സെക്സ് എജ്യുക്കേഷൻ എന്നത് പ്രത്യുത്പാദനത്തെക്കുറിച്ചുമാത്രം സംസാരിക്കുന്ന വിഷയമാണെന്നു കരുതുന്നവർ നിരവധിയുണ്ട്. ലൈംഗികാതിക്രമങ്ങളെയും അതിർത്തികളെയും തിരിച്ചറിയാനും കൗമാരക്കാരിലെ ഗർഭധാരണവും ലൈംഗികരോഗങ്ങളും തടയാനുമൊക്കെ ലൈംഗിക വിദ്യാഭ്യാസം പ്രധാനമാണ്. ഇപ്പോഴും ഈ വിഷയം ടാബൂ ആയി തുടരുന്നതിനേക്കുറിച്ച് മാതൃഭൂമി ഡോട്ട്കോമുമായി പങ്കുവെക്കുകയാണ് സെക്ഷ്വാലിറ്റി ഹെൽത്ത് എജ്യുക്കേറ്ററായ അമൃത കെ.ഫ്രാൻസിസ്.

To advertise here,

ഗുഡ്,ബാഡ് ടച്ച് തിരിച്ചറിവുകൾ മാത്രം മതിയോ മുന്നോട്ടുള്ള നാളുകളിൽ? | അന്വേഷണ പരമ്പര 1 

സെക്സ് എജ്യുക്കേഷൻ എന്നുപറയുമ്പോൾ ഇതിൽ എങ്ങനെ സെക്സ് ചെയ്യും എന്ന് പഠിപ്പിക്കലാണെന്നു കരുതുന്നവരുണ്ട്. സമൂഹത്തെ പുരോഗതിയിലേക്കു നയിക്കുന്ന വിഷയമായിട്ടും എന്തുകൊണ്ടാണ് ഈ ടോപ്പിക് ഇപ്പോഴും ടാബൂ ആയി തുടരുന്നത് ?

സെക്സ് എന്നുപറയുന്ന ടോപ്പിക് തന്നെ ടാബൂ ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. സിനിമകളിലെല്ലാം സ്ത്രീകളുടെ ശരീരത്തെ എത്രത്തോളം ഒബ്ജക്റ്റിഫൈ ചെയ്യുന്നുണ്ടെന്ന് കാണുന്നതാണല്ലോ. അത്തരത്തിൽ കണ്ടുവളരുന്ന ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം സ്ത്രീശരീരം എന്നതിനെ സെക്സുമായി ബന്ധപ്പെടുത്തിയേ ചിന്തിക്കൂ. സ്ത്രീശരീരം പുരുഷന്മാരുടേതുപോലെ തന്നെ മറ്റൊരു മനുഷ്യശരീരമാണെന്നോ അതിനെയും ബഹുമാനിക്കണമെന്നോ ചിന്തിക്കില്ല. പകരം ഈ ശരീരംകൊണ്ട് എന്താണ് ചെയ്യാൻ കഴിയുക എന്നാവും ചിന്തിക്കുക. മനുഷ്യന് സുഖം തരുന്ന ഒരു ജീവി എന്നൊക്കെ കരുതാം. അത്തരം സാഹചര്യത്തിൽ ലൈംഗിക വിദ്യാഭ്യാസത്തേക്കുറിച്ചു പറഞ്ഞാവും സെക്സ് എന്ന വാക്കു കേൾക്കുമ്പോൾ മറ്റു ചിന്തകളിലേക്കാവും പോവുക.

കണ്ണ്, മൂക്ക്, വായ പോലുള്ള അവയവങ്ങളെ പഠിപ്പിക്കുന്നതുപോലെത്തന്നെയാണ് ലൈംഗിക അവയവങ്ങളെക്കുറിച്ചും പഠിപ്പിക്കേണ്ടത്. പണ്ടൊക്കെ പ്രാഥമികമായ ലൈംഗികവിദ്യാഭ്യാസ പാഠങ്ങൾപോലും ഒഴിവാക്കലാണ് പതിവ്. ഇപ്പോഴും അങ്ങനെ കാണുന്നുണ്ടോ? അധ്യാപകർ മാറിത്തുടങ്ങിയെന്നു കരുതുന്നുണ്ടോ?

അത്തരത്തിൽ മാറിയ അധ്യാപകരെ നേരിട്ട് പരിചയം ഉള്ളതുകൊണ്ട് മാറിയിട്ടുണ്ട് എന്നുതന്നെ ഞാൻ പറയും. പക്ഷേ, അതിനെ പൊതുവായി പറയാനും പറ്റില്ല. നന്നായി പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകരൊക്കെയുണ്ട്. പക്ഷേ, ഇപ്പോഴും ആ പാഠഭാഗം വീട്ടിൽപ്പോയി വായിച്ചോളൂ എന്നു പറയുന്നവരുമുണ്ട്. നിലവിൽ കരിക്കുലത്തിൽ ഉള്ള വിഷയമായിട്ടും എത്ര അധ്യാപകർ കൃത്യമായി അതു പഠിപ്പിക്കുന്നുണ്ടെന്നു ചോദിച്ചാൽ പറയാനാവില്ല. പല സ്കൂളുകളിലും കുട്ടികൾക്ക് ശരിയായ അറിവുകൾ ലഭ്യമല്ല എന്നുതന്നെയാണ് മനസ്സിലാക്കാനാവുന്നത്.

കഴിഞ്ഞ ദിവസം ഒരു സ്കൂളിൽ പ്ലസ് ടു വിദ്യാർഥികൾക്കായി ലൈംഗിക വിദ്യാഭ്യാസ ക്ലാസെടുക്കുന്നതിനിടെ ആർത്തവത്തേക്കുറിച്ചും അതിന്റെ ഭാഗമായി ഗർഭനിരോധന മാർഗങ്ങളേക്കുറിച്ചുമൊക്കെ പറഞ്ഞുകൊടുത്തു. അതിലൊരു കുട്ടിയുടെ ചോദ്യം ഇരുത്തിച്ചിന്തിപ്പിച്ചു. മൂന്നുമാസമായി ആർത്തവം വന്നില്ലെന്നും താൻ ഗർഭിണിയായിരിക്കുമോ എന്നുമാണ് കുട്ടി ചോദിച്ചത്. ആർത്തവത്തേക്കുറിച്ചും ഗർഭനിരോധനത്തേക്കുറിച്ചുമൊക്കെ പറയുമ്പോൾ കുട്ടികൾ മറ്റുകാര്യങ്ങളും തനിയെ മനസ്സിലാക്കുമെന്ന് ചിന്തിക്കരുത്. സെക്ഷ്വലി ആക്റ്റീവായിരിക്കുമോ എന്നുകൂടി കണക്കിലെടുത്ത് ആഴത്തിൽത്തന്നെ പറഞ്ഞുമനസ്സിലാക്കണമെന്നു തിരിച്ചറിഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ അധ്യാപകർ മാത്രമല്ല, മാതാപിതാക്കളും മുൻകയ്യെടുത്ത് ഇത്തരം വിഷയങ്ങളേക്കുറിച്ച് കൃത്യമായ അവബോധം നൽകണം. സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കുന്ന കുട്ടികൾ ആയതിനാൽത്തന്നെ അവർക്ക് ഇതേക്കുറിച്ചു വിവരങ്ങൾ ലഭ്യമായിരിക്കും, പക്ഷേ, അവ എത്രത്തോളം കൃത്യമായിരിക്കും എന്നതാണ് വെല്ലുവിളി.

പത്തിലെത്തിയിട്ടും ഇതൊന്നും പഠിപ്പിച്ചിട്ടില്ല ടീച്ചറേ എന്നു പറയുന്ന കുട്ടികൾ | അന്വേഷണ പരമ്പര- 2

സ്കൂൾ കുട്ടികളിൽ ഒരു വലിയ പങ്ക് പോൺ സൈറ്റുകളിൽനിന്നാണ് ലൈംഗിക വിദ്യാഭ്യാസം നേടുന്നതെന്ന് തോന്നിയിട്ടുണ്ടോ ?

അത്തരത്തിൽ പറയാൻ പറ്റില്ല. ജനിച്ചുവീഴുന്ന കുഞ്ഞുമുതൽ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപാഠങ്ങൾ പഠിക്കുന്നുവെന്നാണ് മനസ്സിലാക്കേണ്ടത്. ബന്ധങ്ങളിൽ ബൗണ്ടറിയും കൺസെന്റുമൊക്കെ മനസ്സിലാക്കുന്നതും ലൈംഗിക വിദ്യാഭ്യാസത്തിലൂടെയാണ്. ആറേഴുമാസം ഉള്ള കുഞ്ഞിന് കുറുക്ക് കൊടുക്കുന്ന സമയംമുതൽ നമുക്ക് ഇതു കാണാനാവും. പല കാർട്ടൂണുകളിലും കുട്ടികൾക്കിടയിൽ തരംഗമായ കെ-ഡ്രാമകളിലുമൊക്കെ ഇന്റിമേറ്റ് സീനുകൾ ഉണ്ടാവാറുണ്ട്. ഇത്തരം ദൃശ്യങ്ങൾ കുട്ടികൾ കാണുമ്പോൾ മാതാപിതാക്കൾ ഫോൺ മാറ്റുകയും മറ്റും ചെയ്യും. അപ്പോൾത്തന്നെ ഇതിലെന്തോ കുഴപ്പമുണ്ടല്ലോ എന്ന ചിന്ത കുട്ടിയിലുണ്ടാവും.

അതുപോലെ, മിക്കയിടങ്ങളിലും പുരുഷന്മാരുടെ ഫോണുകളിൽ അവരുടേതുമാത്രമായ ഒരു ഗ്രൂപ്പുണ്ടാകും. അതിൽ ന്യൂഡ് ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടെ ഉണ്ടാകാനുമിടയുണ്ട്. ഒരിക്കൽ കുട്ടി അച്ഛന്റെ ഫോണിൽനിന്ന് ന്യൂഡ് ഫോട്ടോ കണ്ടുവെന്നും ഇത് അമ്മയാണോ എന്നു ചോദിച്ചു ഇനി എന്തുചെയ്യുമെന്നും ചോദിച്ച് ഒരമ്മ വിളിച്ചിരുന്നു. ഇത്തരത്തിലുള്ള കണ്ടന്റുകൾ ഉണ്ടെങ്കിൽ ഗ്യാലറി ലോക്ക് ചെയ്തുവെക്കുകയെങ്കിലും വേണം. ഇവിടെയും സ്വന്തം വീട്ടിൽനിന്നാണ് കുട്ടിക്ക് അവ്യക്തമായ ഒരറിവു ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് പോൺ സൈറ്റുകളിലൂടെമാത്രമാണ് ഇത്തരം വിവരങ്ങൾ ലഭിക്കുന്നതെന്ന് പറയാനാവില്ല. 

പ്രായത്തിനിണങ്ങാത്ത കാര്യമല്ല ലൈംഗിക വിദ്യാഭ്യാസം | അന്വേഷണ പരമ്പര - 3

ഏതുപ്രായത്തിലാണ് ശരിക്കും സെക്സ് എജ്യുക്കേഷൻ ആരംഭിക്കേണ്ടത്?

ജനിച്ച കുഞ്ഞിനുതൊട്ട് ലൈംഗിക വിദ്യാഭ്യാസത്തിന്റെ പാഠങ്ങൾ പകരാം എന്നാണ് ശാസ്ത്രം. കാരണം പെർമിഷൻ, ബൗണ്ടറി, കൺസെന്റ് തുടങ്ങിയവയൊക്കെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. കുഞ്ഞിനെ മുലയൂട്ടുമ്പോൾ അതിന്റെ വയറു നിറഞ്ഞാൽ കുഞ്ഞ് നിർത്തും. കുട്ടിക്കറിയാം തനിക്ക് എത്രയാണ് വേണ്ടതെന്ന്, അതുതന്നെ കൃത്യമായ ബൗണ്ടറി നിശ്ചയിക്കലാണ്. അതാരും കുഞ്ഞിനെ പഠിപ്പിക്കുന്നതല്ലല്ലോ.

പക്ഷേ, ഇതൊക്കെ കുളമാക്കുന്നു എന്നുള്ളതാണ് അച്ഛനമ്മമാർ‌ സ്ഥിരമായി ചെയ്യുന്നത്. ആറുമാസം പ്രായമുള്ള കുട്ടിക്ക് ഭക്ഷണം കൊടുത്തുതുടങ്ങുമ്പോൾ മുതലേ കുഞ്ഞിന് മതിയായാലും നിർബന്ധിച്ച് കഴിപ്പിക്കും. കുഞ്ഞിന്റെ വിശപ്പറിഞ്ഞു വേണം ഭക്ഷണം കൊടുക്കാൻ.

ഇതുപോലെതന്നെയാണ് പെർമിഷന്റെ കാര്യവും. ഇഷ്ടമില്ലാതെ ഒരാളെടുക്കുമ്പോൾ കുഞ്ഞ് കരയാൻ തുടങ്ങും. അവിടെയും കുഞ്ഞിനെ പേടിപ്പിച്ച് എടുക്കുകയും ഇഷ്ടമില്ലാത്ത കാര്യങ്ങൾക്ക് നിർബന്ധിക്കുകയും ചെയ്യും. പോലീസിനെയും ഭൂതത്തെയുമൊക്കെ പറഞ്ഞ് ഭക്ഷണം നിർബന്ധിച്ചു കൊടുക്കുന്നവരുണ്ട്. ബൗണ്ടറി, പെർമിഷൻ തുടങ്ങിയവയൊക്കെ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നു തിരിച്ചറിയുകയാണ് വേണ്ടത്.

അതുപോലെതന്നെ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളുടെ പേരുകൾ കൃത്യമായി പഠിപ്പിക്കുകയും വേണം. കണ്ണും മൂക്കുമൊക്കെ എവിടെയാണ് എന്നു കുഞ്ഞിനെ പഠിപ്പിക്കുന്നതുപോലെ തന്നെ സ്വകാര്യഭാഗങ്ങളുടെ പേരുകളും പറയണം. അപ്പോൾ വലുതാകുമ്പോഴും അവയേക്കുറിച്ചു മടികൂടാതെ പറയാൻ കുഞ്ഞിനാവും. ഈയടുത്ത് അധ്യാപകൻ തന്റെ ശരീരത്തിൽ ഏതുഭാഗത്താണ് പിടിച്ചതെന്ന് കുട്ടിക്ക് കൃത്യമായി ജഡ്ജിയോട് പറയാനായി. അതുകൊണ്ടുമാത്രമാണ് അയാൾക്ക് ശിക്ഷ ലഭിച്ചത്. അല്ലാതെ എന്റെ നെഞ്ചിലാണ്, അല്ലെങ്കിൽ പുറകുഭാഗത്താണ് എന്നൊക്കെയാണ് പറയുന്നതെങ്കിൽ അതിൽ കൃത്യതയുണ്ടാകില്ല.

ഈയടുത്ത് ഒരു ക്ലാസ്സിൽ സേഫ്&അൺസേഫ് ബിഹേവിയറിനേക്കുറിച്ചു പഠിപ്പിക്കുകയാണ്. അതിൽ കുട്ടിയെ ഒരു ഡോക്ടർ പരിശോധിക്കുന്ന ചിത്രമുണ്ട്. ഒന്നിൽ അമ്മയുടെ സാന്നിധ്യത്തിലും മറ്റൊന്നിൽ ഡോക്ടറും കുട്ടിയും മാത്രമാണുള്ളത്. ഇതിൽ ഏതാണ് സേഫ് എന്നു ചോദിച്ചപ്പോൾ രണ്ടും എന്നാണ് ഒരു കുട്ടി മറുപടി നൽകിയത്. അതെങ്ങനെയെന്നു തിരിച്ചു ചോദിച്ചപ്പോൾ, ഡോക്ടറല്ലേ ഒരിക്കലും സുരക്ഷിതമല്ലാത്ത രീതിയിൽ സ്പർശിക്കില്ലെന്നു മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള ചിന്തകളാണ് പ്രശ്നം, പോലീസും ഡോക്ടറും മാതാപിതാക്കളുമൊക്കെ അൺസേഫ് ആയി പെരുമാറാം എന്നും അത് തിരിച്ചറിഞ്ഞ് പ്രതികരിക്കാനാവണമെന്നും കുട്ടികൾ മനസ്സിലാക്കണം.

ചരിത്രമായ എറിൻ, മാതൃകയാക്കാവുന്ന എറിൻസ് ലോ | വിലക്കണോ ലൈംഗിക വിദ്യാഭ്യാസം- ഭാഗം 4 

ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നതു സംബന്ധിച്ച് നിരന്തരം ചർച്ചകൾ നടക്കാറുണ്ട്. ചെറുപ്രായത്തിലുള്ള കുട്ടികളെ ഇക്കാര്യം ബോധവൽക്കരിക്കുന്നത് എത്രത്തോളം പ്രയാസകരമാണ്? പ്രത്യേകിച്ച് അപരിചിതർ അല്ലാത്ത, വീട്ടിലുള്ളൊരാൾ വാത്സല്യത്തോടെ ചേർത്തുപിടിക്കുമ്പോഴും മറ്റും വേർതിരിച്ചറിയാൻ സഹായിക്കുക എങ്ങനെയാണ്?

സത്യത്തിൽ ഗുഡ് ടച്ച്, ബാഡ് ടച്ച് എന്നതിനേക്കാൾ സേഫ്& അൺസേഫ് ബിഹേവിയർ എന്ന രീതിയിലാണ് ഇപ്പോൾ പഠിപ്പിക്കുന്നത്. കുഞ്ഞുങ്ങൾക്ക് ഇത്തരം പെരുമാറ്റങ്ങൾ വേഗത്തിൽ മനസ്സിലാക്കാനാവുമെന്നാണ് കരുതുന്നത്. ചില സ്ഥലങ്ങളിൽ പോകുമ്പോൾ നമുക്ക് ആവശ്യമില്ലാത്ത ഒരു പരിഭ്രമം തോന്നാം. പെട്ടെന്ന് വിയർക്കുക, ഹൃദയമിടിപ്പ് കൂടുക, വയറിന് അസ്വസ്ഥത... തുടങ്ങിയവ ഉണ്ടാകാം. അത് ആ സാഹചര്യങ്ങൾ നമുക്ക് സുരക്ഷിതമല്ലെന്ന തോന്നലുള്ളതുകൊണ്ടാണ്. അച്ഛനോ അമ്മയോ ആരോ ആവട്ടെ, ഏതെങ്കിലും ഒരു സ്ഥലത്ത് സുരക്ഷിതമല്ലാത്ത രീതിയിൽ ആരെങ്കിലും പെരുമാറുന്നുവെന്നു തോന്നിയാൽ പ്രതികരിക്കാൻ പഠിപ്പിക്കുകയാണ് ചെയ്യേണ്ടത്. ഒരിക്കൽ ഒരു അമ്മ കുഞ്ഞിനെ കൊണ്ടുവന്നത് ഓർക്കുന്നു. അച്ഛനും അമ്മയും വേർപിരിഞ്ഞു നിൽക്കുകയായിരുന്നു. അച്ഛനൊപ്പം ആ കുട്ടി ഇടയ്ക്കിടെ പല സ്ഥലങ്ങളിലും പോവും. ഇതിനിടയ്ക്ക് അച്ഛന്റെ സുഹൃത്ത് കുഞ്ഞിനെ ബാത്റൂമിൽ കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചു. പക്ഷേ, കുട്ടിക്ക് അത് എന്താണെന്ന് തിരിച്ചറിയാനായില്ല. എങ്കിലും എന്തോ അസ്വസ്ഥത തോന്നിയതുകൊണ്ട് അമ്മയോട് വിവരം പറയുകയായിരുന്നു. വേദനയോ മറ്റ് അസ്വസ്ഥതയോ തോന്നാത്തപക്ഷം കുട്ടികൾക്ക് ഇത് അബ്യൂസ് ആണെന്ന് തിരിച്ചറിയണമെന്നില്ല എന്നതാണ് വലിയ വെല്ലുവിളി.

മറ്റൊരു സാഹചര്യത്തിൽ ഒമ്പതുവർഷമായി അച്ഛൻ റേപ് ചെയ്യുന്ന ഒരു കുട്ടിയേക്കൊണ്ടു വന്ന അമ്മയുണ്ട്. ആ കുട്ടിക്കും അച്ഛൻ തന്നെ റേപ് ചെയ്യുകയാണെന്ന് മനസ്സിലാക്കാനായില്ല. കാരണം അതിനുശേഷമെല്ലാം അയാൾ കുട്ടിക്ക് ഇഷ്ടമുള്ള പേസ്ട്രിയും മറ്റു സാധനങ്ങളും വാങ്ങിക്കൊടുക്കും. കുറേ നാളുകൾക്കുശേഷം കുട്ടി ഗർഭിണിയാണെന്നു പറഞ്ഞ് സ്കൂളിൽനിന്നു ഫോൺ വന്നപ്പോഴാണ് അമ്മ വിവരമറിയുന്നത്. കുട്ടിയോട് ഇതാരാണ് ചെയ്തതെന്നു ചോദിച്ചപ്പോൾ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. നിരന്തരം ചോദിച്ചപ്പോഴാണ് അച്ഛൻ ഇങ്ങനെ ചെയ്യുമായിരുന്നുവെന്നും അത് ഇത്തരത്തിലൊരു സാഹചര്യത്തിലേക്കു നയിക്കുമെന്നു കരുതിയിരുന്നില്ലെന്നും മകൾ പറഞ്ഞത്. മക്കളോട് തുറന്നു സംസാരിക്കാൻ തയ്യാറാവുന്നതിലൂടെ മാത്രമേ ഒരു പരിധിവരെ ഇതിനു പരിഹാരം കാണാനാവൂ.

പക്ഷേ, കുട്ടികൾക്ക് സുരക്ഷിതമല്ലാത്ത ഇടം ഏതാണെന്ന് വേഗത്തിൽ തിരിച്ചറിയാനാവുമോ?

കുട്ടികൾ‌ക്കു വേഗത്തിൽ മനസ്സിലാക്കാനാവും. പരിചയമില്ലാത്ത ഒരാളോട് മിണ്ടാൻ പറഞ്ഞാൽ അവർ പുറകിൽ മടിച്ചുനിൽക്കില്ലേ. വീട്ടിലേക്ക് ഒരഥിതി വന്നാൽ കുഞ്ഞുങ്ങളെ നിർബന്ധിച്ച് അവരുടെ അടുക്കലേക്കു വിടുന്നവരുണ്ട്. കുട്ടികൾക്ക് അവരെ പരിചയമില്ലാത്തതുകൊണ്ടും സുരക്ഷിതമല്ലാത്ത തോന്നലുള്ളതുകൊണ്ടുമാവും പോകാൻ മടിക്കുന്നതെന്ന് വീട്ടുകാർ തിരിച്ചറിയില്ല. വീട്ടകങ്ങളിൽപ്പോലും ഇതുപോലുള്ള പ്രശ്നങ്ങളുണ്ടാവാം. ഒരിക്കൽ ഒരു കുട്ടി വിളിച്ചത്, അമ്മ ദേഹം മുഴുവൻ മാന്തിപ്പറിച്ചുവെന്നു പറഞ്ഞാണ്. പക്ഷേ, അത് അമ്മയായതുകൊണ്ടുമാത്രം എല്ലാവരും കുട്ടിയെ അവിശ്വസിക്കുകയാണ് ചെയ്തത്. അമ്മമാർ അത്തരത്തിലൊന്നും ചെയ്യില്ലെന്നാണ് സമൂഹത്തിന്റെ പൊതുബോധം. അച്ഛൻ കുട്ടിയോട് ലൈംഗികാതിക്രമം കാണിച്ചുവെന്നു പറയുമ്പോൾ സംശയിക്കാതിരിക്കുകയും അമ്മ ചെയ്തുവെന്നു പറയുമ്പോൾ വിശ്വസിക്കാൻ ബുദ്ധിമുട്ട് തോന്നുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസ്സിലാകുന്നില്ല. ഒരിക്കൽ ഒ.സിഡി.(Obsessive-compulsive disorder) പ്രശ്നവുമായി വന്ന ഒരു കുട്ടിയെ ഓർക്കുകയാണ്. അമ്മ നിരന്തരം ലൈംഗികമായി ഉപദ്രവിച്ചിരിക്കുന്ന കുട്ടിയാണ്. അച്ഛൻ വിദേശത്തായിരുന്നു. എപ്പോഴോ അമ്മയും മകനും തമ്മിലുള്ള ബന്ധം ഇങ്ങനെയായി. കുഞ്ഞുനാൾ മുതലേ സുരക്ഷിതവും അല്ലാത്തതുമായ പെരുമാറ്റരീതികൾ പഠിപ്പിച്ചാൽ മാത്രമേ കുഞ്ഞിന് തെറ്റ് എന്താണെന്ന് തിരിച്ചറിയാനും തുറന്നുപറയാനും കഴിയൂ.