംഗളൂരുവിലെത്തിയാണ് നല്‍കിയത്.

To advertise here,

മറ്റുള്ളവര്‍ക്ക് പ്രചോദനവും മാതൃകയുമാകുമെന്ന പ്രതീക്ഷയിലാണ് സായി. അര്‍ബുദരോഗികള്‍ക്ക് സഹായമാകാന്‍ കൂടുതല്‍പ്പേര്‍ മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കോഴിക്കോട് കെ.എം.സി.ടി. മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ്. മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ സായി സച്ചിന്‍.

രക്തകോശത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ദാനം ചെയ്യുന്നതിലുള്ള ആശങ്കയും പേടിയും മാറ്റാന്‍ തന്റെ പ്രവൃത്തി സഹായിക്കുമെന്ന് സായി വിശ്വസിക്കുന്നു. മെഡിക്കല്‍ വിദ്യാര്‍ഥി ആയതിനാല്‍ രോഗത്തെക്കുറിച്ചും ചികിത്സയിലെ ബുദ്ധിമുട്ടുകളെക്കുറിച്ചും അറിയാമായിരുന്നു. വീട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കുമൊക്കെയുണ്ടായിരുന്ന സംശങ്ങള്‍ മാറി. കോളേജില്‍ വീണ്ടും ഡ്രൈവ് സംഘടിപ്പിക്കാന്‍ ആലോചനയുണ്ടെന്നും സായി സച്ചിന്‍ പറയുന്നു.

കാട്ടാക്കട തൂങ്ങാംപാറ ഗ്രീന്‍വാലിയില്‍ സാജന്റെയും ചിത്രയുടെയും മകനാണ് സായി.

2019 അവസാനമാണ് ബെംഗളൂരൂ ഡി.കെ.എം.എസ്.- ബി.എം.എസ്.ടി. ഫൗണ്ടേഷന്‍ ഇന്ത്യ എന്ന സംഘടന കോളേജില്‍ കളക്ഷന്‍ ഡ്രൈവ് നടത്തിയത്. കവിളില്‍നിന്നാണ് കോശത്തിന്റെ സാമ്പിള്‍ ശേഖരിച്ചത്. 2020 ഏപ്രിലില്‍ സായിയുമായി സാമ്യമുള്ള രോഗിയെ കണ്ടെത്തിയതായി സംഘടന അറിയിച്ചു. കൂടുതല്‍ പരിശോധനകള്‍ നടത്തി. അപ്പോഴേക്കും കോവിഡ് കാലമായി.

കഴിഞ്ഞ ഏപ്രിലിലാണ് സംഘടന വീണ്ടും സായി സച്ചിനെ ബന്ധപ്പെടുന്നത്. രണ്ടുദിവസം ആരോഗ്യപരിശോധനയും സ്‌കാനിങ്ങും നടത്തി. ഒരാഴ്ച കഴിഞ്ഞ് മജ്ജയില്‍ മൂലകോശം വര്‍ധിപ്പിക്കാനായി അഞ്ചുദിവസത്തെ പ്രത്യേക ചികിത്സയ്ക്ക് വിധേയനായി. കുത്തിവയ്പിലൂടെയാണ് മരുന്നു നല്‍കുന്നത്. മൂലകോശത്തിന്റെ ഉത്പാദനം തുടര്‍ച്ചയായി നിരീക്ഷിച്ചു. പിന്നീട് ആവശ്യമായ മൂലകോശം രക്തത്തില്‍നിന്ന് ശേഖരിച്ചു. അധികമായുണ്ടായിരുന്നവ ഡയാലിസിസിലൂടെ വേര്‍തിരിച്ചു മാറ്റി.

മൂലകോശം ഇനിയും നല്‍കാം. ഇനി രണ്ടുവര്‍ഷം കഴിയണമെന്ന് മാത്രം. രക്തം ദാനം ചെയ്യുന്നത് ആറുമാസത്തിനുശേഷം മതിയെന്നത് ഒഴിച്ചാല്‍ മറ്റു നിയന്ത്രണങ്ങളോ ബുദ്ധിമുട്ടുകളോയില്ലെന്ന് സായി സച്ചിന്‍ പറയുന്നു.

18 മുതല്‍ 50 വയസ്സുവരെയുള്ളവര്‍ക്ക് dkms-dmst.org/register എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം. തുടര്‍ന്ന് ലഭിക്കുന്ന ടെസ്റ്റിങ് കിറ്റ് ഉപയോഗിച്ച് വീട്ടില്‍വെച്ചുതന്നെ സാമ്പിള്‍ ശേഖരിക്കാം. സമ്മതപത്രത്തോടൊപ്പം ഇവ തിരിച്ചയച്ചാല്‍ മതി.