
“ആൾക്കൂട്ടത്തിനിടയിലും എന്നെ കാണുമ്പോൾ അവരിൽ പലരും അരികിലെത്തും. 'ഡോക്ടറേ ഇതു കണ്ടോ' എന്നു ചോദിക്കും. ഷർട്ടിന്റെ ബട്ടൺ ഊരി ഹൃദയശസ്ത്രക്രിയ നടത്തിയതിന്റെ അടയാളം കാണിച്ചുതരും. നെഞ്ചിലെ ആ മുറിവ് കാണുമ്പോൾ, അല്ലെങ്കിൽ ഷർട്ടിന്റെ കൈ മുകളിലേക്ക് ഉയർത്തി രക്തധമനി ബൈപ്പാസിനായി എടുത്ത മുറിവ് കാണിച്ചുതരുമ്പോൾ മനസ്സിൽ ഏതൊക്കെയോ വികാരങ്ങൾ നിറയും...” -ജർമനിയിൽനിന്ന് സംസാരിക്കുമ്പോൾ ഹൃദയം തൊടുന്നതുപോലെ ഡോക്ടർ ജോസ് ചാക്കോയുടെ വാക്കുകൾ . കേരളത്തിലെ ആദ്യത്തെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്ന മേൽവിലാസത്തിനൊപ്പം എത്രയോ ഹൃദയങ്ങളുടെ കഥയാണ് അദ്ദേഹത്തിനു പറയാനുള്ളത്. എറണാകുളം ലിസി ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിഭാഗം തലവനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറം ഇപ്പോൾ ഒരു അന്താരാഷ്ട്ര ഹൃദയാരോഗ്യ കോൺക്ലേവിൽ പങ്കെടുക്കാൻ ജർമനിയിലാണ്. ഫ്രാങ്ക്ഫുർടിൽ നടക്കുന്ന കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെ ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ‘മാതൃഭൂമി’ പ്രതിനിധി സിറാജ് കാസിമിന് നൽകിയ അഭിമുഖത്തിൽനിന്ന്
കേരളത്തിൽ ആദ്യമായി ഹൃദയംമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർ എന്ന താങ്കളുടെ അപൂർവമായ മേൽവിലാസത്തെ ഇപ്പോൾ എങ്ങനെ കാണുന്നു ?
രണ്ടായിരത്തിന്റെ തുടക്കത്തിൽപ്പോലും കേരളത്തിൽ ഹൃദയശസ്ത്രക്രിയകൾ അപൂർവമായിരുന്നു. 1997-ലാണ് ഞാൻ ആദ്യമായി ബൈപ്പാസ് ശസ്ത്രക്രിയ നടത്തുന്നത്. 2003-ലാണ് ഞാൻ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ ചെയ്യുന്നത്. എബ്രഹാം എന്ന ഒരാളിൽ സുകുമാരൻ എന്ന മസ്തിഷ്കമരണം സംഭവിച്ച ഒരാളുടെ ഹൃദയമാണ് ഞാൻ മാറ്റിവെച്ചത്. അന്നത് ഇന്ത്യയിൽ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തുന്ന മൂന്നാമത്തെമാത്രം സംസ്ഥാനമായി കേരളത്തെ മാറ്റി. അതിനുശേഷം 25000-ത്തോളം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾ. 35-ഓളം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ. ഇതെല്ലാം ഒരു നിയോഗം പോലെയാണ് ഞാൻ കാണുന്നത്.
25000-ത്തോളം ഹൃദയംതുറന്നുള്ള ശസ്ത്രക്രിയകൾ ചെയ്ത ഒരാൾ. അത്തരമൊരു അപൂർവമായ അനുഭവത്തെ എങ്ങനെയാണ് എന്നും ഓർക്കുന്നത് ?
ഞാൻ ഇതിനകം 25000-ത്തോളം ഹൃദയശസ്ത്രക്രിയകൾ ചെയ്തുവെന്ന കണക്ക് എന്നെപ്പോലും അദ്‌ഭുതപ്പെടുത്തുന്ന ഒന്നാണ്. ഇത്രയും വലിയ കണക്കായതുകൊണ്ടുതന്നെ എന്റെയടുത്ത് ചികിത്സ തേടിയെത്തിയവരെയെല്ലാം ഓർത്തിരിക്കാനാകില്ല. പക്ഷേ, ചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോൾ ഇവരിൽ പലരുടെയും മുഖം എന്റെ മനസ്സിൽ തെളിയും. പലരും ചടങ്ങുകളിൽ എന്റെയടുത്ത് വന്ന് പരിചയം പുതുക്കാറുമുണ്ട്.
