പ്രായഭേദമന്യേ ഫാറ്റി ലിവർ സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കൂടിവരികയാണ്. കൊഴുപ്പുകൂടിയ ആഹാരരീതിയും വ്യായാമമില്ലായ്മയും ഉദാസീനമായ ജീവിതരീതിയുമൊക്കെയാണ് ഫാറ്റി ലിവർ സാധ്യത കൂട്ടുന്നത്. ജങ്ക് ഫുഡിന് അടിമപ്പെട്ട് പതിനാലാം വയസ്സിൽ ഫാറ്റി ലിവർ സ്ഥിരീകരിച്ച ഒരു ആൺകുട്ടിയേക്കുറിച്ച് സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചിരിക്കുകയാണ് പ്രിവന്റീവ് & ഡയഗ്നോസ്റ്റിക് റേഡിയോളജിസ്റ്റായ ഡോ. ഹർഷ് വ്യാസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഹർഷ് ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്.

To advertise here,

പതിനാലാം വയസ്സിൽ ഗ്രേഡ് ത്രീ ഫാറ്റി ലിവർ ബാധിച്ച കുട്ടിയേക്കുറിച്ചാണ് ഡോ. ഹർഷ് പങ്കുവെച്ചത്. കുട്ടിയുടെ ട്രൈഗ്ലിസറൈഡ് നില ഏകദേശം 400 mg/dL ആയിരുന്നുവെന്നും ഒരു കുട്ടി ആ നിലയെത്തുന്നത് സങ്കൽപ്പിക്കാനാകുമോ എന്നും ഡോകടർ ചോദിക്കുന്നു. അതോടെയാണ് കുട്ടിയുടെ അമ്മയോട് ആഹാരശീലങ്ങളേക്കുറിച്ച് ചോദിക്കാൻ തീരുമാനിച്ചത്.

ഒരു ദിവസം എന്താണ് കഴിക്കുന്നതെന്ന് അമ്മയോട് ചോദിച്ചു. മകൻ വലിയ ഭക്ഷണപ്രിയനാണെന്നും എത്ര തടഞ്ഞാലും എല്ലാ ദിവസവും അവൻ ഒരു പാക്കറ്റ് ചിപ്‌സ്, കുർകുറെ, ചീറ്റോസ് തുടങ്ങിയവ കഴിക്കുന്നുണ്ടെന്നും അമ്മ പറഞ്ഞു. ദിവസവും കുറഞ്ഞത് ഒരു ബോട്ടിൽ കോക്കും മകൻ കുടിക്കുന്നുണ്ടെന്ന് അമ്മ പറഞ്ഞു. എന്തുകൊണ്ട് മകനെ തടയാൻ കഴിഞ്ഞില്ലെന്നും കുട്ടി ഒരു ഗർത്തത്തിലേക്ക് വീഴുകയാണെങ്കിൽ, തടയാതെ അതിന് അനുവദിക്കുന്നത് എന്തിനാണെന്ന് താൻ ചോദിച്ചുവെന്നും ഡോക്ടർ പറഞ്ഞു.

ഫാറ്റി ലിവറിന്റെ തുടക്കത്തിൽനിന്നു ഗ്രേഡ് ത്രീയിലേക്ക് കുട്ടി പോയിരുന്നു. ഒരു HbA1c ടെസ്റ്റിനും നിർദ്ദേശിച്ചിട്ടുണ്ട്, അത് വർധിക്കുമെന്നും ഉറപ്പുണ്ട്. ഇത് തുടരുകയാണെങ്കിൽ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അവന് പ്രമേഹം വരാം. പിന്നീടുള്ള അവന്റെ ജീവിതം നിങ്ങൾക്ക് സങ്കൽപ്പിക്കാൻ കഴിയുമോ? ഇപ്പോൾത്തന്നെ അമിതവണ്ണമുള്ളവനാണ്, ശാരീരികമായ പ്രവർത്തനങ്ങളൊന്നും തന്നെ കാര്യമായി ചെയ്യുന്നുമില്ല- ഡോ.ഹർഷ് പറയുന്നു.

ഇത് ഒരൊറ്റപ്പെട്ട സംഭവമല്ലെന്നും ഒരു കുട്ടിയുടെ കാര്യമല്ലെന്നും ഡോക്ടർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എല്ലാ ആഴ്ചയിലും ഗ്രേഡ് 2 അല്ലെങ്കിൽ ഗ്രേഡ് 3 ഫാറ്റി ലിവർ ഉള്ള നാലോ അഞ്ചോ കുട്ടികളെ കാണുന്നുണ്ട്. ഇന്ത്യയിലെ കുട്ടികൾക്കിടയിൽ ഫാറ്റി ലിവറിന്റെ വ്യാപനം വളരെ കൂടുതലാണ്. കുട്ടികൾക്ക് ആരോഗ്യകരമായ ഭക്ഷണങ്ങൾ ഉണ്ടാക്കിക്കൊടുക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

സൗകര്യത്തിനായി കുട്ടിയുടെ ആരോഗ്യത്തിൽ വിട്ടുവീഴ്ച ചെയ്യരുത്. റെഡി-ടു-ഈറ്റ് പാക്കേജ്ഡ് ഭക്ഷണങ്ങളിലൂടെ സമയം ലാഭിക്കാൻ കഴിയുമായിരിക്കും. പക്ഷേ അവ കുട്ടിയുടെ ഭാവിയെ അപകടത്തിലാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

മാതാപിതാക്കൾ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കേണ്ടത് പ്രധാനമാണെന്നും ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അവരെ പ്രോത്സാഹിപ്പിക്കണമെന്നും ഡോക്ടർ ഊന്നിപ്പറയുന്നുണ്ട്. കുട്ടിക്ക് കളിക്കാൻ ആരുമില്ലെങ്കിൽ മാതാപിതാക്കൾ അവരോടൊപ്പം കളിക്കണം. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ഒരുമിച്ച് ഏതെങ്കിലും ശാരീരികപ്രവർത്തനം ചെയ്യണം. അത് മാതാപിതാക്കളുടെയും കുട്ടികളുടെയും ആരോഗ്യം കാക്കും.

മാതാപിതാക്കൾ ആരോഗ്യത്തോടെയിരുന്നാൽ കുട്ടിയും സ്വാഭാവികമായും ആരോഗ്യകരമായ ശീലങ്ങൾ സ്വീകരിക്കുമെന്നും പകരം ഫോണിൽ സ്ക്രോൾ ചെയ്യുന്നതിൽ സമയം ചെലവഴിച്ചാൽ കുട്ടിയും അതുതന്നെ പഠിക്കുമെന്നും ഡോ. ഹർഷ് പറയുന്നു. അച്ഛനമ്മമാർ അനാരോഗ്യകരമായ ഭക്ഷണം കഴിച്ചാൽ, അവരും അങ്ങനെ ചെയ്യും. അവർ പതിവായി മദ്യം കഴിച്ചാൽ കുട്ടികളും അത് കാണുകയും അനുകരിക്കുകയും ചെയ്യും. ആദ്യം മാതാപിതാക്കളുടെ ശീലങ്ങൾ മെച്ചപ്പെടുത്തുക, അപ്പോൾ കുട്ടികൾ അവരെ മാതൃകയാക്കാൻ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫാറ്റി ലിവർ

കരളിൽ അമിതമായി കൊഴുപ്പ് അടിയുന്നതിനെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. അഞ്ചു ശതമാനത്തിൽ കൂടുതൽ കൊഴുപ്പ് കരളിൽ അടിയുമ്പോഴാണ് അമിത കൊഴുപ്പായി കണക്കാക്കുന്നത്. ഫാറ്റി ലിവർ ഉണ്ടാകാനുള്ള പ്രധാന കാരണം മദ്യപാനമാണ്. എന്നാൽ, ഒരിക്കലും മദ്യം ഉപയോഗിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇതിനെ മദ്യപാനംകൊണ്ടല്ലാതെ വരുന്ന ഫാറ്റി ലിവർ രോഗം എന്നുപറയുന്നു. ഇതിനെത്തന്നെ രണ്ടായി തരംതിരിക്കാം. ഒന്ന്, കരളിൽ കൊഴുപ്പ് അടിയുമ്പോൾ മാത്രം ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (NAFLD) എന്ന് വിളിക്കുന്നു. രണ്ട്, കരളിൽ കൊഴുപ്പ് അടിയുന്നതോടൊപ്പം നീരും (inflammation) ഉണ്ടാകുന്നത്; ഇതിനെ നോൺ ആൽക്കഹോളിക്ക് സ്റ്റിയറ്റോഹെപ്പറ്റൈറ്റിസ് (Nonalcoholic steatohepatitis-NASH) എന്നു പറയുന്നു.

അമിതവണ്ണം, പ്രമേഹം, രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് കൂടുന്നത് എന്നിവയ്ക്കു പുറമേ ചില മരുന്നുകളുടെ ഉപയോഗവും ഫാറ്റി ലിവർ ഉണ്ടാകുന്നതിന് സാധാരണയായി കാരണമാകാറുണ്ട്. കുടലിലെ ബാക്ടീരിയകളിൽ (Gut microbiota) ഉണ്ടാകുന്ന വ്യത്യാസങ്ങളും അസന്തുലിതാവസ്ഥയും ഫാറ്റി ലിവറിന് കാരണമായേക്കാമെന്ന് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നു. ബാക്ടീരിയകൾ ഉണ്ടാക്കുന്ന എൻഡോ ടോക്സിനുകൾ കുടലിന്റെ ശ്ലേഷ്മസ്തരങ്ങളിൽ കേടുപാടുകളുണ്ടാക്കുകയും അതുമൂലം നീരുണ്ടാക്കുന്ന ഘടകങ്ങൾ (Inflammatory factors) കൂടുകയും ചെയ്യുന്നു. ഇത് മദ്യംമൂലമല്ലാത്ത ഫാറ്റി ലിവർ ഡിസീസിലേക്ക് നയിക്കുന്നു.

ലക്ഷണങ്ങൾ

മിക്കയാളുകളിലും ഫാറ്റി ലിവർ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല. വളരെ കുറച്ചുപേരിൽ ക്ഷീണവും വയറിന്റെ മുകളിൽ വലതുവശത്തായി വേദനയും ഉണ്ടാകാറുണ്ട്. പലപ്പോഴും മറ്റ് അസുഖങ്ങളുടെ ഭാഗമായി അൾട്രാസൗണ്ട് സ്‌കാനിങ് വേണ്ടിവരുമ്പോൾ കരളിൽ കൊഴുപ്പടിഞ്ഞതായി കാണുകയോ ഹെൽത്ത് ചെക്കപ്പുകളുടെ ഭാഗമായി രക്തപരിശോധന നടത്തുമ്പോൾ കരളിലെ എൻസൈമുകൾ (AST, ALT) ഉയർന്ന തോതിലുള്ളതായി കാണുകയോ ചെയ്യുമ്പോഴാണ് ഈ രോഗത്തിന്റെ സാന്നിധ്യം തിരിച്ചറിയുന്നത്.

കൊഴുപ്പ് കൂടുന്നതനുസരിച്ച് കരളിൽ നീർവീക്കം വരുകയും നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് ആയിത്തീരുകയും ചെയ്യും. ഇതുമൂലം കാലക്രമേണ കരളിലെ കോശങ്ങൾ നശിക്കുകയും, അത് ലിവർ സിറോസിസ് എന്ന അവസ്ഥയിലേക്ക് പരിണമിക്കുകയും ചെയ്യും.