'എന്താണ് കുഴപ്പം?'
 ഊരോ പേരോ ചോദിക്കാതെ ഒരു ടോക്കണും കൂടി ഒഴിവാക്കിവിടുന്ന ഭാവത്തില്‍ ഡോക്ടര്‍ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോള്‍ കുറച്ചെങ്കിലുമുണ്ടായിരുന്ന എന്റെ മാനസികാരോഗ്യം വീല്‍ച്ചെയറിലേക്ക് കയറിയിരിക്കാന്‍ വെമ്പുന്നത് ഞാനറിഞ്ഞു. കാര്യങ്ങള്‍ വളരെ സ്വകാര്യതയോടെ സംസാരിച്ച് കുറച്ചേറെ സാന്ത്വനങ്ങളും പോസിറ്റീവ് എനര്‍ജിയുമായി പുതിയൊരാളായി പോവാനല്ലേ ഞാന്‍...

To advertise here,

'പുറത്ത് കുറേപ്പേരുണ്ട്. നിങ്ങള്‍ പ്രശ്‌നം പറയൂ. എന്നാലേ എനിക്കെന്തെങ്കിലും എഴുതിത്തരാന്‍ പറ്റുള്ളൂ.'
അതുവരെ ഞാന്‍ കൂട്ടിവെച്ചിരുന്ന എന്റെ പ്രശ്‌നങ്ങളെല്ലാം ആവിയായിപ്പോവുന്നത് അറിഞ്ഞുകൊണ്ട് ഡോക്ടറുടെ മുന്നില്‍ത്തന്നെ ഇരിക്കുകയാണ് ഞാന്‍. 

'ഒരു കാരണവുമില്ലാതെ ഞാന്‍ കരഞ്ഞുകൊണ്ടേയിരിക്കുന്നു. എന്തിന്റെ കുറവാണെന്ന് എല്ലാവരും ചോദിക്കുന്നു. എല്ലാമുണ്ട്. പക്ഷേ സങ്കടം നിയന്ത്രിക്കാന്‍ പറ്റുന്നില്ല.' ഒരുവിധം പറഞ്ഞൊപ്പിക്കാന്‍ ശ്രമിച്ചത് ഇതായിരുന്നു. 
'കൂടെ വന്നതാരാണ്'. 
'ആരുമില്ല.'
'ഒറ്റയ്ക്കാണോ വന്നത്?' 
'അതേ. വേറെ ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.' 
'ഇത് സ്ഥലം വേറെയാണ്. ഒറ്റയ്‌ക്കൊന്നും വരാന്‍ പറ്റില്ല. നാളെ ഭര്‍ത്താവിനെയും കൂട്ടിയിട്ട് വരൂ. അയാളോടാണ് പറയാനുള്ളത്.' 
'അപ്പോള്‍ എന്നെ കേള്‍ക്കണ്ടേ.' 
'അതൊക്കെ കേട്ടോളാം. ഭര്‍ത്താവിനോട് വരാന്‍ പറയൂ.' 

ബസ്സിലിരിക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും മക്കളെ ഉറക്കുമ്പോഴും പിടിത്തം വിട്ടുകുതറിയോടുന്ന ചിന്തകള്‍ ഒഴുക്കിവിടുന്ന കണ്ണീരിനെ ഒന്നു വരുതിയില്‍ വരുത്തണമായിരുന്നു. അതിനുവേണ്ടി എന്തും സഹിക്കാന്‍ തയ്യാറാണ്.

ഇടത്തും വലത്തും നെഞ്ചിലും കിടന്നുറങ്ങാന്‍ വരുന്ന മക്കളുടെ കഥകള്‍ക്ക് മറുപടി കിട്ടാതാവുമ്പോള്‍ അവര്‍ കവിളില്‍ തപ്പി നനവ് തൊട്ടുനോക്കുന്നത് പതിവായി. പിന്നെ അവര്‍ മിണ്ടാതെ കിടക്കുകയായി. എത്രയേറെ സങ്കടം എന്നില്‍ നിന്നും പകര്‍ന്നെടുത്താണ് ഉറങ്ങുന്നതെന്ന് അവരുടെ ശ്വാസം പറഞ്ഞുതന്നു. ഉറക്കത്തില്‍ അവരെന്നെയോര്‍ത്ത് ഏങ്ങലടിക്കുന്നതായി സ്വപ്‌നം കണ്ട് ഞാന്‍ പിന്നെയും കരഞ്ഞു. 

