ജെൻ സീ. സാങ്കേതികവിദ്യയുടെ കുതിച്ചുചാട്ടത്തിന്റെ ഇടയിൽ ജനിച്ച തലമുറ. നമ്മുടെ സാമൂഹികഘടനയിലും സാമ്പത്തികസ്ഥിതിയിലും മാറ്റംവന്ന അവസ്ഥയിൽ ജനിച്ച കുട്ടികൾ, കൂട്ടുകുടുംബം എന്നത് സിനിമയിൽമാത്രം കണ്ടു പരിചയിച്ചവർ, സഹോദരരായി ഒന്നോ ഏറിയാൽ രണ്ടോ ഉള്ള അണുകുടുംബത്തിലെ സന്തതികൾ, സ്വന്തമായി കിടക്കയും എന്തിനു മുറിയും ഉള്ളവർ, പുത്തൻ വസ്ത്രങ്ങളും പുസ്തകങ്ങളുംമാത്രം കണ്ടു പരിചയിച്ചവർ, ഗാഡ്‌ജറ്റ്സിന്റെ മായികലോകത്തിലേക്ക് കുട്ടിക്കാലംമുതൽ ആകർഷിക്കപ്പെട്ടവർ, സ്കൂൾ ബസിലോ സ്വന്തം വാഹനത്തിലോമാത്രം സ്കൂളിലേക്ക് യാത്രചെയ്യുന്നവർ, മാതാപിതാക്കളുടെ മുഴുവൻ സമയവും ശ്രദ്ധയും നിരീക്ഷണവും നേരിടേണ്ടവർ, മുതിർന്നവർക്ക് അജ്ഞാതവും നിഗൂഢവുമായ വ്യക്തിബന്ധങ്ങളും ഭാഷയുമുള്ളവർ, പ്രതീക്ഷയുടെ അമിതഭാരം പേറുന്നവർ, മാത്സര്യത്തിന്റെ തീച്ചൂളയിൽ എരിയുന്നവർ, എന്നിങ്ങനെ പല വിശേഷണങ്ങൾ !!

To advertise here,

മറ്റേത് കാലഘട്ടത്തെക്കാളേറെ മാനസിക പിരിമുറുക്കം അനുഭവിക്കുന്നതാണ് തലതെറിച്ചവരെന്നും മോശക്കാരെന്നും നാം വിശേഷിപ്പിക്കുന്ന ഈ തലമുറ. ഈ പ്രായത്തിലുള്ള കുട്ടികളിൽ നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്. 18-നും 24-നും ഇടയിൽ പ്രായമുള്ള കുട്ടികളിൽ ഏകദേശം 42 ശതമാനം ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉള്ളവരാണ്.

85 ശതമാനം പേരും തങ്ങളുടെ ഭാവിയെക്കുറിച്ച് ഉത്‌കണ്ഠാകുലരാണ്. എപ്പോഴും ഫോണിലാണെന്ന് ആരോപിക്കപ്പെടുന്ന ഈ കൂട്ടർ തങ്ങളുടെ പ്രശ്നങ്ങൾ തുറന്നുപറയാൻ തിരഞ്ഞെടുക്കുന്നത് കൂട്ടുകാരെ മാത്രമാകും. പല കൂട്ടുകാരും ഫോണിലൂടെ പരിചയപ്പെട്ട അപരിചിതരാകാനും സാധ്യതയുണ്ട്. ചെറിയശതമാനം തങ്ങളുടെ മാതാപിതാക്കളോടും സഹോദരങ്ങളോടും പ്രയാസങ്ങളെക്കുറിച്ച് പറയാറുണ്ടത്രേ. വേണ്ടത്ര നല്ല സൗഹൃദങ്ങൾ ഇല്ലാതാകുമ്പോഴും തങ്ങളനുഭവിക്കുന്ന ഒറ്റപ്പെടലിൽനിന്നുള്ള മോചനത്തിനായും പാഠ്യേതര പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ലഹരിക്കടിമപ്പെടുകയും ചെയ്യും.