കേരളത്തിലെ അവയവദാനം വളരെ മന്ദഗതിയിലാണെന്നാണല്ലോ കണക്കുകൾ പറയുന്നത്. അവയവദാനത്തിൽ കേരളം ഇങ്ങനെ താഴെപ്പോകാൻ കാരണമെന്താണ് ?
കേരളത്തിലെ അവയവദാനം വളരെ മന്ദഗതിയിലാണെന്ന സത്യം ഏറെ സങ്കടകരവും വേദനപ്പിക്കുന്നതുമാണ്. കേരളത്തിലെ അവയവദാനം നിലച്ചുപോകാനുള്ള കാരണങ്ങൾ അന്വേഷിച്ചാൽ പല ഉത്തരങ്ങൾ കണ്ടെത്താനാകും. അവയവദാനത്തെക്കുറിച്ചുള്ള അറിവില്ലായ്മയും അവയവദാനത്തെ പരസ്യമായി വിമർശിച്ച ചില സെലിബ്രിറ്റി വ്യക്തികളും സോഷ്യൽ മീഡിയകളും സ്വയം പബ്ലിസിറ്റിക്കുവേണ്ടി മസ്തിഷ്കമരണത്തെ വിചിത്രമായി ചിത്രീകരിക്കുകയും ചെയ്ത ചില ഡോക്ടർമാരും ഇതിനുപിന്നിലുണ്ട്. ഇതിന്റെയൊക്കെ ഫലമായി ഒരു പരിധിവരെ നമ്മുടെ സംസ്ഥാനത്തിലെ രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുകയും തത്ഫലമായി അവർക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിയും വന്നിട്ടുണ്ട്. ഇവിടെ കുറഞ്ഞ ചെലവിൽ ലഭിക്കേണ്ട ചികിത്സ നിഷേധിക്കപ്പെടുന്നതോടെ കൂടിയ ചെലവിൽ അത് മറ്റിടങ്ങളിൽ ചെയ്യേണ്ട അവസ്ഥയും നമ്മുടെ നാട്ടിലെ ഹൃദ്രോഗികൾക്കുണ്ടാകുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ജർമനിയിൽ
ഇപ്പോൾ നടക്കുന്ന കോൺക്ലേവിലെ അനുഭവങ്ങൾ എന്തൊക്കെയാണ് ?
ഞാനിപ്പോൾ ജർമനിയിൽ വന്നിരിക്കുന്നത് ഹൃദയശസ്ത്രക്രിയയിലെ അത്യാധുനികമായ ടെക്‌നിക്കൽ പ്രോഗ്രസ് സംബന്ധിച്ച ഒരു കോൺക്ലേവിനായാണ്. ഹൃദയമടക്കം മിക്ക ശസ്ത്രക്രിയകളും ഇപ്പോൾ കീഹോൾ, റോബോട്ടിക് ശസ്ത്രക്രിയകളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഏറ്റവും ചെറിയ മുറിവിലൂടെ ഏറ്റവും കൃത്യവും ഫലപ്രദവുമായ ശസ്ത്രക്രിയകളാണ് കീഹോളും റോബോട്ടിക്കുമെല്ലാം മുന്നോട്ടുവെക്കുന്നത്. ലൈവ് സർജറികൾ ചെയ്ത്, അത് ഡോക്ടർമാരെ കാണിച്ച് അവരുടെ അഭിപ്രായങ്ങളും നിർദേശങ്ങളുമെല്ലാം കോൺക്ലേവിൽ രേഖപ്പെടുത്തിയിരുന്നു. ജർമനിയിലെ ഫ്രാങ്ക്ഫുർടിൽനിന്ന് ഏതാണ്ട് ഒന്നരമണിക്കൂർ യാത്രയുള്ള ഫുൾഡ എന്ന യൂണിവേഴ്‌സിറ്റി ആശുപത്രിയിലാണ് കോൺക്ലേവ് നടക്കുന്നത്. മൂന്ന് ലൈവ് ശസ്ത്രക്രിയകളാണ് ഈ കോൺക്ലേവിൽ നടന്നത്.