എനിക്കിതിനൊരു അറുതി വേണമായിരുന്നു. 

'ഇതിന്റെയൊക്കെ എന്താവശ്യമാണുള്ളത്? എന്തെങ്കിലും മനസ്സിലുണ്ടെങ്കില്‍ എന്നോട് പറയരുതോ? ഞാനെന്തു കുറവാണ് വരുത്തിയിട്ടുള്ളത്.' പിറ്റേന്നത്തെ പോക്കില്‍ കാറിന്റെ വേഗതയിലുള്ള ഏറ്റക്കുറച്ചില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെങ്കില്‍പ്പോലും എനിക്ക് ഡോക്ടറെ കാണണമായിരുന്നു.

ജീവിതത്തിന്റെ ഭാഗമായിട്ടുള്ള എല്ലാവരും കൃത്യമായ ഇടവേളകളില്‍ വന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. 

'എന്തിന്റെ കുറവാണ് ഇവിടെയുള്ളത്.'

അമ്മ ഒരിക്കല്‍ ചോദിച്ചു. 'ഇപ്പോളത്തെ പെണ്ണുങ്ങള്‍ എന്തൊക്കെയോ കടക്കെണീല്‍ കുടുങ്ങുന്നുണ്ട്. നെനക്ക് അങ്ങനെ വല്ലതുണ്ടോ? ഉണ്ടേല്‍ പറ.'

എന്തുപറഞ്ഞാലും അബദ്ധമാവും. പറഞ്ഞതില്‍ പിന്നെയും പിടിച്ചുതൂങ്ങി പുതിയ സംഘര്‍ഷങ്ങള്‍ രൂപപ്പെടുന്നത് പതിവായതുകൊണ്ടും അമ്മയോട് ഒന്നും പറയാന്‍ നിന്നില്ല. 

'ഇവര്‍ക്ക് എത്രകാലമായി ഇങ്ങനെ സ്വഭാവമാറ്റം തുടങ്ങിയിട്ട്?' ഡോക്ടര്‍ സജിയെ നോക്കി. 
'സ്വഭാവമാറ്റമുണ്ടെന്ന് ആരു പറഞ്ഞു? എനിക്ക് തോന്നിയിട്ടില്ല.'
ഡോക്ടര്‍ എന്നെ നോക്കിയില്ല. 
'ചെറുപ്പകാലത്ത് എന്തെങ്കിലും ഹരാസ്‌മെന്റ് ഉണ്ടായിട്ടുണ്ടാവും. പറയാന്‍ മടിക്കുന്നതാണ്.' 
നിങ്ങളെന്നോട് അതേപ്പറ്റി ചോദിച്ചിരുന്നോ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷേ എന്നെക്കുറിച്ച് ഞാനുള്‍പ്പെടാത്ത വൈദ്യശാസ്ത്രനിഗമനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. 
'ടീനേജിലെ ഫെയ്‌ലിയര്‍ അഫയര്‍ ഇപ്പോഴും ഹോണ്ട് ചെയ്യാറുണ്ടോ, അതൊക്കെ ഡിസ്‌കസ് ചെയ്യുന്ന ആളാണോ?' 
ഡോക്ടര്‍ ഉണ്ടകള്‍ നിറയ്ക്കുന്നതിനനുസരിച്ച് വെടിവെച്ചുകൊണ്ടേയിരിക്കുകയാണ്. 
മിണ്ടാതിരിക്കുക തന്നെ. എന്റെ കരച്ചില്‍ ഒരു ഗദ്ഗദം പോലും പുറപ്പെടുവിക്കാന്‍ കഴിയാതെ തരിച്ചിരിക്കുകയാണ്. 
'ഇവര്‍ ബോര്‍ഡര്‍ലൈനിലാണ്. എക്‌സ്ട്രാ റിലേഷന്‍ഷിപ്പിലൊക്കെ ചെന്നുചാടും സൂക്ഷിക്കണം. മരുന്നെഴുതാം.'
'ഫീസ്...' സജി പെട്ടെന്ന് എഴുന്നേറ്റുകൊണ്ട് ചോദിച്ചു. 
ഡോക്ടര്‍ ഫീസ് പറഞ്ഞു. 

'അധികബന്ധങ്ങള്‍ നിയന്ത്രിക്കാനുള്ള മരുന്ന് കൊടുക്കുന്ന സ്ഥലമാണോ ഇതൊക്കെ?' സജി ചോദിച്ചത് എന്നോടാണെങ്കിലും കേട്ടത് ഞാന്‍ മാത്രമായിരുന്നില്ല. 

പുറത്തേക്കിറങ്ങുമ്പോള്‍ സജി കൈയില്‍ മുറുക്കിപ്പിടിച്ചു. മരുന്നുകള്‍ കൊടുത്ത വര്‍ഷങ്ങളുടെ ഉറക്കംതൂങ്ങുന്ന അനേകം ജോഡി കണ്ണുകള്‍ പുറത്ത് ആര്‍ക്കും മുഖം കൊടുക്കാതെ ടോക്കണുകള്‍ മുറുകെപ്പിടിച്ച് ഇരിക്കുന്നുണ്ടായിരുന്നു. കൂടെവന്നവരുടെ അശാന്തിയുടെ നിശ്വാസച്ചൂടേറ്റ് ഡോക്ടറുടെ വീടിനുചുറ്റും വെച്ചുപിടിപ്പിച്ച പിച്ചകവും പനിനീര്‍പ്പൂക്കളും ചെമ്പരത്തിയുമെല്ലാം കഴുത്തൊടിഞ്ഞാണ് വിരിഞ്ഞുനില്‍ക്കുന്നത്. 

'ഇതുപോലെയൊക്കെയാവണോ, അതിനൊക്കെയുള്ള സമയമുണ്ടോ കൈയില്‍. മക്കള് കാത്തിരിക്കുന്നില്ലേ?' സജി കൈയിലെ പിടിത്തം ഒന്നുകൂടി മുറുക്കി.

അന്നു രാത്രിയും മക്കള്‍ കഥ പറഞ്ഞു. കുറേയേറെ കേട്ടെന്നുതോന്നുന്നു. പിന്നീട് മനസ്സ് എവിടെയോ പോയി. കണ്ണുകള്‍ നീര്‍വാര്‍ച്ച തുടങ്ങി. ഇടയ്ക്കിടെ അവര്‍ തല പൊക്കിനോക്കി, കുഞ്ഞിവിരലുകള്‍ മുഖത്താകമാനം നനവു പരതി. ഇത്തിരിപ്പോന്ന കുഞ്ഞുടുപ്പുകള്‍ കൊണ്ട് മുഖം ആവുംവിധം തുടച്ചുതന്നു. അമ്മയുറങ്ങാനായി കാലുകളുഴിഞ്ഞും പുറത്തുതട്ടിയും മുടിയില്‍ മസാജ് ചെയ്തും ഉറങ്ങാതെയിരിക്കാന്‍ അവര്‍ ശ്രമിച്ചു. എന്റെ കാല്‍ച്ചുവട്ടിലും നെഞ്ചിലും കൈത്തണ്ടയിലും ഉറങ്ങി കുഴഞ്ഞുവീണപ്പോഴും ഇടയ്ക്കിടെ ഞെട്ടിയെഴുന്നേറ്റ് അവര്‍ കണ്ണുകള്‍ തുടച്ചുതന്നു. കരയാതിരിക്കാന്‍ അവര്‍ പറഞ്ഞ കഥകള്‍, പറയാന്‍ ശ്രമിച്ച തമാശകള്‍, പറ്റിയ അബദ്ധങ്ങള്‍, സ്‌കൂളിലെ കൂട്ടുകാരെക്കുറിച്ചുള്ള കെട്ടുകഥകള്‍.. ഒന്നും മുഴുവനായും കേട്ടില്ലല്ലോ...

കത്തുമ്പോള്‍ ഫുള്‍വോള്‍ട്ടില്‍ കത്തിക്കൊണ്ടേയിരിക്കുകയും കെട്ടുപോവുമ്പോള്‍ പുകപോലുമില്ലാതെ ബാക്കിയാവുകയും ചെയ്തുകൊണ്ട് മാസങ്ങളും വര്‍ഷങ്ങളും പിന്നെയുമങ്ങനെ പോയി. 

ബസ്സില്‍ സീറ്റുകിട്ടിയാലും ഇരിക്കാതായി. സ്വന്തമായി ഒരിത്തിരി നേരം കിട്ടിയാല്‍ പിടിത്തം വിട്ടുപോവുകയാണ്. ചിന്തകള്‍ ആഴ്ത്തിപ്പാടം പോലെയാണ്. ആളുകളെ പറ്റിക്കാന്‍ മേലേ പച്ചപ്പും ഹരിതാഭയും വാരിവിതറും. അതുകണ്ട് ഇറങ്ങാന്‍ നോക്കിയാല്‍ നിലയില്ലാക്കയത്തിലെ ശ്വാസംകിട്ടാ ചെളിപ്പാടത്തിലേക്ക് ആറാള്‍ത്താഴ്ചയില്‍ മുങ്ങിത്താഴും. തിരിച്ചുകയറാനായെന്നുവരില്ല. മുങ്ങിത്താണുപോയി എന്ന് ആരും അറിയുകയുമില്ല. അത്രയ്ക്കും കട്ടിക്കനത്തില്‍ പച്ചപ്പ് ആ താഴ്ചയെ മറച്ചുവെച്ചുകളയും. പച്ചപ്പുല്ലിനുമേല്‍ മത്സരിച്ച പൂത്തുവിടര്‍ന്ന ഇളം വയലറ്റ് പൂക്കളാല്‍ മറച്ചുവെച്ച ആഴ്ത്തിപ്പാടം പോലെ മറ്റുള്ളവരുടെ മുന്നില്‍ മനോഹരമായ കാഴ്ചയായി നിറഞ്ഞുനില്‍ക്കാന്‍ വളരെപ്പെട്ടെന്നു കഴിയുമായിരുന്നു. അപ്പോഴും അകലെനിന്ന് തീവണ്ടിയുടെ ചൂളം വിളികേള്‍ക്കുമ്പോള്‍ മനസ്സ് ആ ചക്രങ്ങളിലേക്കോടി പറ്റിപ്പിടിച്ചുകിടക്കുന്നതെനിക്ക് കാണാമായിരുന്നു. 

പണ്ടെങ്ങോ കുരുങ്ങിക്കിടന്നൊരു കരച്ചില്‍ പുറത്തേക്കെടുത്ത് ഛര്‍ദ്ദിക്കാനുള്ളതുപോലെ പലപ്പോഴും തോന്നി. മുന്നിലിരിക്കുന്ന സ്ത്രീയെ അധികബന്ധങ്ങളില്‍ നിന്നും രക്ഷിച്ച് കുലസ്ത്രീ പരമ്പരകളിലേക്ക് ആനയിച്ചിരുത്താന്‍ ശ്രമിച്ച ആ ഡോക്ടറെപ്പോലുള്ള ആളെത്തന്നെയായിരിക്കുമോ ഇനിയും കാണേണ്ടിവരിക എന്ന പേടിയാല്‍ ഡോക്ടറാശ്രയം എന്ന കാര്യത്തില്‍ ഏറെക്കുറേ തീരുമാനമായിരുന്നു.  

തൊണ്ടയില്‍ കുരുങ്ങിക്കിടക്കുന്ന ആ കരച്ചില്‍ ഏതുകാലത്തേതായിരുന്നു? അടുക്കളയില്‍ നിന്നും പാത്രങ്ങള്‍ അമ്മ പുറത്തേക്കുപറക്കുന്ന രാത്രികളില്‍, മാസാന്ത സന്ദര്‍ശനത്തിനുവന്ന അച്ഛന്‍ ഉമ്മറത്ത് തൊണ്ടയില്‍ സിമന്റുകുഴച്ച് അടച്ചമാതിരി കസേരയില്‍ ഇരിക്കുമ്പോള്‍ ബഹളമൊന്ന് ശമിക്കണേ എന്നു പ്രാര്‍ഥിക്കുകയേ വേണ്ടിയിരുന്നുള്ളൂ, കടുത്ത തലവേദനയുടെയും ഛര്‍ദ്ദിയുടെയും രൂപത്തില്‍ രാത്രിയെന്നെ ആശിര്‍വദിച്ച് കിടത്തി. അച്ഛനുമമ്മയും ഇടത്തുംവലത്തുമിരുന്ന് വിശറികൊണ്ട് വീശി വിയര്‍ത്തുകുളിക്കുന്ന എന്നെ നോക്കി മിണ്ടാതെയിരുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്വത്തുതര്‍ക്കം കാര്‍ഗില്‍ സംരക്ഷണമേഖലയിലെ കൈതച്ചക്കയായും ശീമക്കൊന്നയായും കടച്ചക്കയായും ചേലന്‍ മാവായും അതിര്‍ത്തിയില്‍ വന്ന് കാലപ്പഴക്കം വന്ന വായ്പ്പുണ്ണുപോലെ ഇടയ്ക്ക് പഴുത്തും ചീഞ്ഞും രണ്ടുസഹോദരങ്ങള്‍ക്കിടയില്‍ ഒഴിഞ്ഞുപോവാതെ നിലയുറപ്പിച്ചപ്പോള്‍ അതിലൊന്ന് അമ്മയാണല്ലോ എന്ന ആധി നേരമില്ലാ നേരത്തും നെഞ്ചിലേക്ക് കയറി വന്ന് മിടിപ്പ് കൂട്ടി ശ്വാസത്തില്‍ പിടിമുറുക്കി. കരച്ചില്‍ അപ്പോഴും തൊണ്ട പുറത്തേക്കുവിട്ടില്ല. പക്ഷേ, ഓര്‍മകള്‍ പിന്നോക്കം മാറാന്‍ കൂട്ടാക്കാതെ എല്ലാ സന്തോഷവേളകളിലും കുളിമുറിക്കകത്തുകയറി മാടിവിളിച്ചു. എന്തൊരു ദുര്യോഗമാണിത്! 

ഡോപമിന്‍, തലച്ചോറ്, ലിബിഡോ, സിറോടോണിന്‍...ഞാനറിയാത്ത ഒരുപാടാളുകള്‍ തലയ്ക്കകത്തുനിന്നും വട്ടം വട്ടം നാരങ്ങാ കളിച്ചു. ഞാനുമായി വളരെയടുത്ത സര്‍ക്കിളില്‍ നിന്നവരെല്ലാം വട്ടം വട്ടം നാരങ്ങയുടെ ഇരകളായിത്തുടങ്ങി. ഇട്ടിട്ടുപോകാന്‍ കഴിഞ്ഞവര്‍ അങ്ങനേ പോയി. തൊണ്ടയില്‍ പഴുത്തതാണ് എന്നറിഞ്ഞവര്‍ക്ക് ഇറക്കുകയല്ലാതെ നിവൃത്തിയില്ലായിരുന്നു. അതിനിടയില്‍ കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്തവര്‍ അടുക്കാനും അകലാനുമാവാതെ എവിടെയൊക്കെയോ ചുറ്റിപ്പറ്റി നിന്നു. ഡോക്ടര്‍ പറഞ്ഞ ആ അധികബന്ധം സ്ഥാപിക്കാന്‍ ഒരുത്തനും വന്നതുമില്ല. കഷ്ടംതന്നെ കാര്യങ്ങള്‍. 

ആയിടയ്ക്കാണ് ആംബുലന്‍സിന് സൈഡുകൊടുത്തില്ലെന്നും പറഞ്ഞ് ഡ്രൈവര്‍ പച്ചത്തെറി പറഞ്ഞത്. റോങ് സൈഡാണെന്നും പറഞ്ഞ് പോലീസ് സൈഡാക്കാന്‍ പറഞ്ഞത്. ഇടത്തോട്ടു തിരിയുമ്പോള്‍ ഇന്റിക്കേറ്റര്‍ ഇട്ടില്ലെന്നും പറഞ്ഞ് പിറകില്‍ ഒരു കാറുകാരന്‍ ലോകം ഞെട്ടുമാറുച്ചത്തില്‍ ബ്രേക്കിട്ടുനിര്‍ത്തി പിതൃപരമ്പരകളെ തെറിവിളിച്ചത്. വണ്ടിയോടിക്കുകയാണെന്ന കാര്യം മറന്നുപോയെന്ന് അവരോടൊക്കെ പറയണമെന്നുണ്ടായിരുന്നു. എത്തേണ്ട സ്ഥലവും കഴിഞ്ഞ് യാത്ര തുടര്‍ന്നുകൊണ്ടിരിക്കുന്ന എന്നോട് ഞാനെന്തുപറയാനാണ്!

അതിനിടയില്‍ ജോലിയിടത്തിലും എഴുത്തിടത്തിലും നല്ലതുമാത്രം സംഭവിച്ചുകൊണ്ടേയിരുന്നു. നല്ല അഭിമുഖങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എഴുതിയ കഥകള്‍ക്ക് അഭിപ്രായങ്ങള്‍ ഒറ്റയ്ക്കും കൂട്ടമായും ലഭിച്ചു. തിരക്കഥയെഴുതിയ സിനിമ പുറത്തിറങ്ങി. പക്ഷേ, പലവട്ടം പലമട്ടില്‍ പെരുമാറിക്കൊണ്ടേയിരിക്കുന്ന എന്നെ സഹിക്കുന്നവര്‍ അത് മുഖത്തു പ്രകടിപ്പിക്കാതെ പരമാവധി ശാന്തി പുലര്‍ത്താന്‍ തത്രപ്പെടുകയായിരുന്നു. മൂഡുനോക്കി സംസാരിക്കേണ്ട ഗതികേട് ഒപ്പം കഴിയുന്നവര്‍ക്ക് വന്നുചേരുക എന്നതില്‍പ്പരം ദുരോഗ്യം വേറെയില്ല. പക്ഷേ ഞാനതൊന്നും അറിയാതെ അതേ തെങ്ങില്‍ത്തന്നെ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. എന്നിരുന്നാലും ദിവസവും കരയാന്‍ ഒരു കാരണം കിട്ടണമായിരുന്നു. അപകടമരണങ്ങളും ചരമക്കുറിപ്പുകളും തികയാതെ വന്നപ്പോള്‍ നാളെ എന്നെ വിട്ടുപോവുന്നവരെയോര്‍ത്തും കരച്ചില്‍ തുടങ്ങി. കരച്ചില്‍ ഒരു ശല്യമായി മാറിയപ്പോഴാണ് സഹപ്രവര്‍ത്തക അനു സോളമന്‍ ഒരു പിടിത്തം പിടിച്ചത്. ആ പിടിത്തം അവള്‍ വിടുമ്പോള്‍ ഞങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റ് ഡോ. വര്‍ഷയുടെ മുമ്പില്‍ ഇരിക്കുകയായിരുന്നു. അനുവാണ് സംസാരിച്ചത്. ഞാന്‍ ഡോക്ടറെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. അവര്‍ എന്റെ വിഷയം ശ്രദ്ധിച്ച് സൂക്ഷിച്ച് കേള്‍ക്കുകയാണ്. നല്ലൊരു ശ്രോതാവ്! 

ഡോ. വര്‍ഷ പറഞ്ഞപ്പോള്‍ മാത്രമേ ഞാനാ യാഥാര്‍ഥ്യം അംഗീകരിക്കാന്‍ തയ്യാറായുള്ളൂ. കാല്‍സ്യം കുറയുന്നതുപോലെ സിറോടോണിന്‍ കുറഞ്ഞതാണ്. പ്രഷറും ഷുഗറും കുറയുന്നതുപോലെ തന്നെ കണ്ടാല്‍ മതി. ശരീരം നോക്കുന്നവര്‍ക്ക് മനസ്സും കൂടി നോക്കിയാല്‍ എന്താണ് കുഴപ്പം? ഒരു കുഞ്ഞുഗുളിക കുറച്ചുമാസത്തേക്ക് ദിവസം ഒന്നുവീതം കഴിക്കണം. അപ്പോഴും സംശയങ്ങള്‍ ബാക്കിയായിരുന്നു, സ്ഥിരം മരുന്നുകഴിക്കണ്ടേ? ഒരു മാനസികരോഗിയായിപ്പോവുമോ? ഗുളിക കഴിക്കാന്‍ ഒരുദ്ദേശ്യവുമില്ല എന്നത് എന്റെ ശരീരഭാഷയില്‍ പ്രകടമായിരുന്നു. ഡോക്ടര്‍ക്ക് അത് മനസ്സിലാവുകയും ചെയ്തിരുന്നു. 

ശരീരത്തില്‍ ഒരു പഴുപ്പ് വന്നാല്‍ പഴുപ്പ് ഉണങ്ങണ്ടേ? അവര്‍ ചോദിച്ചു. കാലപ്പഴക്കം ചെന്നാല്‍ കൂടുതല്‍ക്കാലം നമ്മള്‍ ചികിത്സിക്കേണ്ടി വരില്ലേ?

പുറത്തേക്കിറങ്ങുമ്പോള്‍ അനു ചോദിച്ചു: 'ഇതിപ്പോ ലൈംഗികാരോഗ്യമായിരുന്നേല്‍ നീയെന്തുചെയ്യുമായിരുന്നു? ഉറപ്പായും മരുന്ന് കഴിക്കും.' മറുപടിക്ക് 
രണ്ടാമതൊരാലോചനയില്ലായിരുന്നു. 'എന്നാല്‍ ഇതും അത്രയ്ക്കും അത്യാവശ്യമുള്ള ആരോഗ്യമായി കണ്ടാല്‍ മതി. നിന്നെ സഹിക്കാന്‍ വല്യ പാടാണ്. നിന്റെ മട്ടും മൂഡും നോക്കി പെരുമാറാനൊന്നും ഇവിടാര്‍ക്കും നേരമില്ല. അവനവന് വേണേല്‍ നന്നായിക്കോ. നീ വല്ല ട്രെയിനിനും തലവെച്ചാല്‍ ലോകം സ്തംഭിക്കുകയൊന്നുമില്ല. നിനക്ക് പോയി. അത്രതന്നെ.' 

ഗുളിക ഒരു സ്ട്രിപ്പ് അനു വാങ്ങി വെച്ചു. മറന്നുപോയി എന്ന ഒഴിവുകഴിവ് അവള്‍ ഗുളികയും ഗ്ലാസും നീട്ടി നികത്തി. ഗുളിക കഴിച്ചയുടന്‍ നീണ്ട 
ഉറക്കത്തിലേക്ക് വഴുതി വീഴുമെന്നും രാവും പകലുമറിയാതെ ഉറങ്ങുമെന്നും, ശരീരം തടിച്ച് ചീര്‍ത്ത് ഒരു പൊണ്ണച്ചാക്കുപോലാവുമെന്നും, നിര്‍ത്താതെ ഭക്ഷണം വലിച്ചുവാരി കഴിക്കുമെന്നുമൊക്കെ കുറേയേറെ ആധിപ്പെട്ടതു മിച്ചം. ആധിപ്പെട്ടതില്‍ ഒന്നുപോലും സംഭവിച്ചില്ല. എനിക്ക് പുഞ്ചിരിക്കാന്‍ കഴിയുന്നു. മുഖത്തെ പേശികള്‍ മുറുക്കം വിട്ട് പതുക്കെ വിടര്‍ന്നു. കണ്ണുകള്‍ തോര്‍ച്ച നിര്‍ത്തി. കാതില്‍ അത്രയും കാലം മൂളിക്കൊണ്ടിരുന്ന വണ്ടുകള്‍ മടങ്ങിപ്പറന്നു. അകത്തേ കാണാപ്പഴുപ്പ് പതുക്കെ ഉണങ്ങിത്തുടങ്ങി, മാസങ്ങളെടുത്തെങ്കിലും...

ഇപ്പോഴും പുറത്ത് വെയിലില്ലാത്ത ദിനങ്ങളില്‍ അകമേ മൂടിക്കെട്ടുകള്‍ രൂപപ്പെടുകയും മുഖം ഇരുട്ടിലേക്ക് കൂപ്പുകുത്തുകയും ചെയ്യുന്നത് ഞാനറിയാറുണ്ട്. സിറോടോണിന്‍ ഇടയ്ക്ക് കുറഞ്ഞുപോകുന്നത് എനിക്കറിയാന്‍ കഴിയുന്നുണ്ട്. പരിഹാരമുള്ള ഒരു പ്രശ്‌നമായി ഞാന്‍ മാറിക്കഴിഞ്ഞിരിക്കുന്നു. അവസ്ഥ തിരിച്ചറിയാനേ പ്രയാസമുള്ളൂ, അതിജീവിക്കാന്‍ എളുപ്പമാണ് എന്ന് ഞാനെന്നെ പഠിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. എങ്കിലും എന്നെ കേട്ടിരിക്കാന്‍ ഒരാള്‍...