ജെൻ സീയുടെ പ്രധാന മാനസികപ്രശ്നങ്ങളായി കണക്കാക്കുന്നത് ഉത്‌കണ്ഠയും വിഷാദരോഗവും വ്യക്തിത്വ വൈകല്യങ്ങളും തന്നെ. കൂടാതെ എഡിഎച്ച്ഡി, പിടിഎസ്ഡി, ലഹരിയുപയോഗം എന്നിവ. ഇത്രയേറെ പ്രശ്നങ്ങൾ ഉള്ള ഈ കൂട്ടരിൽ ശരിയായ വൈദ്യസഹായം തേടുന്നവർ തുലോം കുറവാണ്. വിശപ്പില്ലായ്മ, ഉറക്കക്കുറവ്, അമിതഭക്ഷണം എന്നിവയും കണ്ടുവരുന്നു.

ലഹരി ഉപയോഗവും സ്വയംഹിംസയും ഒക്കെ ഇതിന്റെ പരിണതഫലമാണെന്ന് വേണമെങ്കിൽ പറയാം. സാമ്പത്തികസുസ്ഥിരത ഇല്ലാത്ത ഈ കൂട്ടർ പണം സമ്പാദനത്തിനായി കുത്സിത പ്രവർത്തനങ്ങളിലും അക്രമങ്ങളിലും ലഹരിയുടെ വ്യാപനങ്ങളിലും ഉൾപ്പെടാറുണ്ട്. തങ്ങളിൽ നിറഞ്ഞുതുളുമ്പുന്ന വൈകാരിക സംഘർഷങ്ങളെ നേരിടാനായി അവർ സ്വയം കണ്ടെത്തുന്ന മാർഗങ്ങളാണ് സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിൽ എത്തപ്പെടുന്നത് എന്ന് നാം ചേർത്ത് വായിക്കണം.

പരിഹാരമെന്ത് ?

സ്കൂൾ, കോളേജ് കാലഘട്ടങ്ങളിലെ കുട്ടികളെ ശരിയാംവണ്ണം മനസ്സിലാക്കാനും അവരുടെ സമ്മർദങ്ങളെ അതിജീവിക്കാനും സഹായകരമാകുംവിധം നമ്മുടെ അധ്യാപകരെയും രക്ഷിതാക്കളെയും സജ്ജരാക്കുകയാണ് വേണ്ടത്. കുട്ടിക്ക് ഏതെങ്കിലും വിധത്തിലുള്ള കുഴപ്പമുണ്ടെന്ന് മനസ്സിലാക്കി ശരിയായ മാർഗത്തിൽ ചികിത്സ തേടണം. . പലപ്പോഴും മനോരോഗ വിദഗ്ധർക്കുമാത്രമേ കുട്ടിയുടെ അടിസ്ഥാനപ്രശ്നം എന്താണെന്ന് മനസ്സിലാക്കാൻ കഴിയുകയുള്ളൂ. നമ്മൾ വിദഗ്ധർ എന്ന് കരുതി സമീപിക്കുന്ന പലരും ഈ മേഖലയിൽ ഒരു പഠന യോഗ്യതയും ഇല്ലാത്തവരാകും എന്നും മറക്കരുത്. ഒരാൾക്ക് പ്രശസ്തി ഉണ്ടെന്നോ, അധികാര സ്ഥാനത്ത് ഇരിക്കുന്നവരാണ് എന്നതുകൊണ്ടോ, മത, സാമുദായിക, രാഷ്ട്രീയ നേതൃത്വത്തിലുള്ളതുകൊണ്ടോ, മാനസിക ആരോഗ്യത്തിൽ വിദഗ്ധരാണെന്ന് തെറ്റിദ്ധരിക്കരുത്. ഗൂഗിൾ നോക്കിയുള്ള ചികിത്സയും രോഗനിർണയവും പലപ്പോഴും ഉപകാരപ്പെടുകയുമില്ല. എന്നാൽ, ഓൺലൈൻ സപ്പോർട്ട് പ്രയോജനപ്പെടുത്താനാകും.

(എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സൈക്യാട്രിസ്റ്റാണ് ലേഖിക)