കോവിഡ് വന്നതിനുപിന്നാലെ ശ്വാസകോശ സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുവെന്ന് പറയുന്നവർ ഒട്ടേറെയുണ്ട്. കാലങ്ങളോളം നീണ്ടുനിൽക്കുന്ന ലോങ് കോവിഡുമായി കഴിയുന്നവരുമുണ്ട്. ഇപ്പോഴിതാ ലോങ് കോവിഡ് രോഗികൾ നേരിടുന്ന ഏറ്റവും പ്രധാന പ്രശ്നങ്ങളിലൊന്ന് ശ്വസനസംബന്ധമായ തകരാറുകൾ ആണെന്നു പങ്കുവെക്കുകയാണ് പുതിയ പഠനം.

To advertise here,

വൈറസ് ബാധയ്ക്കുശേഷം പന്ത്രണ്ട് ആഴ്ച്ചയിലേറെ ലക്ഷണങ്ങൾ നീണ്ടുനിൽക്കുന്ന അവസ്ഥയെയാണ് ലോങ് കോവിഡ് എന്നു പറയുന്നത്. കോവിഡ് അണുബാധയുണ്ടായി വർഷങ്ങൾക്കിപ്പുറവും നിരവധിപേർ ശ്വസനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നതായാണ് പഠനം പറയുന്നത്. കോവിഡ് ബാധിച്ച് നാലുവർഷത്തിലേറെയായിട്ടും പകുതിയോളംപേർ ശ്വാസതടസ്സങ്ങൾ ഉൾപ്പെടെ നേരിടുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ സ്ഥിരമായുള്ളവരിൽ ഭൂരിഭാഗവും പ്രായം കുറഞ്ഞവരും സ്ത്രീകളുമാണെന്നും പഠനം പറയുന്നു.

റെസ്പിറേറ്ററി റിസർച്ച് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരോലിൻസ്ക യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. സ്വീഡനിൽനിന്നുള്ള ലോങ് കോവിഡ് രോഗികളായ 288 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 50 മാസം നീണ്ട നിരീക്ഷണത്തിനൊടുവിൽ പകുതിയോളം പേർക്ക് ‘ഡിസ്ഫങ്ഷണൽ‌ ബ്രീത്തിങ്’ എന്ന ശ്വസനസംബന്ധമായ പ്രശ്നങ്ങൾ നീണ്ടുനിൽക്കുന്നുവെന്നു കണ്ടെത്തി.

ശ്വാസകോശങ്ങൾക്ക് സ്ഥിരമായ കേടുപാടുകൾ ഉണ്ടാകുന്ന അവസ്ഥയല്ലിത്. മറിച്ച് ശ്വാസംമുട്ടൽ, നെഞ്ചിൽ അസ്വസ്ഥത, ഇടയ്ക്കിടെ ദീർഘനിശ്വാസം വിടുക, മതിയായ വായു ലഭിക്കുന്നില്ലെന്ന് തോന്നുക തുടങ്ങിയവയാണ് ഡിസ്ഫങ്ഷണൽ ബ്രീത്തിങ്ങിന്റെ ലക്ഷണങ്ങൾ.

'ലോങ് കോവിഡ്' മൂലം കഷ്ടത അനുഭവിക്കുന്നവരെക്കുറിച്ച് കൃത്യമായ കണക്കുകളില്ലാത്തത് ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടന നേരത്തേ വ്യക്തമാക്കിയിരുന്നു. കോവിഡ് മുക്തരായിട്ടും ആരോഗ്യപ്രശ്‌നങ്ങൾ തുടരുന്നവർ വൈദ്യസഹായം തേടണമെന്നും ലോകാരോഗ്യ സംഘടന അഭ്യർഥിച്ചിരുന്നു.

ലോങ് കോവിഡ് ലക്ഷണങ്ങൾ

  • വിട്ടുമാറാത്ത ക്ഷീണം
  • അമിത കിതപ്പ്, ശ്വാസംമുട്ടൽ
  • ആസ്ത്‌മ സമാന ലക്ഷണങ്ങൾ. ആസ്ത്‌മ വഷളാകൽ
  • രക്തത്തിൽ ഓക്സിജൻ അളവ് ചെറുതായി കുറയൽ
  • ശ്വാസകോശസ്തരത്തിൽ ഓക്സിജൻ -കാർബൺ ഡൈ ഓക്സൈഡ് വാതക കൈമാറ്റത്തിലെ പ്രശ്നങ്ങൾ
  • എക്സ്-റേ, സി.ടി. സ്കാൻ എന്നിവയിൽ ശ്വാസകോശത്തിൽ കണ്ടെത്തുന്ന പാടുകൾ. ഈ പാടുകൾ മിക്കവരിലും ക്രമേണ കുറയുന്നതായാണ് വിലയിരുത്തൽ