ഹൃദയംമാറ്റിവെക്കുന്ന ഒരാളുടെ ആയുർദൈർഘ്യം എത്രയാകുമെന്ന് ഇതുവരെയുള്ള അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പറയാമോ ?
ഹൃദയം മാറ്റിവെച്ച ഒരാളുടെ ആയുർദൈർഘ്യം തീരുമാനിക്കപ്പെടുന്നത് പല കാര്യങ്ങളുടെയും അടിസ്ഥാനത്തിലാകും. ഒരേ രക്തഗ്രൂപ്പിലുള്ള ഒരാളുടെ ഹൃദയമാകും മാറ്റിവെക്കുന്നതെങ്കിലും അവയവദാതാവിന്റെ ക്ലിനിക്കൽ കണ്ടീഷൻ വളരെ പ്രധാനമായിരിക്കും. ഹൃദയം എടുക്കുമ്പോഴത്തെ പ്രവർത്തനക്ഷമത മുതൽ പലതും പരിശോധിക്കേണ്ടതുണ്ട്. ഹൃദയം മാറ്റിവെച്ചശേഷം 30 വർഷത്തിലേറെ ജീവിച്ചവർ പാശ്ചാത്യ രാജ്യങ്ങളിലുണ്ട്. നമ്മുടെ ഇവിടത്തെ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ ശരാശരി 20 വർഷത്തിലേറെ ആയുർദൈർഘ്യം ഉണ്ടാകേണ്ടതുണ്ട്. ഹൃദയം മാറ്റിവെച്ചശേഷം 14 വർഷം പിന്നിട്ട ശ്രുതിയും 13 വർഷം പിന്നിട്ട ഗിരീഷുമൊക്കെ നമ്മുടെ സന്തോഷമായി ഇവിടെയുണ്ട്. ഇതിൽ ഗിരീഷ് രണ്ടുതവണ ഹൃദയം മാറ്റിവെച്ച ഒരാളാണെന്നോർക്കണം. ഗിരീഷിലൂടെയാണ് ഇന്ത്യയിൽ ആദ്യമായി ഒരാളിൽ രണ്ടുതവണ ഹൃദയം മാറ്റിവെക്കുന്നത്. ഓരോ ഹൃദയങ്ങളും ഒരുപാട് കാലം ഇനിയും സ്പന്ദിക്കട്ടെയെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഹൃദയത്തിന്റെ ഒരു സ്പന്ദനംപോലും നഷ്ടപ്പെടുത്തരുത് എന്നാണല്ലോ ഈ വർഷത്തെ ലോക ഹൃദയദിനത്തിന്റെ സന്ദേശം.
ഹൃദയാരോഗ്യരംഗത്ത് കേരളത്തിന്റെ മുന്നേറ്റത്തെ ഡോക്ടർ എങ്ങനെയാണ് അടയാളപ്പെടുത്തുന്നത്
ഞാൻ ഇംഗ്ലണ്ടിൽനിന്ന് ഉപരിപഠനം കഴിഞ്ഞ് കേരളത്തിലെത്തുമ്പോൾ ഇവിടെ ആകെ രണ്ടോ മൂന്നോ കാത്ത്‌ലാബുകളും ഹൃദയശസ്ത്രക്രിയ ചെയ്യുന്ന ഒന്നോ രണ്ടോ യൂണിറ്റുകളും മാത്രമേയുണ്ടായിരുന്നുള്ളൂ. എന്നാൽ, ഇന്ന് 200-ഓളം കാത്ത്‌ലാബുകളും ഹൃദയശസ്ത്രക്രിയ ചെയ്യുന്ന 80-ഓളം ഓപ്പൺ ഹാർട്ട് സർജറി യൂണിറ്റുകളും കേരളത്തിലുണ്ട്. ഹൃദയ ചികിത്സാരംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ അടയാളം തന്നെയാണിത്. അതിനൊപ്പം അവയവദാനരംഗത്ത് കുറെക്കൂടി മാറേണ്ട പ്രശ്നംകൂടി പരിഹരിച്ചാലേ ഹൃദയാരോഗ്യരംഗത്ത് കേരളത്തിന് ഇനിയും ഏറെ മുന്നോട്ട് പോകാനാകൂ.
Content Highlights: Dr. Jose Chacko Periyappuram discusses his pioneering heart surgery work in Kerala, including the state's first heart transplant and ongoing challenges.
Published: 29 Sept 2026, 01:42 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented