മഞ്ചേരി : ജീവരക്ഷയ്ക്കാവശ്യമായ മൂലകോശംതേടി ഒരുവട്ടംകൂടി മഞ്ചേരിയിലെ ആ പഴയവിദ്യാലയ മുറ്റത്തേക്ക് കണ്ണുംനട്ടു കാത്തിരിക്കുകയാണ് റാഫിയ ഷെറിൻ. സിവിയർ അപ്ലാസ്റ്റിക് അനീമിയ എന്ന അത്യപൂർവ രോഗാവസ്ഥ ചികിത്സിക്കാൻ അനുയോജ്യമായ മൂലകോശം (സ്റ്റെം സെൽ) തേടുകയാണ് ലണ്ടനിലുള്ള റാഫിയ. ഓഗസ്റ്റ് 15-ന് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിലാണ് ദാതാക്കൾക്കായുള്ള രജിസ്‌ട്രേഷൻ ക്യാമ്പ്.
മഞ്ചേരിക്കടുത്ത് ആമയൂർ സ്വദേശിയായ റാഫിയയും ഭർത്താവ് ഫവാസ് അഹമ്മദും ലണ്ടനിലെ മാഞ്ചസ്റ്ററിലാണുള്ളത്. രജിസ്ട്രേഷൻ ക്യാമ്പിൽവെച്ച് മൂലകോശം നൽകാൻ തയ്യാറുള്ളവരുടെ വായയിൽനിന്ന് പഞ്ഞികൊണ്ട് സ്രവം എടുക്കുകയാണ് ചെയ്യുക. ഈ സ്രവപരിശോധനയിൽനിന്ന് ചേരുന്ന ദാതാവിനെക്കണ്ടെത്തിയാൽ മൂലകോശം എടുത്ത് രോഗിയിൽ പുനഃസ്ഥാപിക്കാനാവും. സ്വന്തം പ്രതിരോധവ്യവസ്ഥതന്നെ അസ്ഥിമജ്ജയിലെ മൂലകോശങ്ങളെ തകരാറിലാക്കുന്ന രോഗാവസ്ഥയാണ് റാഫിയയുടേത്. ഉചിതമായ മൂലകോശം മാറ്റിവെക്കുകയാണ് രക്ഷാമാർഗം.
രക്തഗ്രൂപ്പ് ചേരുന്ന പോലെ രക്തത്തിലെ ഹ്യൂമൻ ല്യൂക്കോസൈറ്റ് ആന്റിജൻ (എച്ച്.എൽ.എ.) യോജിക്കുന്ന ദാതാവിനെ കിട്ടണം. 10ലക്ഷം പേരിൽ ഒരാളുടേത് എന്ന തോതിലൊക്കെയാണ് അനുയോജ്യമായ എച്ച്.എൽ.എ. കണ്ടെത്താൻ കഴിയാറുള്ളത്.
പഴയ കൂട്ടുകാരും നാട്ടുകാരുംചേർന്ന ബഹുജനക്കൂട്ടായ്മയാണ് മഞ്ചേരിയിൽ മൂലകോശ ദാതാവിനെത്തേടി ക്യാമ്പ് ഒരുക്കുന്നത്. റാഫിയ അഞ്ചുമുതൽ പത്തുവരെ പഠിച്ചുവളർന്ന സ്കൂളാണിത്. മൂലകോശ ദാതാക്കളുടെ, ലോകത്തിലെ പ്രമുഖ നെറ്റ്‌വർക്ക് ആയ ഡി.കെ.എം.എസ്സിന്റെ ഇന്ത്യ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ക്യാമ്പ്.
ഇംഗ്ളീഷിൽ ബിരുദാനന്തരബിരുദം നേടിയ റാഫിയ 2019- ലാണ് ലണ്ടനിലേക്ക് തിരിച്ചത്. ലങ്കാഷെയറിൽനിന്ന് ഇന്റർകൾച്ചറൽ ബിസിനസ് കമ്മ്യൂണിക്കേഷനിൽ പി.ജി. നേടി അവിടെത്തന്നെ ജോലിനോക്കിവരികയായിരുന്നു. ജർമനിയിൽ എൻജിനിയറായിരുന്ന വാഴക്കാട് സ്വദേശി ഫഹാസ് അഹമ്മദാണ് ഭർത്താവ്.
മൂലകോശദാനം എങ്ങനെ!
18 മുതൽ 50 വയസ്സുവരെയുള്ള, ആരോഗ്യശാലിയായ ഏതൊരാൾക്കും മൂലകോശ ദാതാവാകാം. ഏജൻസിയുടെ വെബ്‌സൈറ്റ് വഴിയോ ക്യാമ്പുകൾ വഴിയോ ദാതാവായി രജിസ്റ്റർചെയ്യാം.
സ്റ്റെംസെൽ ദാനംചെയ്യുന്നത് പൂർണ്ണമായും സുരക്ഷിതമാണ്. രക്തദാനംപോലുള്ള രീതിയാണ് സ്വീകരിക്കുക. ശസ്ത്രക്രിയ ആവശ്യമില്ല. ദീർഘകാല പാർശ്വഫലങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഉണ്ടാകാറില്ല. രജിസ്‌ട്രേഷനും വിവരങ്ങൾക്കും ഫോൺ: 9846863535,7994408502.
Content Highlights: Rafiya Sherin is suffering from Severe Aplastic Anemia and needs a matching stem cell donor., A registration camp is scheduled for August 15 at HMYHSS Manjeri., The drive is organized in collaboration with DKMS India Foundation.
Published: 13 Aug 2026, 03:14 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented